അമിത് ഷായ്ക്ക് പറക്കാൻ വീണ്ടും അനുമതി നിഷേധിച്ച് ബംഗാൾ

mamta sha
SHARE

കൊൽക്കത്ത ∙ ബിജെപി–തൃണമൂൽ കോൺഗ്രസ് വാക്‌പോരിനു മൂർച്ച കൂട്ടി അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങാൻ ബംഗാൾ സർക്കാർ അനുവാദം നിഷേധിച്ചു; ജാദവ്‌പുർ മണ്ഡലത്തിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പു റാലി ബിജെപി റദ്ദാക്കി. 2–ാം തവണയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറങ്ങാൻ ബംഗാൾ സർക്കാർ അനുമതി നിഷേധിക്കുന്നത്.

ജാദവ്‌പുർ മണ്ഡലത്തിലെ ബറൂയിപുരിൽ നിശ്ചയിച്ച റാലിയിൽ പങ്കെടുക്കാനാണ് അമിത് ഷാ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുമതി തേടിയത്. പൊതുമരാമത്തുവകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ ഹെലികോപ്റ്റർ ഇറങ്ങാൻ പാടില്ലെന്നു ജില്ലാ ഭരണകൂടം നിർദേശിച്ചു. തൃണമൂൽ നേതാക്കളുടെയും സർക്കാരിന്റെയും സമ്മർദത്തിനു വഴങ്ങിയാണ് ഉദ്യോഗസ്ഥർ ഈ തീരുമാനമെടുത്തതെന്നു ബിജെപി ആരോപിച്ചു.

sha
ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ അമിത് ഷായുടെ റാലി നടക്കേണ്ടിയിരുന്ന മൈതാനത്ത് അദ്ദേഹത്തിന്റെ ചിത്രവുമായി ബിജെപി പ്രവർത്തകർ.

എന്നാൽ, പരിപാടിക്ക് ആളുകുറയുമെന്നു പേടിച്ചാണു ബിജെപി റാലി റദ്ദാക്കിയതെന്നു തൃണമൂൽ നേതാക്കൾ തിരിച്ചടിച്ചു. സംഭവത്തെത്തുടർന്നു ബറൂയിപുരിൽ ബിജെപി – തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ജനുവരിയിൽ ഷായുടെ ഹെലികോപ്റ്റർ മാൽഡ വിമാനത്താവളത്തിൽ ഇറങ്ങാനും ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

സംഭവത്തിനു പിന്നാലെ, ജോയ്നഗറിൽ നടന്ന റാലിയിൽ മമതയെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. ‘അവർക്കെന്നെ തടയാനാകും. പക്ഷേ, ബിജെപിയുടെ ജയം തടയാൻ കഴിയില്ല.

 ജയ് ശ്രീറാം മുഴക്കുന്നവരോട് അവർക്കു ദേഷ്യമാണ്. ഞാൻ ജയ് ശ്രീറാം വിളിക്കും. എന്നെ അറസ്റ്റ് ചെയ്യാൻ മമതയ്ക്കു ധൈര്യമുണ്ടോ?’–ഷാ ചോദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA