ADVERTISEMENT

ബിജെപിയോട് സന്ധിയില്ല; കോൺഗ്രസിനോട് ആകാം: ടിആർഎസ്

ന്യൂഡൽഹി ∙ കോൺഗ്രസിതര സർക്കാർ എന്ന പ്രഖ്യാപിത നിലപാട് മയപ്പെടുത്തി കെ.ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി. കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണ ‌സ്വീകരിക്കാമെന്നു വ്യക്തമാക്കിയ ടിആർഎസ്, ബിജെപിയുമായി സന്ധിയില്ലെന്ന നിലപാടിലാണ്.

ബിജെപി ഇതര സർ‌ക്കാരെന്നു കോൺഗ്രസ് ‌ആവർത്തിക്കുന്നതിനിടെ, ടിആർഎസ് നിലപാട് സർക്കാർ രൂപീകരണ നീക്കങ്ങളിൽ നിർ‌ണായകമാവും. കോൺഗ്രസുമായി ചർച്ചയ്ക്കു തയാറാണെന്നും ‌ടിആർസ് വക്താവ് വ്യക്തമാക്കിയി‌ട്ടുണ്ട്.

ഇതിനിടെ, വോട്ടെണ്ണലിനു മുൻപു തന്നെ യോഗം വിളിച്ചു പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കം ടിആർഎസ് ഉപേക്ഷിച്ചേക്കും. ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു മുൻകയ്യെടുത്തു യോഗം വിളിക്കുന്ന പശ്ചാത്തലത്തിൽ കുറച്ചുകൂടി കാത്തിരുന്നാവും കെസിആർ നീക്കം. ഇതേസമയം, അനൗദ്യോഗിക ആശയവിനിമയം ‌ തുടരും.

കോൺഗ്രസിനെ ഒഴിച്ചു നിർത്തിയുള്ള നീക്കങ്ങൾക്കില്ലെന്നു ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ അറിയിച്ചതു ടിആർഎസ് മനംമാറ്റത്തിനു വഴിയൊരുക്കുമെന്നാണ് സൂചന. 

കോൺഗ്രസിനും ബിജെപിക്കും ബദലായി സംയുക്ത മുന്നണിയെന്ന ആശയ‌വുമായി സജീവമായി രംഗത്തുള്ള ടിആർഎസ്, ഇതാദ്യമായാണ് കോൺ‌ഗ്രസ് പിന്തുണ സ്വീകരിക്കുന്നതു സംബന്ധിച്ച് അനുകൂല നിലപാടു പറയുന്നത്.

ടിആർഎസ് കണക്കുകൂട്ടൽ

കോൺഗ്രസ് 200 ന് അടുത്തെത്തിയില്ലെങ്കിൽ യുപിഎയിലെ ഉറച്ച കക്ഷിയായ ഡിഎംകെ അടക്കം മൂന്നാം മുന്നണിയുടെ ഭാഗ‌മാകും. യുപിയിലെ എസ്പി –ബിഎസ്പി, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, ദേശീയ സാഹചര്യങ്ങൾ പരിഗണിച്ചു കർണാടകയിൽനിന്നു ജെഡിഎസ് എന്നിവയെ ചേർത്ത് സഖ്യമുണ്ടാക്കാൻ കഴിയും. സിപിഎം, സിപിഐ എന്നിവരെയും ഒപ്പം ചേർക്കാനായേക്കും.

ടിആർഎസ് ഫോർമുല ഇങ്ങനെ

സംയുക്തമുന്നണിയെന്നതാവും രൂപം. പ്രാദേശിക പാർ‌ട്ടികൾ തന്നെയാവും ഡ്രൈവിങ് സീറ്റിൽ. അവരിൽനിന്നു പൊതുസമ്മതനായ ഒരാളാവും പ്രധാനമന്ത്രി. ബിജെപിയുമായി സന്ധിയില്ല. 

പിന്തുണ നൽകാനു‍‍ം സ്വീകരിക്കാനുമില്ല. മറ്റു പ്രാദേശിക കക്ഷികൾക്കും ഇതേ അഭിപ്രായമാണ് – ടിആർഎസ് വക്താവ് ആബിദ് റസൂൽ ഖാൻ വ്യക്തമാക്കി.

കോൺഗ്രസിനൊപ്പം, രാഹുൽ പ്രധാനമന്ത്രി : ഡിഎംകെ

ചെന്നൈ∙ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ചെന്നൈയിലെത്തി സ്റ്റാലിനെ കണ്ടതിനു പിന്നാലെ, രാഷ്ട്രീയ വൃത്തങ്ങളിൽ ഉദ്വേഗമുണർത്തി ഡിഎംകെ ട്രഷറർ ദുരൈമുരുഗൻ അമരാവതിയിലെത്തി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി. തികച്ചും വ്യക്തിപരമായ സന്ദർശനമെന്ന് ഡിഎംകെ കേന്ദ്രങ്ങൾ വിശദീകരിച്ചെങ്കിലും അങ്ങനെയല്ലെന്നാണ് സൂചന. മകനും പണമൊഴുക്കിനെത്തുടർന്നു തിരഞ്ഞെടുപ്പു മാറ്റിവച്ച വെല്ലൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയുമായ കതിർ ആനന്ദും ഒപ്പമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസ് കൂടി ഉൾപ്പെടുന്ന മുന്നണി സംവിധാനം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണു ചന്ദ്രബാബു നായിഡു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയതു ചന്ദ്രബാബു നായിഡു കൂടി പങ്കെടുത്ത വേദിയിലായിരുന്നു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നിലപാടിൽ മാറ്റമില്ലെന്നു പ്രഖ്യാപിക്കുകയാണു ദുരൈമുരുഗന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com