‘സീറ്റു കുറഞ്ഞാൽ പ്രധാനമന്ത്രി പദം വിട്ടു നൽകും; ലക്ഷ്യം മോദിയുടെ പതനം’

sonia-gandhi-rahul-mamata-banerjee
SHARE

ന്യൂഡൽഹി ∙ ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എൻഡിഎയിലും യുപിഎയിലും നിലവിൽ ഇല്ലാത്ത മൂന്നാം കക്ഷികളെ ഒപ്പം നിർത്തി ‘യുപിഎ പ്ലസ്’ വിശാല സഖ്യത്തിനു രൂപം നൽകാൻ കോൺഗ്രസ്. ഇരു മുന്നണികളിലുമില്ലാത്ത കക്ഷികളെ ബിജെപി വിരുദ്ധ ചേരിയിൽ ഉറപ്പിച്ചു നിർത്താൻ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ടു രംഗത്തിറങ്ങിയതോടെ, യാഥാർഥ്യബോധത്തോടെയുള്ള രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി.

130 – 140 സീറ്റ് ഒറ്റയ്ക്കു നേടിയാൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന അവകാശവാദം പ്രതിപക്ഷ കക്ഷികൾക്കു മുന്നിൽ കോൺഗ്രസ് വയ്ക്കും. സ്വന്തം സീറ്റ് നില 100 – 110ൽ ഒതുങ്ങിയാൽ, ആ ശ്രമം ഉപേക്ഷിച്ചേക്കുമെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോൺഗ്രസിനു കുഴപ്പമില്ലെന്നും ബിജെപിയെയും നരേന്ദ്ര മോദിയെയും പുറത്താക്കുക മാത്രമാണു ലക്ഷ്യമെന്നും പാർട്ടി നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

പുറത്തു നിൽക്കുമോ കോൺഗ്രസ്?

കോൺഗ്രസ് സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ, പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള സർക്കാരിനു പുറത്തു നിന്നു പിന്തുണ നൽകാമെന്ന സന്ദേശം ഈ മാസം 23നു ചേരുന്ന പ്രതിപക്ഷ യോഗത്തിൽ സോണിയ നൽകും. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമന്ത്രി പദത്തിലേക്കു മായാവതി (ബിഎസ്പി), മമത ബാനർജി (തൃണമൂൽ) എന്നിവരുടെ പേരുകൾ ഉയർന്നുവരാമെന്നും ആർക്കു പിന്തുണ നൽകണമെന്ന കാര്യം അപ്പോൾ തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഇരു കക്ഷികൾക്കും ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇക്കാര്യത്തിൽ നിർണായകമാകും. അധികാരത്തർക്കം മുറുകിയാൽ, സമവായ സ്ഥാനാർഥി എന്ന നിലയിൽ ശരദ് പവാർ (എൻസിപി), എച്ച്. ഡി. ദേവെഗൗഡ (ജെഡിഎസ്) എന്നിവരെയും പരിഗണിച്ചേക്കാം.

എന്നാൽ, 1996 ലേതു പോലെ പുറത്തു നിന്നു കോൺഗ്രസ് പിന്തുണയോടെയുള്ള സർക്കാർ എന്ന പരീക്ഷണം ഇനി ആവർത്തിക്കാനാവില്ലെന്നാണു പ്രതിപക്ഷ ഐക്യ നീക്കങ്ങളുടെ മുൻനിരയിലുള്ള ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ നിലപാട്. ബിജെപിക്കെതിരെ കോൺഗ്രസ് കൂടി ഭാഗമായ സർക്കാരിനു മാത്രമേ നിലനിൽപ്പുള്ളൂവെന്ന വാദം മറ്റു കക്ഷി നേതാക്കളുമായി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

23 ലേക്കു ക്ഷണക്കത്ത്

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 23നു ഡൽഹിയിൽ വിശാല പ്രതിപക്ഷ യോഗത്തിനു ക്ഷണിച്ചുള്ള സോണിയാ ഗാന്ധിയുടെ കത്ത് ലഭിച്ചതായി ഡിഎംകെ അറിയിച്ചു. പാർട്ടി പ്രസിഡന്റ് എം.കെ. സ്റ്റാലിനാണു സോണിയ കത്ത് അയച്ചത്. യുപിഎ കക്ഷികൾക്കു പുറമേ എസ്പി, ബിഎസ്പി, തൃണമൂൽ, ഇടത് കക്ഷികൾ, ടിഡിപി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, ബിജെഡി എന്നിവയെയും സോണിയ ക്ഷണിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA