അതേ ശക്തിയോടെ തിരിച്ചുവരും: മോദി, പ്രധാനമന്ത്രിയെ 23ന് ജനം തീരുമാനിക്കും: രാഹുൽ

rahul modi worked
SHARE

ന്യൂഡൽഹി ∙ ലോക്സഭാ ഫലം വരാൻ, 6 ദിവസം ശേഷിക്കെ മാധ്യമങ്ങൾക്കു മു‌‌ന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാർ, അതേ ശക്തിയോടെ തി‌രിച്ചുവരുന്നതു രാജ്യത്തു വലിയൊരിടവേളയ്ക്കു ശേഷമാണെന്നു പറഞ്ഞ മോദി, സംസാരിച്ച 10 മിനിറ്റ് നേര‌മൊഴികെ അമിത് ഷായുടെ മറുപടികൾക്കു നിശ്ശബ്ദ സാക്ഷിയായി. 

മാധ്യമപ്രവർത്തകരോടു ചായ കുടിച്ചോയെന്നു ചോദിച്ചു ലളിതമായായിരുന്നു മോ‌ദി സംസാരിച്ചു തുടങ്ങിയത്. ‘നിങ്ങളെ കാണാൻ മധ്യപ്രദേശിൽ നിന്നു നേരെ വരികയാണ്. മാധ്യമങ്ങളിലൂടെ രാജ്യത്തോടു നന്ദി പറയാനാണു വന്നത്. 5 വർഷം പൂർത്തിയാക്കിയ ബിജെപി സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തും. കുടുംബവാഴ്ചയോ പിന്തുണയോ ഇല്ലാതെ ഒരു സർക്കാരുണ്ടാക്കാൻ 2014 ൽ നമുക്കു കഴിഞ്ഞു.

ഈ വർഷവും അതു തുട‌രും. 2014 മേയ് 17നു പ്രതിപക്ഷം തകർന്നു തരിപ്പണമായി. സത്യസന്ധമായ ഭരണത്തുടക്കവും അന്നായിരുന്നു. മേയ് 23ന് കരുത്തുറ്റ സർക്കാർ വരും. 2014 നേക്കാൾ ശക്തമായ ജനവിധി ബിജെപിക്കനുകൂലമായുണ്ടാവും. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഒരുപാടു കാര്യങ്ങൾ പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. ഒന്നൊന്നായി അതു നട‌പ്പാക്കി പുത‌ിയ ഭരണമാതൃക സൃഷ്ടിക്കും.’

അപ്രതീക്ഷിതമായിരുന്നു ഇന്നലെ ബിജെപി ആസ്ഥാനത്തെ നീക്കങ്ങൾ. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം, ഉച്ചതിരിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദ‌ി പാർ‌ട്ടി ആസ്ഥാനത്ത് എത്തുമെന്നു മാത്രമാണ് ആദ്യം കേട്ടത്. പിന്നാലെ, മോദ‌ി പ്രധാനമന്ത്രിയെന്ന നിലയിൽ ആദ്യ വാർത്താസമ്മേളനം നടത്തുകയാണെന്ന വിവരവുമെത്തി. 

വൈകിട്ടു നാലരയ്ക്കു മോദിയും അമിത് ഷായുമെത്തി. ചോ‌ദ്യങ്ങൾക്കുള്ള മറു‌പടി അമിത് ഷാ നൽകുമെന്ന അറിയിപ്പും ആദ്യം തന്നെ നൽകി. മാധ്യമങ്ങളോടു സംസാരിച്ചതും അമിത് ഷാ തന്നെ. തിരഞ്ഞെടുപ്പു വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവച്ചുകൊണ്ടുള്ള വിലയിരുത്തലുകൾ 10 മിനിറ്റിലേറെ നീണ്ടു. 

തുടർന്നുള്ള ചോദ്യോത്തര വേളയിൽ പ്രധാനമന്ത്രിയോടാണെന്ന മുഖവുരയോടെ 2 തവണ ചോദ്യമെത്തി. 2 തവണയും മോദി ഒഴിഞ്ഞുമാറി. 5 വർഷത്തിനിടെ ഒരിക്കൽപോലും മോദി വാർത്താസമ്മേളനത്തിനു തയാറായിട്ടില്ലെന്നായിരുന്നു രാഹുൽ ഉൾപ്പെടെ പ്രതിപക്ഷത്തെ നേതാക്കളുടെയെല്ലാം പ്രധാന ആരോപണം. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിൽ വിവിധ മാധ്യമങ്ങൾക്ക് അദ്ദേഹം അഭിമുഖങ്ങൾ അനുവദിച്ചിരുന്നു. അപ്പോഴും മു‌‌ൻകൂട്ടി തയാറ‌ാക്കിയതും ഗൗരവമില്ലാത്തതുമായ ചോദ്യങ്ങളെന്ന് ആരോപണമുയർന്നു. 

അതേസമയം, അവസാനഘട്ട വോട്ടെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കെ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിനു വെല്ലുവിളിച്ചായിരുന്നു കോൺഗ്രസ് ആസ്ഥാനത്തു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. ഭരണകാലയളവിലെ ആദ്യ വാർത്താസമ്മേളനം നടത്തിയ മോദിയെ പരിഹസിച്ചായിരുന്നു തുടക്കം. 20 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്ത രാഹുൽ, എൻഡിഎ ഇതര കക്ഷികൾ ബിജെപിക്കൊപ്പം പോകില്ലെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. 

പ്രധാനമന്ത്രി പദത്തിലടക്കം കോൺഗ്രസ് നിലപാട് പരമാവധി ഉദാരമായിരിക്കുമെന്ന സൂചനയും നൽകി. 

രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ എൻഡിഎയ്ക്കു പുറത്തുള്ള പ്രാദേശിക കക്ഷികൾ ബിജെപിക്കു പിന്തുണ നൽകില്ലെന്നും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ 23നു ജനങ്ങൾ തീരുമാനിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികൾ പരമാവധി സീറ്റുകൾ നേടുമെന്നു പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 

കേവല ഭൂരിപക്ഷം ലഭിക്കാത്തപക്ഷം പ്രാദേശിക കക്ഷികളെ ഒപ്പം നിർത്താൻ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കു സാധിക്കില്ലെന്നു സൂചിപ്പിച്ച രാഹുൽ, വിശാല സഖ്യ രൂപീകരണത്തിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ സ്ഥിരീകരിച്ചു. ‘സോണിയ, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നിവരുടെ അനുഭവസമ്പത്ത് ഞങ്ങൾ ഉപയോഗിക്കും. അനുഭവസമ്പത്തിനു വില കൽപിക്കാതിരിക്കാൻ ഞാൻ മോദിയല്ല.’

23 നു ഫലം പുറത്തുവരുന്നതു വരെ കാത്തിരിക്കാം. ജനങ്ങളാണ് യജമാനൻമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു രക്ഷപ്പെടാനുള്ള വഴികളിൽ 90 ശതമാനവും കോൺഗ്രസ് അടച്ചുകഴിഞ്ഞു. എൻഡിഎയ്ക്കൊപ്പമുണ്ടായിരുന്ന ടിഡിപിയുടെ എൻ. ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവരെ പിണക്കി ബാക്കി 10% മോദി സ്വയം അടച്ചു.’

തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായാണു പെരുമാറിയത്. മോദിക്ക് എന്തും പറയാമെന്നതായിരുന്നു സ്ഥിതി. മോദിയുടെ താൽപര്യങ്ങൾക്കനുസരിച്ചാണു തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചത്. ബിജെപിയുടെ പക്കലുള്ള പണത്തിന്റെ ഇരുപതിലൊന്നു മാത്രമാണു കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്നത്. പണവും മാധ്യമങ്ങളിലൂടെയുള്ള വ്യാപക പ്രചാരണവും ബിജെപി ആയുധമാക്കിയപ്പോൾ, ഞങ്ങൾ സത്യം ഉയർത്തിപ്പിടിച്ചു. ഫലം പുറത്തുവരുമ്പോൾ സത്യം വിജയിക്കും.’ 

പ്രസംഗങ്ങൾ നടത്താനല്ല, മറിച്ച് രാജ്യത്തെ മുന്നോട്ടു നയിക്കാനാണു 2014 ൽ ജനങ്ങൾ മോദിയെ തിരഞ്ഞെടുത്തത്. പക്ഷേ, അദ്ദേഹം പൂർണ പരാജയമായി. ഇപ്പോൾ അദ്ദേഹം അനാവശ്യ വിഷയങ്ങളുയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. വരും ദിവസങ്ങളിൽ മോദി സീ പ്ലെയിനിൽ എവിടെയെങ്കിലും ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല. 

യുപിയിൽ കോൺഗ്രസിനെ ഒഴിവാക്കി സഖ്യത്തിലേർപ്പെട്ട എസ്പി – ബിഎസ്പി കക്ഷികളെ ഞാൻ ബഹുമാനിക്കുന്നു. യുപിയിൽ കോൺഗ്രസിനു വേരോട്ടമുണ്ടാക്കും; പിന്നാലെ സംസ്ഥാനത്തു ഭരണം പിടിക്കും. 5 വർഷം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിച്ച കോൺഗ്രസ് മോദിയെ തകർത്തു. അഴിമതി, കർഷക ദുരിതം എന്നീ വിഷയങ്ങൾ ഞങ്ങൾ ഉയർത്തി. ഇനി ജനങ്ങളാണു തീരുമാനിക്കേണ്ടത്’ – രാഹുൽ പറഞ്ഞു. 

പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിനെത്തിയ മോദിയെ രാഹുൽ പരിഹസിച്ചു. ‘ഇപ്പോൾ മഴ പെയ്യുന്നുണ്ട്. പ്രചാരണ സ്ഥലത്തു നിന്നു ഡൽഹിയിലേക്കുള്ള മോദിയുടെ വിമാനം റഡാറിൽ നിന്നു മായുമോ എന്ന് ഞാൻ പേടിച്ചിരുന്നു’ – മേഘങ്ങളുള്ളപ്പോൾ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ പാക്ക് റഡാറിൽ പതിയില്ലെന്ന മോദിയുടെ പരാമർശം സൂചിപ്പിച്ചു രാഹുൽ പറഞ്ഞു. 

‘നടൻ’ മോദിയിലും ഭേദം  അമിതാഭ് ബച്ചൻ: പ്രിയങ്ക

ന്യൂഡൽഹി ∙ ഇങ്ങനെ ‘അഭിനയിക്കുന്ന’ നരേന്ദ്ര മോദിയിലും ഭേദം നടൻ അമിതാഭ് ബച്ചനെ പ്രധാനമന്ത്രിയാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. ‘നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവിനെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതിലും ഭേദം അമിതാഭ് ബച്ചനായിരുന്നു. പക്ഷേ, രണ്ടായാലും ഗുണമുണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞ് ബച്ചനെയും കളിയാക്കി. 

യുപിയിലെ മിർസാപുരിൽ റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക. 

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അമിതാഭ് ബച്ചൻ പിന്നീട് ബൊഫോഴ്സ് അഴിമതിയിൽ പേരു പരാമർശിക്കപ്പെട്ടതിനെത്തുടർന്ന് രാജീവുമായി അകന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA