ADVERTISEMENT

ന്യൂഡൽഹി ∙ എക്സിറ്റ് പോൾ ഫലങ്ങളിൽ മിക്കതും എൻഡിഎക്കു വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിർത്താൻ യുപിഎ പക്ഷത്ത് ഊർജിത ശ്രമം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവരുമായി ചർച്ച നടത്തി.

ഇതിനിടെ, ടിആർഎസിനെയും (തെലങ്കാന) വൈഎസ്ആർസിപിയെയും (ആന്ധ്ര) യുപിഎ പക്ഷത്തേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കു സോണിയ ഗാന്ധി, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള താൽപര്യം ടിആർഎസ് നേതാവ് കെ.ചന്ദ്രശേഖരറാവു വ്യക്തമാക്കിയെങ്കിലും ബിജെപി ഇതര സർക്കാരുണ്ടാക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നു സ്റ്റാലിൻ അഭ്യർഥിച്ചെന്നാണു സൂചന. തിരഞ്ഞെടുപ്പിനു മുൻപു തന്നെ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാളാണ് സ്റ്റാലിൻ.

പ്രതിപക്ഷത്തു കഴിഞ്ഞ ഏതാനും മാസമായി ചർച്ചകൾക്കു മുൻകൈയെടുക്കുന്നതു ചന്ദ്രബാബു നായിഡുവാണ്. കോൺഗ്രസിന്റെയും ഇടതിന്റെയും നേതാക്കൾക്കു പുറമേ, മമത ബാനർജി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുമായും നായിഡു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. 

ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് നായിഡു ഇതേപോലെ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ചു നിർത്താൻ ശ്രമിച്ചിരുന്നുവെന്നും അതിന്റെ ആവർത്തനം മാത്രമെന്നുമാണു ടിഡിപി വൃത്തങ്ങൾ പറയുന്നത്. ആന്ധ്രയിൽ ടിഡിപിക്കു കാര്യമായ നേട്ടം സാധിച്ചില്ലെങ്കിൽ നായിഡു പിന്നോട്ടു വലിയുന്ന സ്ഥിതിയുണ്ടാവാം. 

ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിൽ സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കണമെന്നതു രാഷ്ട്രപതിക്കു വിവേചനാധികാരം പ്രയോഗിച്ചു തീരുമാനിക്കാനാവും. അത്തരമൊരു സാഹചര്യത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഒന്നിച്ചു നിൽക്കണമെന്ന കാര്യമാണു നായിഡു മറ്റു നേതാക്കളുമായി പ്രധാനമായും പങ്കുവച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇന്നലെത്തെ പ്രസ്താവനയും പ്രതിപക്ഷ ഐക്യത്തിലൂന്നിയുള്ളതാണ്.

‌പ്രചാരണത്തിനിടെ പിടിച്ചെടുത്തത് 3,449 കോടി

ന്യൂഡൽഹി ∙ മാർച്ച് 10 മുതൽ ഈ മാസം 19 വരെ നീണ്ട തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ 3449.12 കോടി രൂപയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പു കമ്മിഷൻ. പണത്തിനു പുറമേ സ്വർണം, മദ്യം തുടങ്ങിയവയും ഉൾപ്പെട്ട കണക്കാണിത്. 

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു പിടിച്ചെടുത്തതിന്റെ മൂന്നു മടങ്ങ് വരുമിത്. 1206 കോടി രൂപയുടെ പണവും സാധനങ്ങളുമാണ് അന്നു പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com