sections
MORE

വരുന്നു, പുതിയ ഗവർണർമാർ; സെപ്റ്റംബറിനുള്ളിൽ 13 ഒഴിവ്

government-of-india
SHARE

ന്യൂഡൽഹി ∙ കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ കാര്യത്തിൽ വൈകാതെ കേന്ദ്ര സർക്കാർ തീരുമാനമെടുക്കും.

11 ഇടത്ത് സെപ്റ്റംബറോടെ ഗവർണറുടെ കാലാവധി അവസാനിക്കുമ്പോൾ, മിസോറമിലും ഛത്തീസ്ഗഡിലും സ്ഥിരം ഗവർണർ ഇല്ലെന്നതിനാൽ പുതിയ ആളെ പരിഗണിച്ചേക്കും. 

അടുത്തമാസം പാർലമെന്റ് സമ്മേളനം തീരുന്നതിനു പിന്നാലെ, ഉത്തർപ്രദേശ്, ബംഗാൾ, ഗുജറാത്ത്, നാഗാലാൻഡ് എന്നിവിടങ്ങളിലും പുതിയ ഗവർണർമാരെ നിയോഗിക്കും. സ്ഥാനമൊഴിയുന്ന ഗവർണർമാരിൽ ഭൂരിഭാഗം പേർക്കും വീണ്ടും അവസരത്തിനു സാധ്യത കുറ‌വാണെന്ന സൂചനയാണു സർക്കാർ വൃത്തങ്ങൾ നൽകുന്നത്. 

ഗവർണർ പദവിയിൽ തുടർച്ചയായി 13 വർഷം പിന്നിട്ട ഇ.വി.എൽ.നരസിംഹനാണു കാലാവധി പൂർത്തിയാക്കുന്നവരുടെ പട്ടികയിൽ ആദ്യം.

അവിഭക്ത ആന്ധ്രപ്രദേശിന്റെ ഗവർണറായി 2009ൽ നിയമിതനായ നരസിംഹൻ സംസ്ഥാന വിഭജനശേഷം ആന്ധ്രയുടെയും തെലങ്കാനയുടെയും ഗവർണറായി തുടരുകയാണ്. ഇരുസംസ്ഥാനങ്ങളിലും വൈകാതെ പുതിയ ഗവർണർമാരുണ്ടാകും. നരസിംഹനെ(73) മറ്റേതെങ്കിലും സംസ്ഥാനത്തേക്കു മാറ്റിയേക്കുമെന്നു സൂചനയുണ്ട്.

ആദ്യ മോദി സർക്കാർ അധികാരമേറ്റതിനു പി‌ന്നാലെ 2014 ഓഗസ്റ്റിലാണു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരളത്തിൽ ഗവർണറായത്.

കേരളത്തിൽ തുടരുമോ എന്നുറപ്പില്ലെങ്കിലും സദാശിവത്തിനും (70) വീണ്ടും അവസരം ലഭിച്ചേക്കും. എന്നാൽ, മറ്റു പലരുടെയും കാ‌ര്യം അതല്ല. 

ഗവർണർമാരായ കേസരിനാഥ് ത്രിപാഠി (ബംഗാൾ), രാംനായിക് (ഉത്തർപ്രദേശ്), ഒ.പി.കോലി (ഗുജറാത്ത്), പി.ബി.ആചാര്യ (നാഗാലാൻ‍ഡ്) എന്നിവർക്കു പകരം നിയമനം ഒരു മാസത്തിനുള്ളിലുണ്ടാകും.

4 പേർക്കും 80 വയസ്സു കഴിഞ്ഞതിനാൽ വീണ്ടും അവസരം ലഭിച്ചേക്കില്ല. ആചാര്യയും രാജസ്ഥാൻ ഗവർണർ കല്യാൺ സിങ്ങുമാണു നില‌വിലെ ഗവർണർമാരിൽ ഏറ്റവും മുതിർന്നവർ (ഇരുവർക്കും 87). 

ഗോവയിൽ മൃദുല സിൻഹ, കർണാടകയിൽ വാജുഭായ് വാല, മഹാരാഷ്ട്രയിൽ സി.വിദ്യാസാഗർ റാവു, രാജസ്ഥാനിൽ കല്യാൺ സിങ് എന്നിവരും സെപ‌‌്റ്റംബറിനുള്ളിൽ കാലാവധി പൂർത്തിയാക്കും.

കുമ്മനം രാജശേഖരൻ പദവി ഒഴിഞ്ഞതിനെ തുടർന്നു അസം ഗവർണർ ജഗദീഷ് മുഖിക്കു അധികചുമതല നൽകിയ മിസോറം, മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന് അധികചുമതലയുള്ള ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പുതിയ ഗവർണർമാർക്കു സാധ്യതയുണ്ട്. ജാർഖണ്ഡിലും ഹിമാചൽപ്രദേശിലും 2020ൽ ഗവർണർ പദവിയിൽ ഒഴി‌വു വരും.

ഗവർണർ പദവി കാത്ത് പലർ

സുഷമ സ്വരാജ്, സുമിത്ര മഹാജൻ, ഉമാ ഭാരതി തുടങ്ങി ബിജെപിയുടെ തലമുതി‌ർന്ന നേതാക്കൾ മുതൽ പുതുച്ചേരി ലഫ്. ഗവർണർ കിരൺ ബേദി വരെയുള്ളവരുടെ പേരുകൾ ഗവർണർ നിയമനത്തിൽ പരിഗണിക്കപ്പെടുന്നതായാണു വിവരം.

ആന്ധ്ര ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അനുമോദനം അറിയിച്ചു കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധൻ ട്വീറ്റ് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ സജീവമായത്.

കുമ്മനം രാജശേഖരനും പദവി കൊടുത്തേക്കുമെന്നു പാർട്ടിയിൽ സംസാരമുണ്ടെങ്കിലും വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പു കൂടി പരിഗ‌ണിച്ചാവും തീരു‌മാനം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA