ADVERTISEMENT

ന്യൂഡൽഹി ∙ പ്രോടെം സ്പീക്കറുടെ അപേക്ഷ മറികടന്നും വാശിയേറിയ മുദ്രാവാക്യം വിളി തുടർന്ന ഇന്നലെ 17–ാം ലോക‌്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയായി. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, ‌സമാജ്‌വാദി പാർ‌ട്ടി നേത‌ാക്കളായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബിജെപിയിലെ മേനക ഗാന്ധി തുടങ്ങിയവരാണ് ഇന്നലെ സ‌ത്യപ്രതിജ്ഞ ചെ‌‌യ്തവരിൽ പ്രമുഖർ. 

ആദ്യ ദിനത്തിൽ മറ്റു കേരള അംഗങ്ങൾക്കൊപ്പം എ‌ത്താൻ കഴിയാതെ പോയ തിരുവനന്തപുരം എംപ‌ി ശശി തരൂർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലിഷിൽ, ദൈവനാമത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഒരുമാസമായി ഒളിവിലുള്ള യുപിയിലെ ബിഎസ്പി എംപ‌‌ി അതുൽ റായ് സത്യപ്ര‌തിജ്ഞയ്ക്കെത്തിയില്ല. പ്രചാരണത്തിനു പോല‌ും എത്താതെ വൻ ഭൂരിപക്ഷത്തിനു ജയിച്ച അതുൽ റായുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. 

രാവിലെ തമിഴ്നാട് എംപിമാരായിരുന്നു ബിജെപിയുമായി മുദ്ര‌ാവാക്യ പോരിനു തുടക്കമിട്ടതെങ്കിൽ ഉച്ചയോടെ ഇതു മൂർധന്യത്തിലെത്തി. ഇന്നലെ ബിജെപി എംപ‌ിമാർ ‘ജയ് ശ്രീറാം’ വിളികൾ തുടർന്നപ്പോൾ ‘ജയ് ദുർഗ’യെന്ന മറുപടിയായിരുന്നു തൃണമൂൽ എംപിമാരുടേത്. അപ്‌രൂപ പൊഡ്ഡർ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ മമതയ്ക്കു സിന്ദാബാദ് വിളിച്ചു. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഉവൈസി സത്യവാചകത്തിനു ശേഷം ‘ജയ് ഭീം, ജയ് മീം, തഖ്ബീർ അല്ലാഹു അക്ബർ, ജയ് ഹിന്ദ്’ എന്നു പറഞ്ഞതോടെ ‘ജയ്ശ്രീ റാം ഭാരത് മാതാ കീ ജയ്’ വിളികളുമായി ഭരണപക്ഷം നേരിട്ടു.

ബിജെപി എംപി അരുൺ കുമാർ സാഗർ 2 തവണ ഭാരത് മാതാ കീ ജയ് എന്നു വിളിച്ചത‌ിനു ഒരു വട്ടം കൂടിയെന്നായിരുന്നു (വൺസ് മോർ) രാഹ‌ു‌ൽ ഗാന്ധിയുടെ പ്രതികരണം. ഇതോടെ, അരുൺ കുമാർ വീണ്ടും ഭാരത് മാതാ കീ ജയ് വിളിച്ചു. രാഹുൽ വീണ്ടും ആവ‌ശ്യപ്പെട്ടാൽ തയാറാണെന്നും പ്രഖ്യാപിച്ചു. താൻ ഭാരത് മാതാ എന്നു വിളിക്കുമ്പോൾ രാഹുൽ കീ ജയ് എന്നു ‌വിളിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ജയ് ഹിന്ദ് എ‌‌ന്നു രാഹുൽ ഉച്ചത്തിൽ വിളിച്ചു. ഏറ്റുവിളിച്ചു പ്രത‌ിപക്ഷവും ഉണർന്നു. കഴിഞ്ഞദിവസം ഭരണപക്ഷ എംപിമാർക്കെതിരെ തിരിഞ്ഞ എൻ.കെ. പ്രേമചന്ദ്രൻ പ്രതിപക്ഷ മുദ്രാവാക്യത്തിന്റെ കാര്യത്തിൽ നിശബ്ദനാകുന്നതെന്തെന്നായിരുന്നു ബിജെപിക്കാരുടെ ചോദ്യം.  

ആരും മുദ്രാവാക്യം മുഴക്കേണ്ടെന്നായിരുന്നു ചെയറിന്റെ ഇടപെടൽ. വിദ്വേഷ പരാമർശങ്ങൾക്കു കുപ്രസിദ്ധി നേടിയ ബിജെപി എംപി സാക്ഷി മഹാരാജ് അയോധ്യയെ ചൂണ്ടിക്കാട്ടി ക്ഷേത്രം അവിടെ പണിയും എന്നു പറഞ്ഞാണ് സത്യവാചകം അവസാനിപ്പിച്ചത്. ആം ആദ്മിയുടെ ഏക എംപി ഭഗവന്ത് മാൻ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചാണ് മടങ്ങിയത്. 

സോണിയയെ മൊബൈലിൽ പകർത്തി രാഹുൽ 

ഹിന്ദി ഒഴിവാക്കി മലയാളത്തിൽ സത്യവാചകം ചൊല്ലാൻ കേരള അംഗങ്ങളോടു നിർദേശിച്ച സോണിയ ഹിന്ദിയിലായിരുന്നു പ്രത‌ിജ്ഞ ‌ചൊല്ലിയത്. പ്രതിപക്ഷ അംഗങ്ങളുടെ നിറഞ്ഞ കയ്യടിക്കിടെ, ഹി‌ന്ദിയിൽ സ‌ത്യവാചകം ചൊല്ലിയതിനു ബിജെപി അംഗങ്ങളിൽ ചിലരും സോണിയയെ അഭിനന്ദിച്ചു.

സോണിയ സത്യവാചകം ചൊല്ലുന്നതു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൊബൈൽ ക്യാമറയിൽ പകർ‌ത്തിയതും കൗതുകമായി. ഭർതൃസഹോദരന്റെ ഭാര്യയും ബിജെപി എംപിയുമായ മേനക ഗാന്ധിയായിരുന്നു തൊട്ടുപിന്നാലെ എത്തിയത്. പേരുവിളിച്ച ധൃതിയിൽ കണ്ണട എടുക്കാൻ മേനക വീണ്ടും ഇരിപ്പിടത്തിലേക്കു പോയതും സഭയിൽ ചിരി പടർത്തി. സത്യപ്രതിജ‌്ഞയ‌്ക്കു ശേഷം സോണിയയെയും രാഹുലിനെയും അഭിവാദ്യം ചെ‌യ്തായിരുന്നു മേനക മടങ്ങിയത്. 

പ്രതിജ്ഞ തെറ്റിച്ച എംപിമാർ 

പരമാധികാരം ഉയർത്തിപ്പിടിക്കുമെന്നു പറയേണ്ടതിനു പകരം തടഞ്ഞുവയ്ക്കുമെന്നു സത്യവാചകത്തിനിടെ ഗുരുദാസ്പുർ എംപ‌ി സണ്ണി ഡിയോൾ പറ‌ഞ്ഞതു സഭയിലാകെ ചിരി പടർത്തി. ഹി‌‌ന്ദിയിൽ സത്യവാചകം ചൊല്ലുമെന്നു പറഞ്ഞ് ‌സംസ്കൃതത്തിൽ ചൊല്ലിയ ഭഗീരഥ് ചൗധരിയെ കൊണ്ടു വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചു.

ശാരീരികാസ്വസ്ഥതകളെ തുടർന്നു മുലായംസിങ് യാദവിനു സ്വ‌ന്തം സീ‌റ്റിനു സമീപം തന്നെ സത്യപ്രതിജ്ഞയ്ക്ക് അവസരം നൽകി. മകൻ കാ‌ർത്തി ചിദംബരത്തിന്റെ സത്യപ്രതിജ്ഞ കാണാൻ അച്ഛനും മുൻ കേ‌ന്ദ്രമന്ത്രിയുമായ പി. ചിദംബരം ഗാലറിയിലിരുന്നു. തമിഴ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചട‌ങ്ങിലുടനീളം സിപിഐ സെക്രട്ടറി ഡി.രാജ എംപിയും ഗാലറിയിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com