ADVERTISEMENT

ന്യൂഡൽഹി  ∙ ബാങ്കുകൾക്കും ബാങ്ക് ഇതര ധന സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) ബജറ്റ് നിർദേശങ്ങൾ അനുകൂലം. പൊതുമേഖലാ ബാങ്കുകളുടെ പുനർമൂലധനവൽക്കരണത്തിന് ബജറ്റിൽ 70,000 കോടി രൂപ അനുവദിച്ചു. ബാങ്കിങ് മേഖല പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കൂടുതലാണിത്. 40,000 കോടിയായിരുന്നു പ്രതീക്ഷ. വായ്പകൾ അനുവദിക്കുന്നതിനു കൂടുതൽ പണം ബാങ്കുകൾക്കു ലഭ്യമാക്കുക എന്ന ഉദ്ദേശ്യമാണു പുനർമൂലധനവൽക്കരണത്തിനു പിന്നിൽ. 

മുൻ സാമ്പത്തിക വർഷം പുനർമൂലധനവൽക്കരണത്തിന് 1.6 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. ഏതാനും ബാങ്കുകൾക്കു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുത്തൽ നടപടിയിൽ (പ്രോംപ്റ്റ് കറക്ടീവ് ആക്‌ഷൻ) നിന്നു മോചനം നേടാൻ ഇതു സഹായകമായി. ഇപ്പോൾ പ്രഖ്യാപിച്ച പുനർമൂലധനവൽക്കരണം കൂടുതൽ ബാങ്കുകളെ തിരുത്തൽ നടപടിയിൽ നിന്നു മോചിപ്പിക്കാൻ സഹായകമാകുമെന്നു കരുതുന്നു. തിരുത്തൽ നടപടിയിൽനിന്നു മോചിതമാകുന്ന ബാങ്കുകൾക്കു വായ്പ വിതരണത്തിനുള്ള വിലക്കാണു നീങ്ങിക്കിട്ടുന്നത്. 

കഴിഞ്ഞ 5 വർഷം കൊണ്ട് പൊതുമേഖലാ ബാങ്കുകൾക്ക് 3,19,000 കോടി രൂപ മൂലധനസഹായമായി നൽകി. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയായി കുറയ്ക്കാൻ കഴിഞ്ഞു. പാപ്പരത്ത നിയമം (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്) പ്രകാരമാണ് 4 ലക്ഷം കോടി രൂപ തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. 

എൻബിഎഫ്സികളുടെ വായ്പ ആസ്തികൾ ഏറ്റെടുക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് ഒരു ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. എൻബിഎഫ്സികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് കൂടുതൽ അധികാരം നൽകാനും തീരുമാനിച്ചു. എൻബിഎഫ്സികൾക്ക് ഓഹരി വിൽപന വഴി ധനസമാഹരണത്തിനും അനുമതി നൽകും. രാജ്യത്തു സാധാരണക്കാർക്കു വായ്പകൾ നൽകുന്നതിൽ വലിയൊരു പങ്കു വഹിക്കുന്ന എൻബിഎഫ്സികൾ ഇപ്പോൾ പൊതുവേ പ്രതിസന്ധിയിലാണ്. പണലഭ്യതയിലെ വലിയ ഇടിവാണു കാരണം. ഇതിനു പരിഹാരമാകാൻ സഹായിക്കുന്ന നിർദേശങ്ങളാണു ബജറ്റിലുള്ളത്.

ഭവനവായ്പാ മേഖലയിൽ നാഷനൽ ഹൗസിങ് ബാങ്കിന്റെ മേൽനോട്ടം മാറ്റി, നിയന്ത്രണച്ചുമതല റിസർവ് ബാങ്കിനു നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ബാങ്കുകളിൽ ചില വ്യക്തികളുടെ അക്കൗണ്ടുകളിൽ അവരറിയാതെ പണം വരുന്നതു തടയാൻ നടപടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.  

∙ ‘‘ പണമില്ലാതെ പ്രയാസത്തിലായിട്ടുള്ള ബാങ്ക് ഇതര ധനസ്ഥാപനങ്ങൾക്കു (എൻബിഎഫ്സി) വലിയൊരളവിൽ ആശ്വാസം പകരുന്നതാണ് ബജറ്റെന്ന് എടുത്തു പറയണം. ഉയർന്ന റേറ്റിങ്ങുള്ള എൻബിഎഫ്സികളുടെ വായ്പ ആസ്തികൾ വാങ്ങുന്നതിനു പൊതു മേഖലയിലെ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്ന നിർദേശം സ്വാഗതാർഹം. ഈ ഇടപാടിൽ ബാങ്കുകൾക്കുണ്ടായേക്കാവുന്ന 10% വരെയുള്ള നഷ്ടം നികത്താമെന്നു സർക്കാർ ഉറപ്പുനൽകുമെന്നാണു പറഞ്ഞിരിക്കുന്നത്.’’ – പോൾ തോമസ് (മാനേജിങ് ഡയറക്ടർ & ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഇസാഫ് ബാങ്ക്)

∙ ‘‘പൊതുമേഖലാ ബാങ്കുകൾക്ക് 70,000 കോടി മൂലധനം നൽകാനുള്ള നിർദേശം ഇന്ത്യയിലെ വായ്പാ ഞെരുക്കം മാറ്റാൻ സഹായിക്കുന്നതാണ്. അഞ്ചു ലക്ഷം കോടിയിലേറെ രൂപയുടെ വായ്പ നൽകാൻ ഇതു മൂലം കഴിയും. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5% പലിശനിരക്കിളവ് നൽകുന്നത് 250 ജില്ലകളിൽനിന്നു രാജ്യത്തെ 725 ജില്ലകൾക്കും ബാധകമാക്കി. കേരളത്തിൽ വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകൾക്കു മാത്രം ലഭിച്ചിരുന്ന പലിശയിളവ് ഇനി എല്ലാ ജില്ലകളിലെയും വനിതാസംഘങ്ങൾക്കു ലഭിക്കും. കുടുംബശ്രീക്കാണ് കൂടുതൽ നേട്ടം.’’ – ആദികേശവൻ (ചീഫ് ജനറൽ മാനേജർ, എസ്ബിഐ, മുംബൈ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com