ADVERTISEMENT

ന്യൂഡൽഹി ∙ ഊർജമേഖലയെ ഉടച്ചുവാർക്കാനുള്ള പദ്ധതികളുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ‘ഒരു രാജ്യം ഒറ്റ ഗ്രിഡ്’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമാഘോഷിക്കുന്ന 2022 നുള്ളിൽ എല്ലാ വീടുകളിലും വൈദ്യുതിയും പാചക വാതകവും ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ച കേന്ദ്രമന്ത്രി പക്ഷേ, വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഗ്യാസ് ഗ്രിഡ്, വാട്ടർ ഗ്രിഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട രൂപരേഖയും ഈ വർഷം അവതരിപ്പിക്കുമെന്നു ബജറ്റിലുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ 2.63 കോടി വീടുകളിൽ വൈദ്യുതിയെത്തിച്ചതായാണു കേന്ദ്രസർക്കാരിന്റെ അവകാശവാദം. ഛത്തീസ്ഗഡ് ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ 100% വൈദ്യുതിയെന്ന നേട്ടം കൈവരിച്ചതായും പറയുന്നു. ഛത്തീസ്ഗഡിൽ 18,734 വീടുകളിൽ കൂടി വൈദ്യുതി എത്തിക്കാനുണ്ട്. 

മാറ്റങ്ങൾ ഇങ്ങനെ

∙ വൈദ്യുതി നിരക്ക് എല്ലാവർക്കും താങ്ങാനാവുന്നതാക്കുക. 

∙ എല്ലാ ഗ്രാമമേഖലയിലും വൈദ്യുതിയെത്തിക്കുക. 

∙ നിരക്ക് നിർണയം ഏകോപിപ്പിക്കുക.

∙ സബ്സിഡി, സർചാർജുകൾ ഇല്ലാതാക്കുക.

∙ വൻകിട ഇടപാടുകളുമായി ബന്ധപ്പെട്ട അനാവശ്യ നികുതികൾ ഒഴിവാക്കുക. ഇതിനു സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും. 

∙ പഴയതും ശേഷി കുറഞ്ഞതുമായ വൈദ്യുതി പ്ലാന്റുകൾ പൂട്ടാൻ നടപടി. 

∙ വാതക പ്ലാന്റുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുക.

∙ സൗരോർജ അടുപ്പ്, ബാറ്ററി ചാർജറുകൾ എന്നിവയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ശ്രമം. എൽഇഡി ബൾബ് മിഷനെ ഇതിനായി ഉപയോഗിക്കും. 

കോർപറേറ്റ് നികുതി കുറച്ചത് ഗുണകരം

ഡനീസ രഘുലാൽ (എക്സിക്യൂട്ടീവ് ഡയറക്ടർ, എലീറ്റ് ഫുഡ്സ്)

400 കോടി വരെ വിറ്റുവരവുള്ള വ്യവസായങ്ങൾക്ക് കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 25% ആയി കുറച്ചത് കൂടുതൽ മൂലധന നിക്ഷേപത്തിന് ഇടവരുത്തും. സ്റ്റാർട്ടപ്പുകളുടെ 10 കോടി വരെയുള്ള എയ്ഞ്ചൽ നിക്ഷേപങ്ങൾക്ക് നികുതി ഒഴിവാക്കിയതും അനുഗ്രഹമാണ്. സുസ്ഥിര കാർഷിക രീതികൾ പ്രോൽസാഹിപ്പിക്കാൻ നിർദേശങ്ങൾ കൂടി വേണമായിരുന്നു.

വിദ്യാഭ്യാസ മേഖലയിൽ പ്രതീക്ഷ 

ഡോ. കൊച്ചുറാണി ജോസഫ് (ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സ്പീക്കിങ് ആൻഡ് പ്ലേസ്മെന്റ്സ്)

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ വിദ്യാർഥികളെ ആകർഷിക്കാനുള്ള പദ്ധതി ബജറ്റിൽ പുതിയതാണ്. മുദ്രാ വായ്പകൾ പ്രായോഗിക തലത്തിൽ എത്ര ഫലപ്രദമാണെന്നു കണ്ടറിയേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com