ADVERTISEMENT

‘‘സമഗ്ര ബജറ്റാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഊന്നലുണ്ടെന്നു മാത്രമല്ല, നിർണായക മേഖലകളിൽ സർക്കാർ മുതൽമുടക്കുമെന്ന പ്രഖ്യാപനവും. വനിതാശക്തി എന്നതു മാത്രമല്ല, വനിതകളുടെ പങ്കാളിത്തത്തിൽ സംഭവിച്ചിട്ടുള്ള പരിണാമങ്ങളും കാണിച്ചു തരുന്നുണ്ട്, എല്ലാ മേഖലകളിലുമുള്ള സ്ത്രീ സംഭാവനകളെപ്പറ്റി ധനമന്ത്രി വിശദീകരിക്കുന്നുണ്ട്. വളർച്ചയുടെ നട്ടെല്ലായ സ്ത്രീശക്തിക്ക് സമ്പദ്‌‍‍വ്യവസ്ഥയിലും അവസരങ്ങളിലും അർഹമായ സ്ഥാനം നൽകുന്നതുവഴി അവരെ തന്ത്രപരമായ തീരുമാനങ്ങളിൽ പങ്കാളികളാക്കുകയാണ്.’’ - എം.ആർ. ജ്യോതി (മാനേജിങ് ഡയറക്ടർ, ജ്യോതി ലബോറട്ടറീസ്)

സ്വകാര്യമേഖലയ്ക്ക് വേണ്ടിയുള്ള ബജറ്റ്

‘‘നവ ഉദാരവൽക്കരണ നയങ്ങൾ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നു എന്നതാണ് ബജറ്റിന്റെ പ്രത്യേകത. കമ്പോളത്തിൽ സർക്കാർ ഇടപെട്ട് ജനങ്ങളുടെ വാങ്ങൽ ശേഷി ഉയർത്തിക്കൊണ്ടു മാത്രമേ സമ്പദ്‌വ്യവസ്ഥയ്ക്ക് നിലനിൽക്കാൻ കഴിയൂ.സ്വകാര്യമേഖലയെ മാത്രം പോഷിപ്പിച്ചു തൊഴിലവസരങ്ങൾ കൊണ്ടുവരികയെന്ന നയമാണ് ഇപ്പോൾ കാണുന്നത്. കോർപറേറ്റുകളുടെ നികുതിനിരക്ക് കുറയ്ക്കുകയും വ്യക്തിഗത ഉപഭോഗത്തിന്റെ സർചാർജ് കൂട്ടുകയുമാണു ചെയ്യുന്നത്. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അസമത്വം, ദാരിദ്ര്യം, ഗ്രാമീണ മേഖലയിലെ മാന്ദ്യം തുടങ്ങിയവ കണക്കിലെടുക്കുന്ന ബജറ്റായി ഇതിനെ കാണാൻ കഴിയില്ല‌.’’ - എം.ജി.മല്ലിക (സാമ്പത്തികശാസ്ത്ര വിദഗ്‌ധ)

മൽസ്യബന്ധന മേഖലയ്ക്ക് ഉണർവ്‌

‘‘മൽസ്യബന്ധന മേഖലയെ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മൽസ്യസമ്പാദക യോജന സഹായകരമാകും. ഓഖി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ കാരണം മേഖലയിൽ മാന്ദ്യം പ്രകടമായിരുന്നു. മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉണർവ് നൽകുന്ന പദ്ധതിയാകും ഇത്. ‘മുദ്ര’ വഴി ഒരു ലക്ഷം രൂപ വരെ ലോണെടുക്കാൻ വനിതാസംരംഭകരെ അനുവദിക്കുന്നത് ഈ മേഖലയിലുള്ള വനിതകൾക്കു പ്രയോജനകരമാണ്. മീൻ ഉണക്കാനായി സോളർ ഡ്രയർ തുടങ്ങിയവ വാങ്ങുന്നത് ഇവരുടെ ജോലി ലഘൂകരിക്കും. ഇവ വാങ്ങാൻ പണം കണ്ടെത്താൻ ലോൺ ഉപകാരപ്പെടും.’’ - ലക്ഷ്മി മേനോൻ (സാമൂഹിക സംരംഭക, ‘ചേക്കുട്ടി ’ ക്യാംപെയ്ൻ മുഖ്യ സംഘാടക)

ദിശാബോധമില്ല, നിരാശാജനകം

‘‘കേന്ദ്ര ബജറ്റ് ഒറ്റവാക്കിൽ സംഗ്രഹിച്ചാൽ നിരാശാജനകവും ദിശാബോധം ഇല്ലാത്തതും ആണ്. കാര്യമായ നികുതി പരിഷ്‌കാരങ്ങൾ ഒന്നുമില്ലാതെ ആദായ നികുതിയിൽ സർചാർജ് ഏർപ്പെടുത്തി, പൊതുമേഖല ഓഹരികൾ വിറ്റഴിച്ചും ധന സമാഹരണത്തിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ധനക്കമ്മി ലക്ഷ്യം അപ്രാപ്യമായ 3% ൽ ഒതുക്കി നിർത്താൻ പെട്രോൾ, ഡീസൽ നിരക്കുകളിൽ ഒരു രൂപ നികുതി ചുമത്തി, സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 10% ൽ നിന്നും 12.5% ആക്കി ഉയർത്തുകയും ചെയ്തു. ഹൗസിങ് ഫിനാൻസ് രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളെ ആർബിഐ യുടെ കീഴിൽ ആക്കുന്നതോടെ മേഖലയിൽ നിലവിലുള്ള കിട്ടാക്കടം വരുത്തുന്ന ഷാഡോ ബാങ്കിങ് പ്രവണതയ്ക്കു പരിഹാരം ആകും.’’ - ലക്ഷ്മിനാരായൺ (ഇൻവെസ്റ്റ് ബാങ്കിങ് വിദഗ്ധൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com