ADVERTISEMENT

മുംബൈ ∙ 6 മണിക്കൂറിലേറെ നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവിൽ വിമതരെ കാണാൻ പോലുമാകാതെ ‘പ്രശ്ന പരിഹാരകൻ’ ഡി.കെ. ശിവകുമാറിന്റെ മടക്കം. പവയിലെ റിനൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിൽ കനത്ത മഴയത്തു നനഞ്ഞുകുളിച്ച് 6 മണിക്കൂർ കാത്തുനിന്ന അദ്ദേഹത്തെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുത്തത് സംഘർഷത്തിന് ഇടയാക്കി.

മഴ നനഞ്ഞു ക്ഷീണിതനായ ശിവകുമാർ മുംബൈയിൽനിന്നു മടങ്ങിയത് രാത്രിയോടെ. പുറത്ത് നാടകം നീളുമ്പോൾ, വിമതർ ക്ലൈമാക്സ് കാത്ത് ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു. 

നാടകീയ രംഗങ്ങൾ ഇങ്ങനെ

രാവിലെ 7.30: ശിവകുമാർ മുംബൈയിൽ വിമാനമിറങ്ങുന്നു. വിവരമറിഞ്ഞ് റിനൈസൻസ് ഹോട്ടലിനു മുന്നിേലക്കു വിമത എംഎൽഎമാരെ പിന്തുണയ്ക്കുന്നവരുടെയും ബിജെപി പ്രവർത്തകരുടെയും ഒഴുക്ക്.

  • 8.20: ശിവകുമാറിന്റെ വാഹനം ഹോട്ടലിനു മുന്നിൽ തടഞ്ഞ് പൊലീസ്. ചുറ്റും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ.
  • മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കളായ എംഎൽഎമാരെ കാണാനാണു വന്നതെന്നും ഡികെഎസ്.
  • ഭീഷണിയുണ്ടെന്നും കാണേണ്ടെന്നും വിമതരുടെ കത്ത് പൊലീസിന്. 
  • ശിവകുമാറിന്റെ ബുക്കിങ് അടിയന്തര കാരണങ്ങളാൽ റദ്ദാക്കിയെന്നു ഹോട്ടലുകാരുടെ അറിയിപ്പ്.
  • ഇന്ത്യൻ പൗരനും ജനപ്രതിനിധിയുമാണെന്നു ശിവകുമാർ; സഹപ്രവർത്തകരെ കാണാതെ മടങ്ങില്ലെന്നും.
  • ഹോട്ടലിനു മുന്നിൽ 3 മണിക്കൂറോളം നിൽപ്. ഇതിനിടെ, മാധ്യമ അഭിമുഖങ്ങൾ.
  • 11.30: ഹോട്ടലിൽ നിന്നെത്തിച്ച കസേരകളിൽ ശിവകുമാറും മറ്റ് 3 പേരും ഇരിപ്പായി. ഇതിനിടെ, ശക്തമായ മഴയും കാറ്റും.
  • ശിവകുമാർ മുംബൈയിൽ വന്നത് പ്രശസ്തിക്കു വേണ്ടിയാണെന്നു വിമത എംഎൽഎ രമേഷ് ജാർക്കിഹോളി.
  • ബിസിനസ് നടക്കുന്നില്ലെന്നും അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും ഹോട്ടലിന്റെ പരാതി പൊലീസിന്.
  • മാധ്യമപ്രവർത്തകർക്ക് ഹോട്ടൽ അധികൃതർ തയാറാക്കിയ ഭക്ഷണം വിതരണം ചെയ്ത് പൊലീസ്.
  • കൂടുതൽ ആളുകൾ എത്തുകയും ശിവകുമാർ പിൻമാറാതിരിക്കുകയും ചെയ്തതോടെ പവയിൽ നിരോധനാജ്ഞ പ്രഖ്യാപനം. 
  • 4 പേർ മാത്രമേയുള്ളൂവെന്നും നിരോധനാജ്ഞ ലംഘിച്ചിട്ടില്ലെന്നും ശിവകുമാർ. ഇതോടെ, പൊലീസ് വീണ്ടും പ്രതിരോധത്തിൽ.
  • 1.15: മുൻ കേന്ദ്രമന്ത്രിയും മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായ മിലിന്ദ് ദേവ്റ, മഹാരാഷ്ട്ര എംഎല്‍എനസീം ഖാൻ, മുൻ എംപി സഞ്ജയ് നിരുപം തുടങ്ങിയ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തുന്നു. 
  • 8 പൊലീസ് ബസുകൾ കൂടി ഹോട്ടൽ പരിസരത്തേക്ക്. 
  • 2.25: ആളുകൾ കൂടിയെന്നാരെോപിച്ച് ശിവകുമാർ, ദേവ്റ എന്നിവരടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുന്നു.
  • മുംബൈ സർവകലാശാലയുടെ കലീന ക്യാംപസ് റെസ്റ്റ് ഹൗസിലേക്ക്. 
  • രക്തസമ്മർദത്തിലെ വ്യതിയാനത്തെത്തുടർന്ന് ശിവകുമാറിന് വൈദ്യപരിശോധന. 
  • 6.15: നേതാക്കളെ വിട്ടയയ്ക്കുന്നു. ബെംഗുളുരുവിലേക്കു മടങ്ങണമെന്നും മുംബൈ വിമാനത്താവളം വരെ സുരക്ഷാ സംഘം ഒപ്പമുണ്ടാകുമെന്നും ശിവകുമാറിനോട് പൊലീസ്.
  • കോൺഗ്രസ്- ജനതാദൾ(എസ്) സർക്കാർ സുരക്ഷിതമായിരിക്കുമെന്നു പ്രതികരിച്ച് ശിവകുമാറിന്റെ മടക്കം. മുംബൈ പൊലീസിനു രൂക്ഷവിമർശനവും. 

കുമാരസ്വാമി മാറുന്നതും പരിഗണനയിൽ

കർണാടകയിൽ സർക്കാരിനെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കുമാരസ്വാമി രാജിവച്ച്, കോൺഗ്രസിനു മുഖ്യമന്ത്രിപദം കൈമാറുമെന്നും സൂചനയുണ്ട്.

കർണാടക പ്രശ്നം ഉന്നയിച്ച്, തുടർച്ചയായ മൂന്നാംദിവസവും കോൺഗ്രസ് ലോക്സഭയിൽ നിന്നിറങ്ങിപ്പോയി.

സംഘർഷ ഭൂമിയായി കർണാടക സെക്രട്ടേറിയറ്റും

ബെംഗളൂരു ∙ കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്ന കെ.സുധാകർ, മുൻ മന്ത്രി എം.ടി.ബി. നാഗരാജ് എന്നിവർ സ്പീക്കറുടെ ചേംബറിൽ രാജി സമർപ്പിച്ചത് ഇന്നലെ വൈകിട്ട് 4.15ന്.

dkshi
കസ്റ്റഡിയിലെടുത്ത ഡി.കെ.ശിവകുമാറിനെ മുംബൈ സർവകലാശാല കലീന ക്യാംപസിലെ റെസ്റ്റ് ഹൗസിലേക്കു കൊണ്ടുപോകുന്നു. ചിത്രം: മനോരമ

തുടർന്ന്, രാജ്ഭവനിലേക്കു തിരിച്ച സുധാകറിനെ പിസിസി അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും പ്രിയങ്ക് ഖർഗെയും ചേർന്നു തടഞ്ഞുനിർത്തി. കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തിയതോടെ പിടിവലിയായി.

സുധാകറിനെ മുൻ മന്ത്രി കെ.ജെ. ജോർജിന്റെ മുറിയിൽ കയറ്റി തടഞ്ഞുവച്ച് അനുനയിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതോടെ ബിജെപി പ്രവർത്തകർ പാഞ്ഞെത്തി. 

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ എത്തി സംസാരിച്ചെങ്കിലും രാജിയിൽ സുധാകർ ഉറച്ചു നിന്നു. സിറ്റി പൊലീസ് കമ്മിഷണർ എത്തിയിട്ടും ബഹളം അടങ്ങിയില്ല. ഒന്നരമണിക്കൂറോളം ഉന്തും തള്ളും.

അതിനിടെ, ഭർത്താവിനെ രക്ഷിക്കണമെന്ന് സുധാകറിന്റെ ഭാര്യ ഫോണിൽ പരാതിപ്പെട്ടതിനെ തുടർന്ന്, അദ്ദേഹത്തെ രാജ്ഭവനിൽ ഹാജരാക്കാൻ ഗവർണറുടെ നിർദേശം.

പൊലീസ് അകമ്പടിയോടെ രാജ്ഭവനിലെത്തിയ സുധാകറിന് ഗവർണറെ കണ്ട് രാജിക്കത്തിന്റെ പകർപ്പു നൽകാനായത് രാത്രി 8 മണിയോടെ. 

രാഷ്ട്രീയം മടുത്തു: നാഗരാജ്

പൊതുജീവിതത്തിൽ നിന്നു വിരമിക്കാൻ ആഗ്രഹിക്കുന്നു. മന്ത്രിസ്ഥാനമെന്നല്ല മറ്റൊരു സ്ഥാനവും വേണ്ട. രാഷ്ട്രീയം മടുത്തു.

nagaraj
നാഗരാജ്

എം.ടി.ബി. നാഗരാജ് നിയമസഭയിലെ ഏറ്റവും ആസ്തിയുള്ള (1,015 കോടി രൂപ) അംഗങ്ങളിൽ ഒരാളാണ് ഇന്നലെ രാജിവച്ച നാഗരാജ്. 

ലോക്സഭയിൽ ഇറങ്ങിപ്പോക്ക് 

ന്യൂഡൽഹി ∙ കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ ഉന്നയിച്ച് തുടർച്ചയായി മൂന്നാം ദിവസവും കോൺഗ്രസ് ലോക്സഭയിൽ നിന്നിറങ്ങിപ്പോയി. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ മുംബൈയിൽ പൊലീസ് തടഞ്ഞതു ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് അടക്കമുള്ള കക്ഷികളും കോൺഗ്രസിനൊപ്പം സഭ വിട്ടിറങ്ങി. 

ആദ്യ 2 ദിനങ്ങളിലും കർണാടകയിലെ ഭരണകക്ഷി എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ നീക്കത്തെച്ചൊല്ലിയായിരുന്നു പ്രതിഷേധമെങ്കിൽ, ഇന്നലെ അവരെ പാർട്ടിയിൽ ഉറപ്പിച്ചുനി‍ർത്താൻ പോയ ശിവകുമാറിനെ പൊലീസിനെ ഉപയോഗിച്ചു നേരിട്ടതിനായിരുന്നു ഇറങ്ങിപ്പോക്ക്.

സഭാ സമ്മേളനത്തിനിടയിലാണ് ശിവകുമാറിനെ പൊലീസ് തടഞ്ഞ വിവരമെത്തുന്നത്. മുൻകൂർ നോട്ടിസില്ലാതെ തന്നെ വിഷയാവതരണത്തിനു കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി അവസരം തേടി. ഇതിനിടെ, യുപിഎ കക്ഷികളുടെയും തൃണമൂൽ കോൺഗ്രസിന്റെയും നേതാക്കളോട് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ആശയവിനിമയം നടത്തി. പാർട്ടി അധ്യക്ഷ മമത ബാനർജിയോട് അടക്കം സംസാരിച്ച ശേഷമാണ് തൃണമൂൽ പിന്തുണ നൽകിയത്. എന്നാ‍ൽ, കർണാടക വിഷയത്തിൽ ഇനിയും സമയം അനുവദിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി സ്പീക്കർ നടപടികളുമായി മുന്നോട്ടുപോയി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അതും സ്പീക്കർ അവഗണിച്ചു.

പ്രതിഷേധം 10 മിനിട്ടിലേറെ നീണ്ടതോടെ സ്പീക്കർ അധീർ രഞ്ജൻ ചൗധരിക്ക് സംസാരിക്കാൻ സമയം അനുവദിച്ചു. ജനാധിപത്യത്തെ വഞ്ചിച്ചും അധികാരം പിടിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നും അധീർ ആരോപിച്ചു. പിന്നാലെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി. ആം ആദ്മി പാർട്ടിയുടെ ഏക അംഗം ഭഗവന്ത് സിങ് മൻ സഭയിൽ തുടർന്നു. എന്നാൽ, ശിവകുമാറിൽ നിന്നു സംരക്ഷണം ആവശ്യപ്പെട്ടു കോൺഗ്രസ് എംഎൽഎമാർ മുംൈബ പൊലീസിനു നൽകിയ കത്ത് സഭയിൽ ഉയർത്തിക്കാട്ടിയായിരുന്നു സർക്കാരിന്റെ മറുപടി. 

രാജ്യസഭയിൽ ബജറ്റ് ചർച്ച തടസ്സപ്പെട്ടു

ന്യൂഡൽഹി ∙ കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയെച്ചൊല്ലി കോൺഗ്രസ് നടുത്തളത്തിലിറങ്ങി ബഹളം വച്ചതിനാൽ രാജ്യസഭയിൽ ബജറ്റ് ചർച്ച തടസ്സപ്പെട്ടു. ബഹളത്തിനിടയിൽ പ്രസംഗിക്കാൻ മുൻ ധനമന്ത്രി പി. ചിദംബരവും ബിജു ജനതാ ദളിന്റെ പ്രസന്ന ആചാര്യയും വിസ്സമ്മതിച്ചു; ചർച്ചയിൽ പങ്കെടുക്കാനില്ലെന്നു വ്യക്തമാക്കി സമാജ്‍വാദി പാർട്ടിക്കാർ ഇറങ്ങിപ്പോയി. ഡിഎംകെയും സിപിഎമ്മും സിപിഐയും കോൺഗ്രസിനെ പിന്തുണച്ചു

 ഇന്നു രാവിലെ 11 ന് ബജറ്റ് ചർച്ച തുടരാമെന്ന് ഭരണപ്രതിപക്ഷങ്ങൾ ധാരണയിലെത്തി. ചർച്ചാവേളയിൽ ധനമന്ത്രി സഭയിലുണ്ടാവണമെന്ന് ആവശ്യപ്പെട്ടതായി കോൺഗ്രസ് രാജ്യസഭാകക്ഷി ഉപനേതാവ് ആനന്ദ് ശർമ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com