ADVERTISEMENT

ന്യൂഡൽഹി ∙ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസുകളിലെ മധ്യസ്ഥ ചർച്ചയുടെ സ്ഥിതി റിപ്പോർട്ട് 18 ന് അകം നൽകാൻ ജസ്റ്റിസ് (റിട്ട) എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയോടു സുപ്രീം കോടതി നിർദേശിച്ചു.

ചർച്ചകൊണ്ടു ഫലമില്ലെന്നാണു സമിതിയുടെ നിലപാടെങ്കിൽ ഭരണഘടനാ ബെഞ്ച് 25 മുതൽ കേസുകളിൽ വാദം കേൾക്കും.

ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, ചെന്നൈയിലെ അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുമുൾപ്പെട്ട മധ്യസ്ഥ സമിതിയെ കഴിഞ്ഞ മാർച്ച് 8 നാണു കോടതി നിയോഗിച്ചത്.

8 ആഴ്ചയാണു സമിതിക്ക് അനുവദിച്ചത്. മേയ് 10ന്, സമയപരിധി അടുത്ത മാസം 15 വരെ നീട്ടി. മധ്യസ്ഥ ചർച്ചയിൽ കാര്യമായ പുരോഗതിയില്ലെന്നും കേസുകൾ കോടതി പരിഗണിക്കണമെന്നും ഹർജിക്കാരിലൊരാളായ ഗോപാൽ സിങ് വിശാരദ് നൽകിയ അപേക്ഷയാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.

സമിതിക്ക് അടുത്ത മാസം 15 വരെ സമയമനുവദിച്ചിട്ട് ഇപ്പോൾ മധ്യസ്ഥത അവസാനിപ്പിക്കുന്നതു ശരിയല്ലെന്നു മുസ്‌ലിം സംഘടനകൾക്കു വേണ്ടി രാജീവ് ധവാൻ വാദിച്ചു.

ഒരു കക്ഷിക്കു താൽപര്യം നഷ്ടപ്പെട്ടു എന്നതുകൊണ്ടു മധ്യസ്ഥ നടപടികൾ അവസാനിപ്പിക്കരുത്. അത് മേയ് 10 ന്റെ ഉത്തരവിനു വിരുദ്ധമാകുമെന്നും ധവാൻ വിശദീകരിച്ചു.

എന്നാൽ, പല തവണ ചർച്ച നടന്നെങ്കിലും പുരോഗതിയില്ലെന്നു ഗോപാൽ സിങ് വിശാരദിനു വേണ്ടി കെ.പരാശരൻ വാദിച്ചു. ഇത്തരം തർക്കത്തിൽ മധ്യസ്ഥതയിലൂടെ പരിഹാരമുണ്ടാക്കുക പ്രയാസകരമാണ്. 

വിഷയം ഒട്ടേറെ ഭക്തരുടെ വിശ്വാസത്തെ സംബന്ധിച്ചതും വൈകാരികവുമാണ്. കോടതിതന്നെ വിഷയം പരിഗണിച്ചു തീർപ്പാക്കുന്നതാണ് ഉചിതമെന്നും പരാശരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com