sections
MORE

കർണാടക: ഒരു വിമതൻ തിരിച്ചെത്തി; അയഞ്ഞ് 3 പേർ

karnataka
കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ, വിമത എംഎൽഎ എംടിബി നാഗരാജിനെ പുലർച്ചെ വീട്ടിൽ സന്ദർശിച്ചപ്പോൾ.
SHARE

ബെംഗളൂരു∙ വിമതരിൽ ഒരാൾ രാജി പിൻവലിക്കുമെന്ന് അറിയിക്കുകയും 3 പേർ അൽപം അയയുകയും ചെയ്തതോടെ, നേരിയ ആശ്വാസത്തിൽ കർണാടകയിലെ കോൺഗ്രസ് – ജനതാദൾ (എസ്) സർക്കാർ. മുൻ മന്ത്രി എം.ടി.ബി.നാഗരാജാണ്, കോൺഗ്രസിൽ തുടരുമെന്ന് രാത്രി വൈകി അറിയിച്ചത്.

വിശ്വാസവോട്ടെടുപ്പിനു മുൻപ് വിമതരിൽ ചിലരെ തിരികെ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസും ദളും. ഇന്നലെ പുലർച്ചെ 5ന് കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ വീട്ടിലെത്തി 5 മണിക്കൂറോളം ചർച്ച നടത്തിയതിനു ശേഷമാണ് നാഗരാജ് അയഞ്ഞത്.

മുഖ്യമന്ത്രി കുമാരസ്വാമി, കോൺഗ്രസ് നിയമസഭാക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. തനിക്കൊപ്പം രാജിവച്ച കെ. സുധാകർ എംഎൽഎയും തിരിച്ചെത്തിയേക്കുമെന്നു നാഗരാജ് പറഞ്ഞു. 

സുധാകറിനു പുറമെ, കോൺഗ്രസ് വിമതരായ രാമലിംഗറെഡ്ഡി, റോഷൻ ബെയ്ഗ്, എൻ.മുനിരത്ന എന്നിവരുമായി കുമാരസ്വാമി ചർച്ച നടത്തി. കോൺഗ്രസ് വിടുമെന്നു പിതാവ് പറഞ്ഞിട്ടില്ലെന്നാണ് റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി എംഎൽഎയുടെ പ്രതികരണം.

16 വിമതരിൽ രാമലിംഗ റെഡ്ഡി മാത്രമാണു സുപ്രീംകോടതിയെ സമീപിക്കാത്തതും. റെഡ്ഡിയും മുനിരത്നയും രാജി പിൻവലിക്കുമെന്നാണു സൂചന. മുംബൈയിലുള്ള വിമതസംഘം രാജിയിൽ ഉറച്ചുനിൽക്കുകയാണ്. 

ബിജെപി ക്യാംപിൽ അവരുടെ എല്ലാ എംഎൽഎമാരും ഇല്ല എന്നും അഭ്യൂഹമുണ്ട്. തങ്ങളുടെ പക്ഷത്തുനിന്നുള്ളവരുമായി കോൺഗ്രസ് ബന്ധപ്പെടുന്നുണ്ടോ എന്നാണു ബിജെപി സംശയം.

നാളെത്തന്നെ വിശ്വാസവോട്ട് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ചൊവ്വാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇതിനു സാധ്യതയില്ല. 

നാഗരാജ് ഉൾപ്പെടെ 5 പേർ കൂടി സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി.

രാജിവച്ചത് സ്വമേധയാ തന്നെ: എംഎൽഎമാർ കോടതിയിൽ 

ന്യൂഡൽഹി ∙ രാജി അംഗീകരിക്കാത്ത കർണാടക സ്പീക്കറുടെ നടപടിക്കെതിരെ 10 എൽഎഎമാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ 5 എംഎൽഎമാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. 

ആനന്ദ് സിങ്, കെ.സുധാകർ, എം.ടി.ബി. നാഗരാജ്, മുനിരത്ന, റോഷൻ ബെയ്ഗ് എന്നിവരുടേതാണ് അപേക്ഷ. അപേക്ഷയ്ക്കൊപ്പം, രാജി സംബന്ധിച്ച സത്യവാങ്മൂലവും നൽകിയ 

ഇവർ ഉന്നയിക്കുന്ന വാദങ്ങൾ: 

∙രാജിക്കത്ത് സ്പീക്കർക്കു നേരിട്ടു നൽകിയതാണ്. രാജി സ്വമേധയാ ആണെന്നതും രാജിക്കത്ത് വാസ്തവമെന്നതും അതിൽനിന്നു വ്യക്തം. 

∙രാജിവച്ച ദിവസം അയോഗ്യതാപ്രശ്നം നിലവിലില്ലായിരുന്നു. അയോഗ്യരാക്കുന്നതിനുള്ള നടപടികൾ നിലവിലുണ്ട് എന്നു പറഞ്ഞ് രാജിക്കുള്ള അവകാശം നിഷേധിക്കാനാവില്ല. 

∙ സഭയ്ക്കു പുറത്തുനടന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെന്നത് അയോഗ്യതയ്ക്കു കാരണമാക്കാനാവില്ല. 

∙രാജിക്കുശേഷവും, സർക്കാരിനെ പിന്തുണച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA