ADVERTISEMENT

ന്യൂഡൽഹി ∙ കർണാടകയിലെ വിമത എംഎൽഎമാരും സ്പീക്കറും മുഖ്യമന്ത്രിയും നൽകിയ ഹർജികളിൽ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളിൽ വിശദ പരിശോധന ആവശ്യമാണെന്നും അതിനായി ചൊവ്വാഴ്ച കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്. 

രാജിക്കാര്യത്തിൽ കഴിഞ്ഞ ദിവസംതന്നെ തീരുമാനമെടുക്കണമെന്ന കോടതി നിർദേശത്തിനെതിരെയാണു സ്പീക്കറും മുഖ്യമന്ത്രിയും കോടതിയെ സമീപിച്ചത്. ഉത്തരവു പാലിക്കാത്ത സ്പീക്കർക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് എംഎൽഎമാർക്കുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. 

സ്പീക്കർക്കു നിർദേശം നൽകാൻ കോടതിക്കുള്ള അധികാരത്തെ ചോദ്യം ചെയ്യുകയാണെന്നും രാജിക്കാര്യത്തിനു മുൻപ് അയോഗ്യതാവിഷയത്തിൽ തീരുമാനമെടുക്കാൻ തന്റെ കക്ഷിക്ക് ബാധ്യതയുണ്ടെന്നും സ്പീക്കർക്കുവേണ്ടി ഹാജരായ അഭിഷേക് സിങ്‌വി കോടതിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സ്പീക്കറുടെ ഭാഗം കേൾക്കാതെയായിരുന്നു ഉത്തരവെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ രാജീവ് ധവാൻ വാദിച്ചു. വാദങ്ങൾ: 

∙മുകുൾ റോഹത്ഗി: ബജറ്റിന്റെ വോട്ടെടുപ്പിൽ വിപ്പ് ലംഘിച്ചാൽ അയോഗ്യരാക്കുന്നതുപോലെയാണ് രാജിയിൽ സ്പീക്കർ തീരുമാനം വൈകിക്കുന്നത്. രാജിക്കത്തുകൾ പരിശോധിക്കാൻ സമയം വേണമെന്നു പറയുന്ന സ്പീക്കർതന്നെ, ഉത്തരവിടാൻ കോടതിക്കുള്ള അധികാരത്തെയും ചോദ്യം ചെയ്യുന്നു. ഒറ്റവരിയിലുള്ള രാജിക്കത്ത് പഠിക്കാനാണ് സമയം ചോദിച്ചത്. ഒന്നോ രണ്ടോ ദിവസം അനുവദിക്കുക, അതിനിടെ എംഎൽഎമാരെ അയോഗ്യരാക്കുന്നതു തടയണം.

∙അഭിഷേക് സിങ്‌വി: അയോഗ്യതാവിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. സ്പീക്കർ മുതിർന്ന അംഗമാണ്, അദ്ദേഹത്തിനു ഭരണഘടനാ വ്യവസ്ഥകളറിയാം. അദ്ദേഹത്തെ അവഹേളിക്കരുത്. കൂറുമാറ്റ നിയമപ്രകാരം എംഎൽഎമാർ അയോഗ്യരാക്കപ്പെടും. രാജിക്കാര്യത്തിനു മുൻപ് അയോഗ്യതാവിഷയത്തിൽ തീരുമാനമെടുക്കും. അയോഗ്യതയെ മറികടക്കാനാണ് എംഎൽഎമാരുടെ രാജി. 

∙രാജീവ് ധവാൻ: രാജികൾ സ്വമേധാ ഉള്ളതും വാസ്തവുമാണോയെന്നു പരിശോധിക്കാൻ സ്പീക്കർക്കു ബാധ്യതയുണ്ട്. അപ്പോഴാണ്, സർക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹർജിയിൽ കോടതി ഏകപക്ഷീയമായി ഉത്തരവിട്ടത്. എംഎൽഎമാരുടെ ഹർജി തികച്ചും രാഷ്ട്രീയപരമാണ്. വസ്തുതകൾ ശരിയായി ബോധിപ്പിക്കാതെ കോടതിയെ രാഷ്ട്രീയക്കളിയിലേക്കു വലിച്ചിഴയ്ക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com