ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ഗോത്രവർഗക്കാരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ പോയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. മിർസാപുർ ജില്ലയിലെ സോൻഭദ്രയിൽ നിരോധനാജ്ഞയാണെന്നും അങ്ങോട്ടു പോകാനാകില്ലെന്നും പൊലീസ് നിലപാടെടുത്തതോടെ പ്രിയങ്ക റോഡിൽ കുത്തിയിരുന്നു.

തന്റെ മകന്റെ പ്രായമുള്ള കുട്ടിയാണു വെടിവയ്പിൽ കൊല്ലപ്പെട്ടതെന്നും അവരുടെ ബന്ധുക്കളെ കാണുന്നതിന് എന്താണു തടസ്സമെന്നും പ്രിയങ്ക ചോദിച്ചു. പ്രിയങ്കയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണെന്ന് രാഹുൽഗാന്ധി ആരോപിച്ചു. അറസ്റ്റ് ചെയ്തില്ലെന്നും തടഞ്ഞശേഷം അടുത്തുള്ള ഗെസ്റ്റ് ഹൗസിലേക്ക് മാറ്റുക മാത്രമാണുണ്ടായതെന്നുമാണു പൊലീസ് വിശദീകരണം. എന്നാൽ ഉത്തർപ്രദേശ് സർക്കാർ തന്നെ അറസ്റ്റു ചെയ്തെന്നും കഴിഞ്ഞ ഒൻപതു മണിക്കൂറായി തടഞ്ഞു വച്ചിരിക്കുകയാണെന്നും രാത്രി വൈകി പ്രിയങ്ക ട്വീറ്റ് ചെയ്തു. 50,000 രൂപയുടെ ജാമ്യമെടുക്കാൻ തയ്യാറായില്ലെങ്കിൽ 14 ദിവസത്തേയ്ക്ക് ജയിലിൽ പോകേണ്ടിവരുമെന്നാണ് മുന്നറിയിപ്പെന്നും അറിയിച്ചു. എന്നാൽ ജാമ്യമെടുക്കാൻ തയ്യാറല്ലെന്നും ജനം എല്ലാം കാണുന്നുണ്ടെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. 

നിരോധനാജ്ഞ പ്രകാരം നാലിലധികം പേർ കൂട്ടംചേരാനാവില്ലെങ്കിൽ താനുൾപ്പെടെ 4 പേർ മാത്രമേ പോകൂ എന്ന് പ്രിയങ്ക അറിയിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തുടനീളം വരുംദിവസങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വിഷയം തിങ്കളാഴ്ച പാർലമെന്റിൽ ഉന്നയിക്കും. 

ചോര വീണ സോൻഭദ്ര 

∙ സോൻഭദ്രയിലെ ഖൊരാവൽ ഗ്രാമത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഗ്രാമമുഖ്യൻ യഗ്യ ദത്തും നിവാസികളായ ഗോന്ദ് ഗോത്രവർഗക്കാരും തമ്മിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തർക്കത്തിനൊടുവിൽ മരിച്ചു വീണത് 3 സ്ത്രീകളടക്കം 10 പേർ. സ്ഥലമൊഴിയണമെന്ന ആവശ്യത്തിനു വഴങ്ങാതിരുന്ന നാട്ടുകാർക്കു നേരെ യഗ്യയുടെ അനുയായികൾ വെടിയുതിർക്കുകയായിരുന്നു. 28 പേർക്കു ഗുരുതരമായി പരുക്കേറ്റു. യഗ്യയുൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു. ആകെ പ്രതികൾ 78. 

∙ പ്രിയങ്കയെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി അസ്വസ്ഥതയുളവാക്കുന്നു. ദാരുണമായി കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ പോയ പ്രിയങ്കയെ അധികാരം ദുരുപയോഗിച്ചാണു പൊലീസ് തടഞ്ഞത്. യുപിയിൽ ബിജെപി സർക്കാർ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്കു തെളിവാണിത്. 

– രാഹുൽ ഗാന്ധി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com