ADVERTISEMENT

ഇന്ത്യയുടെ ചന്ദ്രയാൻ–2 ദൗത്യത്തിന് ആവേശത്തുടക്കം. കഴിഞ്ഞയാഴ്ചത്തെ വിക്ഷേപണ തടസ്സത്തിന്റെ കോട്ടം പരിഹരിക്കുന്ന അപ്രതീക്ഷിത കുതിപ്പിലൂടെ പേടകത്തെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ്, ആദ്യം കണക്കുകൂട്ടിയതിലും 6000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഇങ്ങനെ ഇന്ധനം ലാഭിച്ചതോടെ പേടകത്തിന്റെ ആയുസ്സേറി. ആദ്യം കണക്കുകൂട്ടിയ ഒരു വർഷത്തിലേറെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവർത്തിക്കാമെന്നതാണു മെച്ചം. 

സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ഉച്ചയ്ക്ക് 2.43നു കുതിച്ചുയർന്ന റോക്കറ്റ് 16 മിനിറ്റും 14 സെക്കൻഡും കൊണ്ട് ചന്ദ്രയാൻ–2 പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. പേടകത്തിന്റെ സോളർ അറ സ്വയം പ്രവർത്തനക്ഷമമായി ‘ഇസ്രൊ’യുടെ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ബെംഗളൂരുവിലെ കേന്ദ്രത്തിലേക്ക്  ആദ്യസന്ദേശമയച്ചു. ഇനി 48 ദിവസം കൊണ്ട് 3.84 ലക്ഷം കിലോമീറ്റർ താണ്ടി സെപ്റ്റംബർ 7നു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ഈ മാസം 15നു നിശ്ചയിച്ച വിക്ഷേപണം അവസാന മണിക്കൂറിൽ മാറ്റിവയ്ക്കേണ്ടിവന്നിരുന്നതിനാൽ രാജ്യം മുഴുവൻ ആകാംക്ഷയിലായിരുന്നു. ഒരു പിഴവുമില്ലാതെ, നിശ്ചയിച്ച സമയത്തു തന്നെ ജിഎസ്എൽവി കുതിച്ചുയർന്നു. 

മിഷൻ 48 ഡേയ്സ്

ആദ്യ 23 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ പേടകം, തുടർന്നുള്ള 7 ദിവസം കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു മാറും. 13 ദിവസം ചന്ദ്രനെ വലംവച്ച് ഭ്രമണപഥം ചെറുതാക്കും. തുടർന്ന് ഓർബിറ്ററിൽനിന്നു വേർപെടുന്ന ‘വിക്രം’ ലാൻഡർ അഞ്ചാം ദിവസം  ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പൂർണനിയന്ത്രണത്തോടെ  ഇറങ്ങും.

ഇതു വിജയിക്കുന്നതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന  ആദ്യരാജ്യമായും പൂർണനിയന്ത്രണത്തോടെ ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com