ADVERTISEMENT

ന്യൂഡൽഹി ∙ വൻ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ ‘കാപ്പി രാജാവ്’ വി.ജി. സിദ്ധാർഥയുടെ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (സിഡിഇഎൽ) ബാധ്യത മുൻ ‍വർഷത്തേതിൽ നിന്ന് ഇരട്ടിച്ച് 5,200 കോടി രൂപയായി.

ഉടമകളുടെ (പ്രമോട്ടർ) ഓഹരികളിൽ 75 ശതമാനത്തിലേറെയും പണയപ്പടുത്തി വായ്പയെടുത്തിട്ടുമുണ്ട്. സിദ്ധാർഥയുടെ മറ്റു സംരംഭങ്ങളുടെ സാമ്പത്തികനിലയും ഭദ്രമല്ല. ബാങ്കുകൾ, സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ, വൻകിട കാപ്പി കർഷകർ തുടങ്ങി ലഭ്യമായ എല്ലാ കേന്ദ്രങ്ങളിലും നിന്ന് കടമെടുത്തിട്ടുള്ളതായും അറിവായി.

 ഇക്കഴിഞ്ഞ ജൂണിൽ വരെ ഓഹരികൾ പണയപ്പെടുത്തി കൂടുതൽ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ ഏതൊക്കെ വായ്പ തിരിച്ചടയ്ക്കാതെ നിഷ്ക്രിയ ആസ്തി ആയിട്ടുണ്ടെന്നു പരിശോധിച്ചുവരുന്നു. വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സിഡിഇഎല്ലിന്റെ കഴിഞ്ഞ മാർച്ച് 31 ലെ ബാധ്യത 5,251 കോടി രൂപയാണ്. കഴിഞ്ഞ ത്രൈമാസത്തിലെ റിപ്പോർട്ട് കമ്പനി ഫയൽ ചെയ്തിട്ടില്ല. 

ഇതേസമയം, വിപണിയിൽ സിഡിഇഎൽ ഓഹരികളിലെ ഇടിവ് തുടരുന്നു. ഇന്നലെ ദേശീയ വിപണിയിൽ 10% ഇടിഞ്ഞ് വില 110.50 ആയി. ഏറ്റവും കുറഞ്ഞ ത്രിദിന ഇടപാടു പരിധിയെത്തിയതിനെ തുടർന്ന് ഇടപാട് നിർത്തിവച്ചു. കഴിഞ്ഞ 3 ദിവസങ്ങളിലായി 42% ഇടിവാണുണ്ടായത്. 2343.84 കോടി രൂപയാണ് കമ്പനിയുടെ ഇന്നലത്തെ വിപണിമൂല്യം. 

സിദ്ധാർഥയുടെ  മരണം അറിയാതെ അച്ഛൻ ആശുപത്രിയിൽ

ചിക്കമഗളൂരു (കർണാടക) ∙ കഫേ കോഫി ഡേ ഉടമ വി.ജി.സിദ്ധാർഥയുടെ മരണവിവരം അറിയാതെ അച്ഛൻ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ. അബോധാവസ്ഥയിലുള്ള അച്ഛൻ ഗംഗയ്യ ഹെഗ്ഡേയെ (94) മരണത്തിനു രണ്ടു ദിവസം മുൻപു മൈസൂരിലെ ആശുപത്രിയിൽ സിദ്ധാർഥ സന്ദർശിച്ചിരുന്നു.

അമ്മ വാസന്തി ഹെഗ്ഡേയും മൈസൂരുവിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചിക്കമഗളൂരുവിലെത്തി സിദ്ധാർഥയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.15 ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണു ഗംഗയ്യ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com