ADVERTISEMENT

ന്യൂഡൽഹി ∙ കശ്മീർ വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധമുയർത്തി പ്രതിപക്ഷം. സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്നതു സംബന്ധിച്ച ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ പിഡിപി എംപി മിർ മുഹമ്മദ് ഫയാസ് ഭരണഘടന കീറിയെറിഞ്ഞു.

വസ്ത്രവും കീറിയ ഫയാസ്, ഒപ്പമുണ്ടായിരുന്ന പാർട്ടി എംപി നസീർ അഹമ്മദ് ലവായ്ക്കൊപ്പം സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. സഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന്റെ നിർദേശ പ്രകാരം ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ സഭയിൽനിന്നു ബലമായി നീക്കി. ഭരണഘടനയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നു നായിഡു പറഞ്ഞു.

ബില്ലിനെതിരെ കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ, സിപിഎം, സിപിഐ കക്ഷികൾ നടുത്തളത്തിലേക്കു പാഞ്ഞു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, തൃണമൂലിന്റെ ഡെറക് ഒബ്രിയൻ എന്നിവർ നടുത്തളത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. കശ്മീർ താഴ്‍വരയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും 3 മുൻ മുഖ്യമന്ത്രിമാർ അടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിലാണെന്നും ആസാദ് പറഞ്ഞു.

ലോക്സഭയിൽ കോൺഗ്രസ്, ഡിഎംകെ, സിപിഎം, ആർഎസ്പി, തൃണമൂൽ എന്നിവ പ്രതിഷേധിച്ചു. തൃണമൂൽ ഒഴികെയുള്ള കക്ഷികളിലെ എംപിമാർ നടുത്തളത്തിലിറങ്ങി. ടിഡിപി, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവ പ്രതിഷേധത്തിൽനിന്നു വിട്ടുനിന്നു. കേരളത്തിൽ നിന്നുള്ള എംപിമാർ മലയാളത്തിലും തമിഴ്നാട്ടിൽ നിന്നുള്ളവർ തമിഴിലും മുദ്രാവാക്യം വിളിച്ചു.

ഉത്തരേന്ത്യയിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ മലയാളം, തമിഴ് മുദ്രാവാക്യങ്ങൾ ഏറ്റുചൊല്ലി. നിർത്താതെ മുദ്രാവാക്യം വിളിച്ചപ്പോൾ തൊണ്ട ഇടറിയ എംപിമാർക്കു സോണിയാ ഗാന്ധി പഴ്സിൽനിന്നു മിഠായി എടുത്തു നൽകി; കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ പ്രോത്സാഹിപ്പിച്ചു. 

രമ്യാ ഹരിദാസ് സർക്കാരിനെതിരെ പാട്ടുപാടി പ്രതിഷേധിച്ചു. കടലാസ് കീറിയെറിഞ്ഞ എംപിമാർ, കശ്മീരിൽ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ.ശ്രീകണ്ഠൻ എന്നിവർ സ്പീക്കറുടെ കസേരയ്ക്കു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. കൊടിക്കുന്നിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയെങ്കിലും സ്പീക്കർ ഓം ബിർള അനുമതി നൽകിയില്ല.

വൈകിട്ട് അഞ്ചരയോടെ ലോക്സഭയിലെത്തിയ അമിത് ഷാ കശ്മീർ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കിയതിനു പിന്നാലെ, പ്രതിപക്ഷം ബഹളത്തിനു വീര്യം കൂട്ടി.

കശ്മീർ പുനഃസംഘടന സംബന്ധിച്ച ബിൽ എംപിമാർക്കു ലഭ്യമാക്കാതെ, പ്രമേയം അവതരിപ്പിച്ച സർക്കാർ നടപടി സഭാചട്ടങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ടി.ആർ.ബാലു (ഡിഎംകെ) എന്നിവർ ആരോപിച്ചു. തുടർന്നു പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്നിറങ്ങിപ്പോയി.

 

കേന്ദ്രത്തിന് വിമർശനം:നടപടിക്രമം പാലിച്ചില്ല

ന്യൂഡൽഹി ∙ ഭരണഘടനയുടെ 370–ാം വകുപ്പിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയ വ്യവസ്ഥകൾ ഒഴിവാക്കിയതിനെ ശരിവയ്ക്കുന്നവർപോലും പക്ഷേ, അതിനു സർക്കാർ സ്വീകരിച്ച മാർഗത്തെ ചോദ്യം ചെയ്യുന്നു.

ഭരണഘടനാ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം പാലിച്ചില്ലെന്നതാണു പ്രധാന വിമർശനം. രാഷ്ട്രപതി ഇന്നലെ ഇറക്കിയ ഉത്തരവിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നു. കാരണങ്ങൾ പലതാണ്:

∙ 370(3) വകുപ്പനുസരിച്ച്, 370–ാം വകുപ്പിലെ വ്യവസ്ഥകൾ ഉത്തരവിലൂടെ ഭേദഗതി ചെയ്യാനും വകുപ്പു മുഴുവനായി ഇല്ലാതാക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്. എന്നാൽ, അത്തരമൊരു ഉത്തരവിനു ഭരണഘടനാ സഭയുടെ ശുപാർശ വേണം. ഭരണഘടനാ സഭ നിലവിലില്ല. അതുകൊണ്ടാണ്, 370–ാം വകുപ്പിൽ ഭരണഘടനാ സഭ എന്നുള്ള പ്രയോഗത്തെ, സംസ്ഥാന നിയമസഭ എന്നു മാറ്റുന്നതായി രാഷ്ട്രപതിയുടെ ഉത്തരവിൽ പറഞ്ഞത്.

ഭരണഘടനാ സഭ നിലവിലില്ലാത്തപ്പോൾ, അധികാരപ്രയോഗത്തിനു രാഷ്ട്രപതിക്കു നേരിട്ടു തീരുമാനിക്കാമെന്നും 370(3) പ്രയോഗിക്കാൻ പറ്റില്ലെന്നും വാദങ്ങളുണ്ട്. എന്നാൽ, മൂന്നാമതൊരു മാർഗമാണു സർക്കാർ സ്വീകരിച്ചത്. സംസ്ഥാന നിയമസഭയും നിലവിലില്ലാത്തപ്പോൾ, ഭരിക്കുന്ന ഗവർണറുടെ ശുപാർശപ്രകാരം രാഷ്ട്രപതി നടപടിയെടുക്കുന്നു; ആ നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം നേടുന്നു.

∙ 370 പ്രകാരമുള്ള അധികാരം പ്രയോഗിച്ച് ഉത്തരവിറക്കുമ്പോൾ ഭരണഘടനയിലെ മറ്റേതെങ്കിലും വകുപ്പ് ഭേദഗതി ചെയ്യാൻ രാഷ്ട്രപതിക്കു സാധിക്കുമോയെന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. ചില വകുപ്പുകളുടെ വ്യാഖ്യാനം സംബന്ധിച്ചതാണു ഭരണഘടനയിലെ 367–ാം വകുപ്പ്.

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വകുപ്പുകൾ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിന് 367(4) എന്നൊരു ഉപവകുപ്പ് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഇന്നലെ പ്രാബല്യത്തിലാക്കി. ഉത്തരവിനു പാർലമെന്റ് അംഗീകാരം നൽകിയെങ്കിലും ഭരണഘടനാ ഭേദഗതിക്കുള്ള വ്യവവസ്ഥകൾ പാലിക്കപ്പെട്ടോ എന്നുള്ള ചോദ്യം നിലനിൽക്കുന്നു.

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയശേഷമാണു ഭരണഘടനാ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകുക. ഇവിടെ മറിച്ചാണു സംഭവിച്ചതും.

8000 അർധസേനാംഗങ്ങൾ കൂടി കശ്മീരിൽ

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ കൂടുതൽ അർധസേനാംഗങ്ങളെ അയച്ചു കേന്ദ്ര സർക്കാർ. യുപി, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നുള്ള 8000 സേനാംഗങ്ങളെ ഇന്നലെ വിമാനമാർഗം സംസ്ഥാനത്തെത്തിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 38,000 സേനാംഗങ്ങളെ കശ്മീരിലേക്ക് അയച്ചതിനു പുറമേയാണിത്. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കാൻ കര, വ്യോമ സേനകൾക്കു സർക്കാർ നിർദേശം നൽകി. 

കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെടുക്കാൻ കേരളമടക്കം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം നൽകി. കേരളത്തിലെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകി. 

വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിനു പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിച്ചു നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകി. 

യുഎസ് അടക്കമുള്ള രാജ്യങ്ങളെ ഇന്ത്യ വിവരം അറിയിച്ചു

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ നടപടികളെക്കുറിച്ച് ഇന്ത്യ ലോകരാഷ്ട്രങ്ങളെ ധരിപ്പിച്ചു. യുഎൻ രക്ഷാസമിതിയിലെ 5 സ്ഥിരാംഗങ്ങളായ യുഎസ്, ചൈന, ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് ആദ്യം വിവരങ്ങൾ ധരിപ്പിച്ചത്. ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാൻ വിമർശിക്കുമെന്ന മുൻധാരണയോടെയായിരുന്നു ഈ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com