ADVERTISEMENT

ന്യൂഡൽഹി ∙ ശ്രീരാമൻ ജനിച്ച സ്ഥലത്തിനു നിയമപരമായ അവകാശമുള്ള വ്യക്തിത്വമെന്ന പരിഗണന നൽകുന്നതെങ്ങനെയെന്നു സുപ്രീം കോടതിയുടെ ചോദ്യം. ഹിന്ദുമതത്തിൽ ഒരു സ്ഥലം പവിത്രമെന്നു കണക്കാക്കി ആരാധിക്കാൻ പ്രതിഷ്ഠയുടെ ആവശ്യമില്ലെന്നും സൂര്യചന്ദ്രൻമാരും ആരാധിക്കപ്പെടുന്നുണ്ടെന്നും അഭിഭാഷകൻ കെ. പരാശരന്റെ മറുപടി.

രാമജന്മഭൂമി – ബാബറി മസ്ജിദ് കേസിൽ രാമജന്മഭൂമിയെന്ന (രാം ലല്ല വിരാജ്മാൻ) എന്ന കക്ഷിക്കായാണു പരാശരൻ ഹാജരായത്. പ്രതിഷ്ഠകൾക്കു നിയമപരമായ വ്യക്തിത്വം അനുവദനീയമെങ്കിലും സ്ഥലത്തിന്റെ കാര്യത്തിൽ അതു പറ്റുമോയെന്നു ചോദിച്ച കോടതിതന്നെ, നദികൾക്കു നിയമപരമായ വ്യക്തിത്വം അനുവദിച്ചു വിധി നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

തർക്കഭൂമി മജിസ്ട്രേട്ട് കണ്ടുകെട്ടിയപ്പോൾ രാം ലല്ല വിരാജ്മാനെ കക്ഷിയാക്കിയിരുന്നില്ലെന്നു പരാശരൻ പറഞ്ഞു. മജിസ്ട്രേട്ട് ഭൂമി കണ്ടുകെട്ടിയതും റിസീവറെ നിയോഗിച്ചതും തെറ്റാണ്. ആരാധനാവകാശം തടയുന്നതിലൂടെ തെറ്റു തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 

1949 ഡിസംബർ 16 നാണു തർക്കമന്ദിരത്തിൽ അവസാനം നമാസ് (നമസ്കാരം) നടന്നുവെന്നത്, വിഗ്രഹം സ്ഥാപിച്ചു കഴിഞ്ഞാൽ അവിടെ മുസ്‌ലിംകൾക്കു പ്രാർഥിക്കാനാകില്ല എന്നതുകൊണ്ടാണോയെന്നു കോടതി ചോദിച്ചു. വിഗ്രഹം സ്ഥാപിച്ചതോടെ മന്ദിരത്തിന്റെ സ്വഭാവം മാറിയെന്നു ഹൈന്ദവ ഭാഗത്തുനിന്നുള്ള കക്ഷികളിലൊരാൾക്കുവേണ്ടി ഹാജരായ സി.എസ്. വൈദ്യനാഥൻ പറഞ്ഞു. നാളെയും വാദം തുടരും.

തർക്കഭൂമിക്ക് അവകാശമുന്നയിച്ച നിർമോഹി അഖാഡയുടെ അഭിഭാഷകൻ സുശീൽ കുമാർ ജെയിനോടു രേഖാപരമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. ജെയിന് ഇന്ന് അവസരം നൽകുമെന്നു കോടതി പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com