ADVERTISEMENT

ന്യൂയോർക്ക് ∙ കശ്മീർ പ്രശ്നം ഉഭയകക്ഷി പ്രശ്നമാണെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് പരിഹരിക്കേണ്ടതാണെന്നുമുള്ള നിലപാടിൽ ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ഉറച്ചുനിന്നതോടെ രാജ്യാന്തര പിന്തുണ നേടാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾ പാഴായി.

ഷിംല കരാർ പ്രകാരം മൂന്നാം കക്ഷിയുടെ ഇടപെടലില്ലാതെ പരിഹരിക്കേണ്ട ഉഭയകക്ഷിപ്രശ്നമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയതോടെ, അദ്ദേഹത്തോട് പാക്കിസ്ഥാൻ നടത്തിയ അഭ്യർഥനയും വൃഥാവിലായി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷിപ്രശ്നമാണെന്നും ഇരുപക്ഷവുമാണ് ഇതു സംബന്ധിച്ച തുടർചർച്ചകൾ നടത്തേണ്ടതെന്നുമുള്ള പ്രഖ്യാപിത നിലപാട് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർടാഗസ് ആവർത്തിക്കുകയും ചെയ്തു.    

യുഎസ് നിലപാടിൽ മാറ്റമില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ടു ചർച്ച നടത്തുന്നതിനെ പിന്തുണയ്ക്കുമെന്നും മോർഗൻ വ്യക്തമാക്കിയപ്പോൾ യുഎൻ സെക്രട്ടറി ജനറൽ ഷിംല കരാർ ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. കശ്മീർ പ്രശ്നം സമാധാനപരമായി ഇരുരാജ്യങ്ങളും തമ്മിൽ തീർക്കാമെന്ന് 1972ലെ കരാറിൽ പറഞ്ഞിട്ടുളള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയതായി വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. 

സെക്രട്ടറി ജനറലിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പാക്കിസ്ഥാന്റെ യുഎൻ പ്രതിനിധി മലീഹ ലോധി കഴിഞ്ഞ ദിവസം അഭ്യർഥന നടത്തിയതിനു പിന്നാലെയാണു വിശദീകരണം. രക്ഷാസമിതി പ്രസിഡന്റ് ജോന റോണിക്കയെ ലോധി കണ്ടിരുന്നെങ്കിലും ജോനയും പ്രതികരിക്കാൻ തയാറായില്ല.

കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി, കശ്മീർ അടക്കം ലോകത്തെവിടെയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിയമങ്ങൾ പാലിക്കണമെന്ന് തങ്ങൾ ആ രാജ്യങ്ങളോടെല്ലാം അഭ്യർഥിക്കാറുണ്ടെന്ന് യുഎസ് വക്താവ് മോർഗൻ വ്യക്തമാക്കി.

ഇതിനിടെ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെടുത്തേണ്ടെന്ന് താലിബാൻ വക്താവ് സഹിബുല്ല മുജാഹിദ് പാക്കിസ്ഥാനോടു പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com