sections
MORE

ചൈനയ്ക്ക് തക്ക മറുപടി നൽകി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

jaisankar
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ബെയ്ജിങ്ങിൽ ചൈനയുടെ വൈസ് പ്രസിഡന്റ് വാങ് ക്വിഷനുമായി കൂടിക്കാഴ്ച നടത്തുന്നു.
SHARE

കശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ തീരുമാനം ചൈനയുടെയോ പാക്കിസ്ഥാന്റെയോ താൽപര്യങ്ങളെ ബാധിക്കുന്നതല്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഭരണഘടനാഭേദഗതിക്കുളള എല്ലാ അധികാരവും ഇന്ത്യയ്ക്കുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശദീകരിച്ചു.

ഇന്ത്യൻ തീരുമാനത്തിലുള്ള ആശങ്കയും കടുത്ത അസന്തുഷ്ടിയും വാങ് യി വ്യക്തമാക്കിയതിനാണു തക്കതായ മറുപടി ജയശങ്കർ നൽകിയത്. തന്റെ വിശദീകരണത്തിൽ ചൈന തൃപ്തരാണെന്ന വിശ്വാസമാണുള്ളതെന്നു ജയശങ്കർ മാധ്യമങ്ങളോടു പറഞ്ഞു..

ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിലും അക്സായി ചിന്നിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ തുറന്നടിച്ചതിലും നേരത്തേ പ്രകടിപ്പിച്ച അതൃപ്തി ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ വാങ് യി ഔദ്യോഗികമായി ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നു ജയശങ്കർ പറഞ്ഞു. 

ചൈനീസ് അതിർത്തിയുമായോ നിയന്ത്രണരേഖയുമായോ ഇതിനു ബന്ധമില്ല, അതിർത്തിയിൽ ഇന്ത്യ കൂടുതൽ അവകാശവാദം ഉന്നയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചൈനയുടെ ആശങ്കകൾ അസ്ഥാനത്താണ്.

യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുവേണം ചൈന നിഗമനങ്ങളിലെത്താൻ. പാക്കിസ്ഥാന്റെ പ്രകോപനങ്ങളോടു സംയമനത്തോടെയുള്ള നിലപാടുകളാണ് ഇന്ത്യ സ്വീകരിക്കുന്നത്. പാക്കിസ്ഥാനെ മെരുക്കണമെന്ന വ്യക്തമായ സന്ദേശം തന്നെ ഇന്ത്യ ഇക്കാര്യത്തിൽ ചൈനയ്ക്കു നൽകി.

കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് ജയശങ്കർ വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണു പ്രധാനം. ഭിന്നതകൾ തർക്കങ്ങളായി വളരരുത്–: ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യയോട് എക്കാലത്തും നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്, ഇന്ത്യാ–ചൈന ഉന്നതതലമാധ്യമസമ്മേളനത്തിൽ പങ്കെടുത്തു വാങ് യി പറഞ്ഞു. രാവിലെ ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷനുമായും കൂടിക്കാഴ്ച നടത്തിയ ജയശങ്കർ ഇന്നു മടങ്ങും.

മോദി–ഷിൻ ഉച്ചകോടി വാരാണസിയിൽ?

∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന അനൗപചാരിക ഉച്ചകോടി ഒക്ടോബർ 11, 12 തീയതികളിൽ വാരാണസിയിൽ തന്നെയെന്നു സൂചന.

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ജയശങ്കർ വിസമ്മതിച്ചു. അതേസമയം ഉച്ചകോടിയുടെ തയാറെടുപ്പുകളും അജൻ‍ഡയും സംബന്ധിച്ചു വിശദമായ ചർച്ച നടന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സൗഹൃദത്തിന് 100 വഴി

∙ ഇന്ത്യാ–ചൈന നയതന്ത്രബന്ധത്തിന്റെ 70ാം വാർഷികത്തോടനുബന്ധിച്ചു ബന്ധം ദൃഢമാക്കുന്ന 100 നടപടികൾക്കു ഇരുരാജ്യങ്ങളും ധാരണയായി.

കൈലാസ് –മാനസസരോവർ യാത്രയുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം സ്വീകരിക്കാമെന്ന് ചൈന സമ്മതിച്ചതായി എസ്. ജയശങ്കർ പറഞ്ഞു.

വ്യാപാരമേഖലയിൽ വിവിധ കരാറുകൾക്കും ധാരണയായി. ഭാവി സഹകരണത്തിനായി പത്തു മേഖലകൾ തിരഞ്ഞെടുത്തു.

അതിർത്തി: നീരസം മറച്ചുവയ്ക്കാതെ ചൈന

∙ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് ഇന്ത്യ യുക്തമായ പരിഹാരം കണ്ടെത്തണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.

ചൈനയുടെ ആശങ്കകളും തത്വാധിഷ്ഠിതമായ നിലപാടുകളും ഇന്ത്യൻ വിദേശകാര്യമന്ത്രിയെ ധരിപ്പിച്ചുവെന്നും ജയശങ്കറുടെ സാന്നിധ്യത്തിൽ വാങ് യി വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA