ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്സലുകൾ പൂർത്തിയായാൽ നിശാനിയമത്തിൽ കൂടുതൽ ഇളവു വരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

ബക്രീദ് ദിനം ശാന്തമായി കടന്നുപോയതിനാൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ പറഞ്ഞു.

ജമ്മു മേഖലയിൽ നിയന്ത്രണങ്ങൾ ഏറെയില്ല. എന്നാൽ താഴ്‍വരയിൽ നിയന്ത്രണങ്ങൾ ശക്തമാണ്. ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളിൽ ഇളവു നൽകുകയെന്നും കൻസാൽ പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് ആശയവിനിമയത്തിനായി 300 പബ്ലിക് ഫോൺ ബൂത്തുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ലഭ്യമല്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഓഗസ്റ്റ് 5 മുതൽ  വാർത്താവിനിമയ സംവിധാനങ്ങൾ പരിമിതപ്പെടുത്തിയിരുന്നു. കേബിൾ നെറ്റ്‍വർക്കിൽ വാർത്താ ചാനലുകളും ഇല്ലാതായി.

വൈദ്യസഹായത്തിന് തടസ്സമുണ്ടായിട്ടില്ല. ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ പറയുന്നു.

ദിവസങ്ങളോളം ഹുറിയത് അടക്കമുളള സംഘടനകൾ ഹർത്താൽ നടത്താറുണ്ടായിരുന്നു.

തുടർച്ചയായ അക്രമസംഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണ്. ദേശീയപാതയിൽ തടസ്സങ്ങളില്ല. വിമാന സർവീസും തുടരുന്നു.

ജമ്മു കശ്മീരിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും മാധ്യമപ്രതിനിധികൾക്ക് സ്വതന്ത്ര സഞ്ചാരവും സുരക്ഷയും ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭസീൻ സുപ്രീം കോടതിയെ സമീപിച്ചു.

ഹർജി ഉടനെ പരിഗണിക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടു.

ഇതേസമയം, ജാമിയ മിലിയ ഇസ്‍ലാമിയ സർവകലാശാലയിലെ കശ്മീരി വിദ്യാർഥികൾക്ക് ജമ്മു കശ്മീർ സർക്കാർ ഒരുക്കിയ ഉച്ചവിരുന്നു റദ്ദാക്കി.

വിരുന്നിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്നു വിദ്യാർഥികൾ അറിയിച്ചതിനെ തുടർന്നാണിത്.

വിരുന്നിൽ പങ്കെടുക്കുന്നത് കശ്മീർ ജനതയുടെ അവകാശങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാവുമെന്നു വിദ്യാർഥികൾ പ്രസ്താവനയിൽ വ്യക്തമാക്കി.

യുഎസിനു മുന്നിൽ കശ്മീർ മധ്യസ്ഥത ഇല്ല: സ്ഥാനപതി

വാഷിങ്ടൻ ∙ കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥതയ്ക്ക് ഇനി യുഎസ് ഇല്ലെന്ന് ഇന്ത്യൻ സ്ഥാനപതി ഹർഷ് വർധൻ ശ്രിങ്‌ല. ഇന്ത്യയും പാക്കിസ്ഥാനും സ്വീകരിച്ചാൽ മാത്രമേ മധ്യസ്ഥതയെന്ന വാഗ്ദാനം നിലനിൽക്കുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.

ഇന്ത്യ അതു സ്വീകരിച്ചിട്ടില്ലാത്തതിനാൽ യുഎസിന്റെ പരിഗണനയിൽ ഇനി ആ വിഷയമുണ്ടാവില്ലെന്നും ഉഭയകക്ഷി ചർച്ചയ്ക്കു ഇരുവരെയും പ്രേരിപ്പിക്കുകയെന്നതാണ് കാലങ്ങളായുള്ള യുഎസ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.

സേന സുസജ്ജം: ജനറൽ റാവത്ത്

ന്യൂഡൽഹി ∙ ജമ്മു കശ്മീർ അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കരസേന പൂർണ സജ്ജമാണെന്നു സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്.

ലഡാക്കിനോട് ചേർന്ന് അതിർത്തിക്കടുത്തുള്ള പാക്ക് വ്യോമതാവളത്തിൽ യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തിയിൽ പാക്കിസ്ഥാൻ സേനാ വിന്യാസം ശക്തമാക്കിയതു മുൻകരുതലിന്റെ ഭാഗമാകാം.  ആശങ്ക വേണ്ട. അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടാൻ സേന തയാറാണ്.

1970– 80 കാലഘട്ടത്തിലുണ്ടായിരുന്ന സമാധാനാന്തരീക്ഷം കശ്മീരിൽ വീണ്ടുമുണ്ടാവുമെന്നാണു പ്രതീക്ഷ.

എഴുപതുകളിലും എൺപതുകളിലും കശ്മീരിലെ സേനാംഗങ്ങളും പ്രദേശവാസികളും തമ്മിൽ ഊഷ്മള ബന്ധം നിലനിന്നിരുന്നു– റാവത്ത് പറഞ്ഞു.

കശ്മീരിലെ സുരക്ഷാ സന്നാഹം വടക്കൻ സേനാ കമാൻഡ് മേധാവി ലഫ്. ജനറൽ രൺബീർ സിങ് പരിശോധിച്ചു.

വിമാനം വേണ്ട, കശ്മീരിലെത്താൻ അനുമതി മതി: രാഹുൽ

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ടു മനസ്സിലാക്കാൻ വിമാനം വിട്ടുതരാമെന്ന ഗവർണർ സത്യപാൽ മാലിക്കിന്റെ പരാമർശത്തിനു മറുപടിയുമായി കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി.

വിമാനം വേണ്ടെന്നും ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാൻ തന്നെയും മറ്റു പ്രതിപക്ഷ നേതാക്കളെയും അനുവദിച്ചാൽ മതിയെന്നും രാഹുൽ ട്വിറ്ററിൽ എഴുതി.

വിഷയം രാഷ്ട്രീയവൽക്കരിക്കാനും കൂടുതൽ പ്രശ്നമുണ്ടാക്കാനുമാണ് പ്രതിപക്ഷ ശ്രമമെന്ന് ജമ്മു കശ്മീർ രാജ്ഭവൻ കുറ്റപ്പെടുത്തി.

കശ്മീരിൽ അസ്വസ്ഥതയുണ്ടെന്ന ആരോപണം വിദേശമാധ്യമങ്ങളിൽ നിന്നു കിട്ടിയ വിവരം വച്ചാണെന്നും രാഹുൽ വസ്തുതകൾ മനസ്സിലാക്കുകയാണ് വേണ്ടതെന്നും പ്രസ്താവനയിൽ പറയുന്നു.

ആരും കൂടെയില്ല; നാം വിഡ്ഢികളുടെ സ്വർഗത്തിൽ: പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ ‘വിഡ്ഢികളുടെ സ്വർഗത്തിൽ ഇനി കഴിയേണ്ട. അവിടെ (യുഎൻ രക്ഷാസമിതി) ആരും പൂമാലയുമായി നിങ്ങളെ കാത്തുനിൽക്കുന്നില്ല.’– കശ്മീർ പ്രശ്നത്തിൽ യുഎൻ സഹായം കിട്ടില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് പാക്ക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.

കശ്മീരീന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടിക്കെതിരെ രക്ഷാസമിതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ പാക്കിസ്ഥാന് കിട്ടില്ലെന്ന്, ഒരു രാജ്യത്തിന്റെയും പേരു പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com