ADVERTISEMENT

വാർത്താസമ്മേളനത്തിന്റെ പത്രക്കുറിപ്പിനായി കാത്തിരിക്കേണ്ടിവരുന്നുവെന്നു മനസ്സിലാക്കിയപ്പോൾ ഇന്ത്യയുടെ‍ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ എഴുന്നേറ്റ് പുറത്തേക്കു നടന്നു.

‘ഞാൻ ഒരു കാപ്പി പറഞ്ഞിരുന്നു, അതു കിട്ടിയില്ല, പുറത്തുണ്ടെങ്കിൽ കുടിച്ചിട്ടുവരാം’.

കേട്ട നയതന്ത്ര ഉദ്യോഗസ്ഥൻ പരുങ്ങി. കാപ്പി കൊണ്ടുവരാമെന്നു മറ്റൊരാൾ ഉറപ്പാക്കിയതോടെ ജയ്‌ശങ്കർ തിരിച്ചുനടന്നു. 

ബെയ്ജിങിൽ 3 ദിവസ സന്ദർശനത്തിനെത്തിയ ജയ്ശങ്കർ ഇന്ത്യയിൽ നിന്നെത്തിയ മാധ്യമപ്രവർത്തകരെ 2 തവണ കണ്ടു. ആദ്യത്തേതു അനൗപചാരികം. രണ്ടാമത്തേതു ചൈനയുമായുള്ള ചർച്ചകൾക്കുശേഷം ഔദ്യോഗികനിലപാടു വ്യക്തമാക്കാനും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബെയ്ജിങ് സന്ദർശനമാണു ജയ്ശങ്കറും അദ്ദേഹവും തമ്മിൽ അടുക്കാൻ വഴി വയ്ക്കുന്നത്.

അന്നു ചൈനയിൽ അംബാസഡറായിരുന്ന ജയശങ്കർ ആ സന്ദർശനം വിജയകരാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

ജമ്മു കശ്മീരിനു പ്രത്യേക പദവി പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തിൽ ചൈനയ്ക്കുളള അസന്തുഷ്ടി സന്ദർശനത്തിന്റെ മറ്റ് ഉദ്ദേശ്യങ്ങളെ പ്രതികൂലമായി ബാധിക്കാതെ നോക്കുന്നതിൽ ജയ്‌ശങ്കർ വിജയിച്ചു. അതേസമയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ഒക്ടോബറിലെ ഇന്ത്യ– ചൈന അനൗപചാരിക ഉച്ചകോടിയുടെ വിജയമാണ് ഇനി ജയ്ശങ്കറിനു മുന്നിലുള്ള ലക്ഷ്യം.

അയയാതെ ചൈന

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് ആഭ്യന്തര കാര്യമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോഴും ചൈന അയഞ്ഞിട്ടില്ല. ഇന്ത്യയുടേത് ഏകപക്ഷീയവും തിരക്കിട്ടുള്ളതുമായ തീരുമാനമായിട്ടാണു ചൈന വിലയിരുത്തുന്നത്.

‘ഇന്ത്യയുടെ ഔന്നത്യത്തിനു ചേർന്ന നടപടിയല്ല’ ഇതെന്ന് ഉന്നത ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

അതിർത്തിയിലെ സംഘർഷം വർധിപ്പിക്കാനും ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇതു വഴിവയ്ക്കുമെന്നു ചൈന വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com