ADVERTISEMENT

ന്യൂഡൽഹി ∙ രാമജന്മഭൂമിയിൽ മസ്ജിദ് നിർമിച്ചു എന്നതുകൊണ്ടുമാത്രം ആ സ്ഥലത്തിന്റെ പവിത്രയെക്കുറിച്ചുള്ള വിശ്വാസത്തിന് ഉലച്ചിൽ തട്ടുന്നില്ലെന്ന് സുപ്രീം കോടതിയിൽ വാദം.

1850 – 1949 കാലഘട്ടത്തിൽ പ്രാർഥനയ്ക്കായി ഉപയോഗിച്ചു എന്നതുകൊണ്ടു സ്ഥലത്തിന്റെ മൂന്നിലൊന്ന് മുസ്‌ലിംകൾക്ക് അവകാശപ്പെടാനാകില്ലെന്നും രാം ലല്ലയ്ക്കുവേണ്ടി ഹാജരായ സി.എസ്.വൈദ്യനാഥൻ വാദിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് മുൻപാകെ രാമജന്മഭൂമി – ബാബ്റി മസ്ജിദ് ഭൂമി തർക്ക കേസിൽ ഇന്നും വാദം തുടരും.

വിഗ്രഹമില്ലാതെയും സ്ഥലങ്ങൾ പ്രതിഷ്ഠയായി ആരാധിക്കപ്പെട്ടിട്ടുണ്ടെന്നു കൈലാസ, ഗോവർധന പർവതങ്ങൾ ഉദാഹരണമാക്കി വൈദ്യനാഥൻ വിശദീകരിച്ചു. സ്ഥലത്തിന്റെ പവിത്രതയാണു പ്രധാനം, അതു നശിപ്പിക്കാവുന്നതല്ല. 

ഹിന്ദുക്കൾ നൂറ്റാണ്ടുകളായി അയോധ്യയിലേക്കു തീർഥാടനം നടത്തിയിരുന്നുവെന്ന് അലഹാബാദ് ഹൈക്കോടതിയിലെ കേസിൽ രേഖപ്പെടുത്തിയ ചില സാക്ഷിമൊഴികൾ ഉദ്ധരിച്ചു വൈദ്യനാഥൻ പറഞ്ഞു. 

ക്ഷേത്രമോ വിഗ്രഹമോ നശിപ്പിക്കപ്പെട്ടു എന്നതുകൊണ്ടു  സ്ഥലത്തിന്മേൽ ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കുമുള്ള അവകാശം ഇല്ലാതാകുന്നില്ല. ഭൂമി ഹിന്ദുക്കളുടെ കൈവശമല്ലാതായി എന്നതു സ്ഥാപിക്കപ്പെട്ടിട്ടില്ല. സ്ഥലം തന്നെ പ്രതിഷ്ഠയാകുമ്പോൾ അതിന്റെ ഉടമസ്ഥത പങ്കിടാനാകില്ല. 

2 കാഴ്ചപ്പാടുകളാകാമെന്നു കോടതി വാക്കാൽ പറഞ്ഞു. സ്ഥലംതന്നെ പ്രതിഷ്ഠയാണെന്നതു സാർവത്രികമായ കാഴ്ചപ്പാടെന്ന അനുമാനമാണ് അതിലൊന്ന്.

ആരാധനാസ്ഥലമായതിനാൽ ചില അവകാശങ്ങളുണ്ട് എന്നതു മറ്റൊന്ന്. പ്രതിഷ്ഠയെ വിഭജിക്കാനാകില്ലെന്നു സുപ്രീം കോടതിയും അതിനു മുൻപു പ്രിവി കൗൺസിലും എടുത്തിട്ടുള്ള നിലപാടാണെന്നു വൈദ്യനാഥൻ വിശദീകരിച്ചു.

പ്രവേശനമുണ്ടായിരുന്നു എന്നതുകൊണ്ട് ഉടമസ്ഥത വഖഫ് ബോർഡിന് അവകാശപ്പെടാനാകില്ല. 

നേരത്തേ ക്ഷേത്രമുണ്ടായിരുന്നുവെന്നും അവശിഷ്ടങ്ങളുള്ളതിനാൽ അതു പ്രതിഷ്ഠയായി തുടരുന്നുവെന്നുമാണോ വാദമെന്നു കോടതി ചോദിച്ചു. കെട്ടിടം തകർക്കപ്പെട്ടിരിക്കാമെങ്കിലും വിശ്വാസമുള്ള ഭക്തർ അവശേഷിച്ചുവെന്നു വൈദന്യനാഥൻ മറുപടി നൽകി. 

മുസ്‌ലിംകൾക്കു മക്കയെന്നപോലെയാണു ഹിന്ദുക്കൾക്ക് അയോധ്യയെന്ന് ഒരു റിപ്പോർട്ട് ഉദ്ധരിച്ചു വൈദ്യനാഥൻ വാദിച്ചപ്പോൾ, വഖഫ് ബോർഡിനുവേണ്ടി ഹാജരാകുന്ന രാജീവ് ധവാൻ തടസ്സമുന്നയിച്ചു.

തെളിവുകൾ ഹാജരാക്കാൻ വൈദ്യനാഥനു സാധിച്ചിട്ടില്ലെന്നു ധവാൻ പറഞ്ഞു. അവസരം ലഭിക്കുമ്പോൾ ധവാനു തെളിവുകൾ ഉന്നയിക്കാമെന്നും തിടുക്കം തെല്ലുമില്ലാതെ കോടതി വിശദമായി വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com