ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സംസ്ഥാന പതാകയ്ക്കൊപ്പമല്ലാതെ ഇന്നു ജമ്മു കശ്മീരിൽ ദേശീയ പതാക ഉയരും. ശ്രീനഗറിൽ ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തുന്നതാണു പ്രധാന ചടങ്ങ്. ഭീകര ഭീഷണിയുള്ള കശ്മീർ താഴ്‍വരയിലടക്കം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പഞ്ചായത്തുകളിലും ദേശീയപതാക ഉയർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചായത്തുകളിൽ പതാക ഉയർത്തണമെന്ന് എല്ലാ സർപഞ്ചുമാർക്കും ഗവർണർ പ്രത്യേക നിർദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ പതാക ഉയർത്തുമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. 

ചുവപ്പിൽ 3 വരകളും കലപ്പയും ആലേഖനം ചെയ്ത കശ്മീർ സംസ്ഥാന പതാക 1952 ൽ ആണ് നിയമസഭ അംഗീകരിച്ചത്. സംസ്ഥാനത്തെ ഓഫിസുകളിലെല്ലാം ഇന്ത്യയുടെ ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കുന്നുണ്ടായിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സംസ്ഥാന പതാക പലയിടത്തും താഴ്ത്തി. 

2015 ൽ ജമ്മു കശ്മീർ ഹൈക്കോടതി ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന പിഡിപി– ബിജെപി സർക്കാരിലെ ബിജെപി മന്ത്രിമാ‍ർ ഇതിനെ എതിർത്തു. ബിജെപി നൽകിയ അപ്പീലിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവു റദ്ദാക്കുകയും ചെയ്തു. കശ്മീരിലെ പ്രാദേശിക പാർട്ടി നേതാക്കൾ ദേശീയപതാകയ്ക്കൊപ്പം ഇത് ഉപയോഗിച്ചു വന്നു.

ഭീകരവാദ ഭീഷണിയുള്ള പുൽവാമ, കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദേശീയപതാക ഉയർത്തുന്നുണ്ട്. ഇതിനു പുറമേ, ബിജെപി പതിനായിരക്കണക്കിനു ദേശീയപതാകകൾ കശ്മീരിലെത്തിച്ചിട്ടുണ്ട്. 

നാഗാ ദേശീയപതാക ഉയർത്തി എൻഎസ്എഫ്

കശ്മീരിൽ സംസ്ഥാന പതാകയ്ക്കു മൂല്യം നഷ്ടപ്പെടുന്നതിനിടെ, നാഗാലാൻഡിൽ ‘നാഗാ ദേശീയപതാക’ ഉയർത്തി നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻഎസ്എഫ്). 73–ാമത് നാഗാ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നാഗാവംശജർ കൂടുതലുള്ള മേഖലകളിൽ പതാക ഉയർത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com