ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി മേഖലകളിൽ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് – ഐബിജി) രൂപം നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. കാലാൾപ്പടയ്ക്കു (ഇൻഫൻട്രി) പുറമേ, ആർട്ടിലറി, സിഗ്‌നൽ, കരസേനയുടെ വ്യോമ വിഭാഗം എന്നിവയിൽ നിന്നുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.

അതിർത്തിയിലെ സംഘർഷ മേഖലകളിൽ കാലാൾപ്പടയെക്കാൾ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നൽകുന്നത്. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള സേനാംഗങ്ങൾ കൂടി ഉൾപ്പെടുന്ന യൂണിറ്റ് അതിർത്തിയിലെ സേനാ നടപടികൾക്കു കൂടുതൽ മൂർച്ച നൽകും.

സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിർത്തിയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റിൽ 5,000 സേനാംഗങ്ങൾ. 

ശത്രുസേനയ്ക്കെതിരായ മിന്നലാക്രമണങ്ങൾക്കു കര, വ്യോമ, നാവിക സേനകളിലെ കമാൻഡോ വിഭാഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ‘ആംഡ് ഫോഴ്സസ് സ്പെഷൽ ഓപ്പറേഷൻസ് ഡിവിഷൻ’ എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയിൽ രൂപം നൽകിയിരുന്നു.

അതിർത്തിയിൽ റോന്ത് ചുറ്റി പെൺപട

ന്യൂഡൽഹി ∙ സ്വാതന്ത്ര്യലബ്ധിയുടെ 73ാം വാർഷികത്തിൽ ഇന്ത്യൻ സൈന്യത്തിലെ ‘നാരീ ശക്തി’യുടെ ചരിത്രവിജയം. അരുണാചൽപ്രദേശുമായുള്ള ചൈനീസ് അതിർത്തിയിലൂടെ ചരിത്രത്തിലാദ്യമായി വനിതകൾ മാത്രം ഉൾപ്പെട്ട സൈനിക സംഘം 4 ദിവസം നീണ്ട പട്രോളിങ് നടത്തി. 

മലനിരകളും നദികളും കൊടുംകാടുകളും നിറഞ്ഞ പ്രദേശങ്ങളിലൂടെ 18 വനിതാ സൈനികർ അടങ്ങിയ സംഘത്തിന്റെ യാത്രയെ നയിച്ചത് കരസേനയിലെ വനിതാ ഓഫിസറാണ്. അൻജാവ് ജില്ലയിലെ കിബുത്തുവിൽ നിന്ന് തുടങ്ങിയ പട്രോളിങ്ങിൽ കരസേന, അസം റൈഫിൾസ്, ഇൻഡോ–ടിബറ്റൻ ബോർഡർ പൊലീസ് എന്നിവയിൽ പെട്ടവരും പങ്കെടുത്തു. ഈസ്റ്റേൺ കമാൻഡ് മേധാവി ലഫ്. ജനറൽ എം.എം. നരവനെ വനിതാ സംഘത്തെ അഭിനന്ദിച്ചു.

കശ്മീർ സെല്ലുമായി പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ വിദേശകാര്യ മന്ത്രാലയത്തിൽ കശ്മീർ കാര്യങ്ങൾക്കായി പ്രത്യേക സെല്ലും വിദേശരാജ്യങ്ങളിലെ എംബസികളിൽ കശ്മീർ ഡെസ്ക്കും സ്ഥാപിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. യുഎൻ ഇടപെടലിനായി ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടർന്ന് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാക്കൾ, മന്ത്രിമാർ, പാക്ക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് സർദാർ മസൂദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.

ഭാവിനടപടികൾക്കു രൂപം നൽകുക ഈ സെൽ ആയിരിക്കുമെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ഹിന്ദുസ്ഥാനെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായ്മ ചെയ്തെന്നും ഇപ്പോഴുള്ളത് മോദിയുടെ ഹിന്ദുസ്ഥാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ എന്തു സാഹസത്തിനു മുതിർന്നാലും പാക്ക് സൈന്യം അതിനെ നേരിടും. യുഎൻ ചർച്ച വലിയ നാഴികക്കല്ലാണെന്നും അത് ഇന്ത്യയെ ഞെട്ടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിനിടെ, ഇന്ത്യയുടെ പക്കലുള്ള അണ്വായുധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യം ലോകരാഷ്ട്രങ്ങൾ ഗൗരവമായി ചിന്തിക്കണമെന്നും ലോകത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ ആണവനയം ഭാവിയിൽ മാറാമെന്ന രാജ്നാഥ് സിങ്ങിന്റെ പരാമർശത്തിനു പിന്നാലെയാണ് ഇമ്രാൻ ട്വിറ്ററിൽ പ്രതികരിച്ചത്. കശ്മീർ വിഷയത്തിൽ നിന്നു ശ്രദ്ധതിരിക്കാൻ ഇന്ത്യ ആക്രമണത്തിനു മുതിർന്നേക്കുമെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും പാക്ക് കരസേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com