ADVERTISEMENT

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.

തുടർന്ന്, സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ഉദ്യോഗസ്ഥർ ഡൽഹി ജോർബാഗിലെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം അവിടെയില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. 

ൈഹക്കോടതിയുടെ ഉത്തരവിനു പിന്നാലെ ഇന്നലെ വൈകിട്ടു തന്നെ ചിദംബരം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇന്നു രാവിലെ 10.30 നു മാത്രമേ ഹർജി പരിഗണിക്കാനാകൂ എന്ന് അഭിഭാഷകൻ കപിൽ സിബലിനെ റജിസ്ട്രാർ അറിയിച്ചു.

സുപ്രീം കോടതിയെ സമീപിക്കാനുള്ള സാവകാശത്തിനായി ഉത്തരവിനു 3 ദിവസത്തെ സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കേ, െഎഎൻഎക്സ് മീഡിയ കമ്പനിക്കു വിദേശത്തുനിന്ന് മുതൽമുടക്കായി 305 കോടി രൂപ കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്.

അഴിമതിയുടെ മുഖ്യസൂത്രധാരൻ പ്രഥമദൃഷ്ട്യാ ചിദംബരമാണെന്ന് ജസ്റ്റിസ് സുനിൽ ഗൗർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യലിൽ ചിദംബരം കൃത്യമായ ഉത്തരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി.

തെളിവുകൾ പരിഗണിക്കുമ്പോൾ, ജാമ്യം അനുവദിക്കാനാവില്ല. എംപിയാണെന്നത് അറസ്റ്റ് ഒഴിവാക്കുന്നതിനു ന്യായീകരണമാവില്ലെന്നും വ്യക്തമാക്കി. 

കാർത്തിയുടെ വഴിയേ ചിദംബരവും

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കേസിന്റെ കുരുക്ക് മകൻ കാർത്തി ചിദംബരത്തിനു പിന്നാലെ പി. ചിദംബരത്തിനു മേലും മുറുകുന്നു. സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്സ് മീഡിയയ്ക്കു വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ ഇടനില നിന്നെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ കാർത്തി ഇപ്പോൾ ജാമ്യത്തിലാണ്. 

അഴിമതിപ്പണം ഐഎൻഎക്സ് മീഡിയ വഴി കാർത്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കു ലഭിച്ചെന്നാണ് ആരോപണം. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഇന്ദ്രാണി മുഖർജി ഈ കേസിൽ മാപ്പുസാക്ഷിയാകുകയും ചെയ്തു. 

2017 മേയ് 15നാണു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. 

ജസ്റ്റിസ് സുനിൽ ഗൗർ നാളെ വിരമിക്കാനിരിക്കെയാണു ചിദംബരത്തിനു മുൻകൂർ ജാമ്യം നിഷേധിച്ചത്. അതിലും, ഉച്ചതിരിഞ്ഞ് 3.30നു മാത്രം ഉത്തരവു നൽകിയതിലും സ്റ്റേ നൽകാതിരുന്നതിലും പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ അസ്വാഭാവികത ആരോപിച്ചു. 

കേസ് അടിസ്ഥാനമില്ലാത്തതും രാഷ്ട്രീയലാക്കോടെയുള്ളതുമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും എത്ര ഉന്നത പദവിയിലുള്ളവരാണെങ്കിലും കുറ്റക്കാർ തുറന്നുകാട്ടപ്പെടേണ്ടതുണ്ടെന്നുമാണു കോടതി പറഞ്ഞത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടതുണ്ട്. വൻകിട സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അന്വേഷണ ഏജൻസികൾക്കു കൂച്ചുവിലങ്ങിടാനാകില്ല. ജാമ്യമനുവദിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നും കോടതി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com