ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ഇപ്പോൾ നേരിടുന്ന ഇതേ അവസ്ഥയിലായിരുന്നു 2010 ൽ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ. അന്ന് ചിദംബരമായിരുന്നു ആഭ്യന്തര മന്ത്രി. കേന്ദ്രസർക്കാർ തന്നോട് രാഷ്ട്രീയമായ പകപോക്കൽ നടത്തുകയാണെന്ന് ഇന്ന് ചിദംബരം പറയുമ്പോൾ ഇതേ ആരോപണം തന്നെ ആയിരുന്നു 2010 ൽ അമിത് ഷാ പറഞ്ഞതും.

ഗുജറാത്തിൽ അന്ന് നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി, അമിത് ഷാ ആഭ്യന്തര മന്ത്രിയും. സൊഹ്റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർബി, സുഹൃത്ത് തുൾസി റാം പ്രജാപതി എന്നിവരെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചു എന്നായിരുന്നു അമിത് ഷായ്ക്കെതിരെയുള്ള സിബിഐ കേസ്.

2010 ജൂലൈ 25 നാണ് ഷായെ സിബിഐ അറസ്റ്റ് ചെയ്തത്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്. അമിത് ഷായ്ക്ക് ജാമ്യം നൽകുന്നതിനെ സിബിഐ എതിർത്തു. മൂന്നു മാസത്തിനു ശേഷം 2010 ഒക്ടോബർ 29 ന് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം ഹൈക്കോടതി ജാമ്യം റദ്ദാക്കിയെന്നു മാത്രമല്ല, ഷാ 2 വർഷം ഗുജറാത്തിൽ പ്രവേശിക്കുന്നതു വിലക്കുകയും ചെയ്തു.

തുടർന്ന് ഡൽഹിയിലെത്തിയ അമിത് ഷായ്ക്ക് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗുജറാത്തിൽ കടക്കുന്നതിനുള്ള വിലക്കും സുപ്രീം കോടതി നീക്കി.

കേന്ദ്രസർക്കാർ സിബിഐയെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നായിരുന്നു അമിത് ഷാ ഉന്നയിച്ച ആരോപണം. പി. ചിദംബരത്തിനെതിരെയായിരുന്നു പ്രധാന ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com