ADVERTISEMENT

∙ 2007 ൽ വിവാദ ദമ്പതികളായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും സ്ഥാപിച്ചതാണ് ഐഎൻഎക്സ് മീഡിയ, ഐഎൻഎക്സ് ന്യൂസ് എന്നീ സ്ഥാപനങ്ങൾ. പിന്നീട് ഇവയുടെ പേര് 9 എക്സ് മീഡിയ എന്നാക്കി. 2010 ൽ ആദ്യം ഇന്ദ്രാണിയും പിന്നാലെ പീറ്ററും ഈ സ്ഥാപനത്തിലെ ഉടമസ്ഥാവകാശം വിറ്റു.

∙ 2007 മാർച്ച് 15ന് ഐഎൻഎക്സ് മീഡിയ ഹിന്ദിയിലും ചില പ്രാദേശിക ഭാഷകളിലും ചാനലുകൾ തുടങ്ങാനും അതിന് വിദേശനിക്ഷേപം സ്വീകരിക്കാനും തീരുമാനിച്ചു. മൊറീഷ്യസ് ആസ്ഥാനമായ ന്യൂ വെർനോൺ പ്രൈവറ്റ് ഇക്വിറ്റി ലിമിറ്റഡ്, ന്യൂ സിൽക്ക് റൂട്ട്, ഡൺ ഏൺ ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളിൽ നിന്ന് 4.62 കോടി രൂപ സ്വീകരിക്കാൻ ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) അനുമതി തേടി. ഒപ്പം ഐഎൻഎക്സ് ന്യൂസ് കമ്പനിക്ക് ‘ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്’ എന്ന നിലയ്ക്ക് നിക്ഷേപം സ്വീകരിക്കാനും അനുമതി തേടി. വിദേശത്തു നിന്ന് നേരിട്ടല്ലാത്ത നിക്ഷേപം ഇന്ത്യയിലെ ഒരു കമ്പനിക്ക് ലഭിക്കുന്നത് അവർ വേറൊരു കമ്പനിക്ക് കൈമാറുന്നതാണ് ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റ്. ഇത് ഓഹരിയായോ ആ കമ്പനി ഏറ്റെടുക്കുന്നതിലൂടെയോ ചെയ്യാം.

∙ 2007 മേയ് 31ന് എഫ്ഐപിബി ഇവർക്ക് 4. 62 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകി. എന്നാൽ ഡൗൺ സ്ട്രീം ഇൻവെസ്റ്റ്മെന്റിന് അനുമതി നൽകിയില്ല. തീരുമാനം മറികടന്ന് 305 കോടി രൂപ ഇവർ ഐഎൻഎക്സ് ന്യൂസിലേക്കും കൊണ്ടുവന്നു.

∙ 2008 മേയ് 26 ന് 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതു സംബന്ധിച്ച് എഫ്ഐപിബി, ഐഎൻഎക്സ് മീഡിയയോട് വിശദീകരണം തേടി. കമ്പനി സിഇഒ ഇന്ദ്രാണി മുഖർജി അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തിയെ സമീപിച്ച് സഹായം അഭ്യർഥിച്ചു. കാർത്തിയുടെ ചെസ് മാനേജ്മെന്റ് സർവീസ് എന്ന സ്ഥാപനമാണ് ഇതിന് മുൻകയ്യെടുത്തത്. എഫ്‌ഐപിബിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഡൗൺ സ്ട്രീം നിക്ഷേപത്തിന് പുതിയ അപേക്ഷ നൽകാൻ കാർത്തി നിർദേശിച്ചു.

P-Chidambaram--Karti-Chidambaram

∙ 2015 ൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ദ്രാണി അറസ്റ്റിലായി. പിന്നീട് സിബിഐ അന്വേഷിച്ചപ്പോൾ പീറ്ററും കുടുങ്ങി.

∙ ഐഎൻഎക്സ് മീഡിയ വിദേശ നിക്ഷേപം കൊണ്ടുവന്ന് കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിൽ ആദായനികുതി വകുപ്പ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) സിബിഐ എന്നീ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.

ഇതിൽ ഇഡി, കാർത്തി ചിദംബരത്തിന്റെ കംപ്യൂട്ടർ പരിശോധിച്ചപ്പോൾ െഎഎൻഎക്സ് മീഡിയയിൽ നിന്ന് 10 ലക്ഷം രൂപ കിട്ടിയതായി കണ്ടെത്തി. തുടർ പരിശോധനയിൽ കാർത്തിക്ക് അടുപ്പമുള്ള അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൽറ്റിങ് എന്ന കമ്പനിക്കും അവരുടെ സിംഗപ്പൂർ ശാഖയ്ക്കും പണം ലഭിച്ചതായും കണ്ടെത്തി.

∙ ഇതിനിടെ ഇന്ദ്രാണി, കേസിൽ മാപ്പുസാക്ഷിയായി. അവർ പറഞ്ഞത് 4.62 കോടി രൂപയുടെ കൂടെ 305 കോടി രൂപ കൂടി അനുവാദമില്ലാതെ കൊണ്ടുവന്നത് ഒത്തുതീർക്കാൻ കാർത്തി 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു എന്നാണ്. 2008 ൽ ധനമന്ത്രിയായിരുന്ന ചിദംബരത്തെ കണ്ടുവെന്നും കാർത്തിയെ സഹായിക്കാൻ ചിദംബരം ആവശ്യപ്പെട്ടുവെന്നും ഇന്ദ്രാണി വെളിപ്പെടുത്തി.

∙ ഇഡി നടത്തിയ അന്വേഷണത്തിൽ സ്പെയിനിലും ബ്രിട്ടനിലും 54 കോടി രൂപയുടെ സ്വത്തുവകകൾ കാർത്തി വാങ്ങിയതായി കണ്ടെത്തി. 

∙ 2017 മേയിൽ കാർത്തിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇതിനെതിരെ കാർത്തി സുപ്രീം കോടതിയിലെത്തി. അന്വേഷണത്തിൽ സഹകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

∙ ഇതിനിടെ, െഎഎൻഎക്സ് മീഡിയ കേസിൽ എന്നപോലെ എയർസെൽ – മാക്സിസ് കേസിലും ചിദംബരത്തിനും കാർത്തിക്കുമെതിരേ സിബിഐയും ഇ‍ഡിയും കേസെടുത്തു. രണ്ടുപേരും ഡൽഹി ഹൈക്കോടതിയിൽ നിന്ന് പലവട്ടം മുൻകൂർ ജാമ്യമെടുത്തു.

∙ 2018 ഫെബ്രുവരി 28 ന് കാർത്തിയെ ചെന്നൈ വിമാനത്താവളത്തിൽ സിബിഐ അറസ്റ്റ് ചെയ്തു. മാർച്ച് 23ന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.

∙ ചിദംബരത്തിന് ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇന്നലെ സിബിഐ അറസ്റ്റു ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com