ADVERTISEMENT

ന്യൂഡൽഹി ∙ ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തെ രാത്രി 9.45നു വീട്ടിൽനിന്ന് സിബിഐ അറസ്റ്റ് ചെയ്തു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി നാളെ മാത്രമേ പരിഗണിക്കാനാവൂ എന്ന്  സുപ്രീം കോടതി വ്യക്തമാക്കിയതോടെ തന്നെ അറസ്റ്റ് ഏറെക്കുറെ ഉറപ്പായിരുന്നു. 

അറസ്റ്റ് തടയാൻ സുപ്രീം കോടതിയിൽ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനു പിന്നാലെ, രാത്രി 8.15ന് ചിദംബരം കോൺഗ്രസ് ആസ്ഥാനത്തെത്തി വാർത്താസമ്മേളനം നടത്തി;. പിന്നാലെ, കപിൽ സിബലിനും അഭിഷേക് സിങ്‌വിക്കുമൊപ്പം വീട്ടിലേക്കു മടങ്ങി.

അരമണിക്കൂറിനകം സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അവിടെയെത്തി. ഗേറ്റ് തുറക്കാതിരുന്നതിനാൽ ചില ഉദ്യോഗസ്ഥർ മതിൽ ചാടിക്കടന്നു.

അവർ ഗേറ്റ് തുറന്നതോടെ മറ്റ് ഉദ്യോഗസ്ഥർ കാറുമായി ഉള്ളിലെത്തി; ചിംദബരത്തെ സിബിഐ ആസ്ഥാനത്തേക്കു കൊണ്ടുപോയി. വീടിനു മുന്നിൽ ബഹളമുണ്ടാക്കിയ പാർട്ടി പ്രവർത്തകരെയും അവരുമായി ഏറ്റുമുട്ടിയവരെയും പൊലീസ് നീക്കം ചെയ്തു. 

കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിനു പിന്നാലെ ചിദംബരം അപ്രത്യക്ഷനായിരുന്നു. രണ്ടു മണിക്കൂറിനകം ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് അദ്ദേഹത്തിന്റെ ജോർ ബാഗിലെ വീടിന്റെ മതിലിൽ സിബിഐ ഇന്നലെ പുലർച്ചെ നോട്ടിസ് പതിച്ചു; രാവിലെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. 

ഒളിവിൽ പോയതല്ലെന്നും ഹർജി തയാറാക്കുന്ന തിരക്കിലായിരുന്നുവെന്നും പാർട്ടി ആസ്ഥാനത്ത് എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ച ചിദംബരം വ്യക്തമാക്കി.

ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, അതുവരെ അന്വേഷണ ഏജൻസികളും കാത്തിരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. 

രാവിലെ മുതൽ നെട്ടോട്ടം

cbi
മതിൽ ചാടി ചിദംബരത്തിന്റെ വസതിയിലേക്കു പ്രവേശിക്കുന്ന സിബിഐ ഉദ്യോഗസ്ഥർ

ന്യൂഡൽഹി ∙ ഇന്നലെ രാവിലെ 10.30നു സുപ്രീം കോടതിയിൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് മുൻപാകെ ചിദംബരത്തിന്റെ ഹർജി കപിൽ സിബൽ പരാമർശിച്ചു. എന്നാൽ, കേസ് ഫയൽ ചീഫ് ജസ്റ്റിസിനു കൈമാറുകയാണെന്നു ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ, ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുൻപാകെ കേസ് പരാമർശിക്കാനായില്ല. 

ഉച്ചതിരിഞ്ഞു 2നു ഹർജി ജസ്റ്റിസ് രമണയുടെ ബെഞ്ചിൽ വീണ്ടും പരാമർശിച്ചു. പരിഗണനാപട്ടികയിൽ ഹർജി ഉൾപ്പെടുത്തിയിട്ടില്ലെന്നു സിബൽ പറഞ്ഞു. ഹർജിയിൽ പിഴവുകളുള്ളതാണു കാരണമെന്നു ജസ്റ്റിസ് വ്യക്തമാക്കി.  

അൽപം മുൻപു മാത്രമാണ് പിഴവുകൾ തിരുത്തിയതെന്നും പട്ടികയിൽപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും റജിസ്ട്രാർ  കോടതിയെ അറിയിച്ചു.

പട്ടികയിൽപ്പെടുത്താതെ കേസ് പരിഗണിക്കാനാവില്ലെന്നു ജസ്റ്റിസ് രമണ വ്യക്തമാക്കി. തന്റെ കക്ഷി ഒളിവിൽ പോകില്ലെന്ന് ഉറപ്പുനൽകാമെന്നും ഹർജി വാക്കാൽ പരാമർശിച്ചപ്പോൾ അറസ്റ്റ് തടഞ്ഞ കേസുകളുണ്ടെന്നും സിബൽ വാദിച്ചെങ്കിലും കോടതി നിലപാടു മാറ്റിയില്ല.

വീണ്ടും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ പരാമർശിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. കേസ് നാളെ പരിഗണിക്കാനുള്ളവയുടെ പട്ടികയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയതായി റജിസ്ട്രാർ അഭിഭാഷകരെ അറിയിച്ചു. 

അപ്രതീക്ഷിതമായി പാർട്ടി ആസ്ഥാനത്ത്

ന്യൂഡൽഹി ∙ കോൺഗ്രസ് ആസ്ഥാനത്തേക്കു പി. ചിദംബരം നാടകീയമായി എത്തിയത് രാത്രി എട്ടേകാലോടെ. നിയമവിദഗ്ധരായ നേതാക്കളുടെ സംഘം വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി ചിദംബരവും എത്തി.

വാർത്താ സമ്മേളന ഹാളിൽ ചിദംബരം തനിക്കു പറയാനുള്ളത് 7 മിനിറ്റിൽ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു നിൽക്കാതെ നടന്നുനീങ്ങി. 

തുടർന്ന് കപിൽ സിബൽ, അഭിഷേക് സിങ്‍വി എന്നിവർക്കൊപ്പം ജോർ ബാഗിലെ വസതിയിലേക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com