ADVERTISEMENT

അഴിമതിക്കേസുകളിൽ ജയിലിലായ പ്രമുഖ നേതാക്കളുടെ വൻനിര തന്നെയുണ്ട്. കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധന, ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം അക്കൂട്ടത്തിൽ അവസാന ആളും ആവില്ല.  

ജെ. ജയലളിത

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവും. 1991–96 കാലത്ത് 66.65 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടാക്കിയ കേസിൽ 4 വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ. ബാംഗ്ലൂർ സെൻട്രൽ ജയിലിൽ 21 ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ച് 2014 ഒക്ടോബറിൽ പുറത്തിറങ്ങി. 2016 ഡിസംബറിൽ മുഖ്യമന്ത്രി ആയിരിക്കെ അസുഖ ബാധിതയായി അന്തരിച്ചു.  

corrupt2
ജഗന്നാഥ് മിശ്ര, ഓംപ്രകാശ് ചൗട്ടാല , അമർ സിങ്, ബംഗാരു ലക്ഷ്മൺ , മധു കോഡ

 ബംഗാരു ലക്ഷ്മൺ 

ബിജെപി മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയും. സൈന്യത്തിനു ബൈനോക്കുലർ വാങ്ങുന്നതിന് ശുപാർശയ്ക്ക് വ്യാജ ആയുധ ഇടപാട് ഇടനിലക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് 2012 ൽ 4 വർഷം ജയിൽശിക്ഷ. 2014 ൽ അന്തരിച്ചു.

 ഓംപ്രകാശ് ചൗട്ടാല 

ഹരിയാന മുൻ മുഖ്യമന്ത്രി. അധ്യാപക നിയമന അഴിമതി കേസിൽ 10 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ. 

 പ്രകാശ്സിങ്  ബാദൽ

പഞ്ചാബ് മുൻ മുഖ്യമന്ത്രി. 4326 കോടി രൂപയുടെ അനധികൃത സ്വത്തു കേസിൽ അറസ്റ്റിലായി ബാദലും പുത്രനും രാജ്യസഭാംഗവുമായ സുഖ്ബീർ സിങ്ങും പട്യാല സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്നു. കോടതി പിന്നീട് വിട്ടയച്ചു

 എ. രാജ

ഡിഎംകെ നേതാവ്. മുൻ കേന്ദ്ര ടെലികോം മന്ത്രി. 2ജി സ്പെക്ട്രം അഴിമതിക്കേസിൽ 2011 ൽ അറസ്റ്റിലായി 15 മാസം തിഹാർ ജയിലിൽ. വിചാരണക്കോടതിയിൽ നിന്ന് ജാമ്യം. 2017 ൽ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.

 ബി.എസ്. യെഡിയൂരപ്പ

ബിജെപി നേതാവ്, കർണാടക മുഖ്യമന്ത്രി. ബെല്ലാരി ഖനന കേസിൽ ലോകായുക്ത കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് 2011 ഓഗസ്റ്റിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്കു നൽകിയതിൽ ക്രമക്കേട് കണ്ടെത്തി ലോകായുക്ത കോടതി കേസെടുത്ത് 2011 ഒക്ടോബറിൽ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ചു. 2016 ൽ  സിബിഐ കോടതി വിട്ടയച്ചു. 

 ലാലു പ്രസാദ് യാദവ്

ബിഹാർ മുൻ മുഖ്യമന്ത്രി. ആർജെഡി നേതാവ്. 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസിൽ 14 വർഷം ശിക്ഷിക്കപ്പെട്ട് 2 വർഷമായി റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ.

ജഗന്നാഥ് മിശ്ര

കോൺഗ്രസ് മുൻ നേതാവ്, ബിഹാർ മുൻ മുഖ്യമന്ത്രി, മുൻ കേന്ദ്രമന്ത്രി. കാലിത്തീറ്റ കുംഭകോണ കേസുകളിൽ ഒന്നിൽ 2013 ൽ 4 വർഷവും 2018 ൽ മറ്റൊന്നിൽ 5 വർഷവും തടവു ശിക്ഷ. കഴി‍ഞ്ഞ ദിവസം അന്തരിച്ചു.

കരുണാനിധി

ഡിഎംകെ നേതാവ്, തമിഴ്നാട് മുൻ മുഖ്യമന്ത്രി. ഫ്ലൈഓവർ അഴിമതി കേസിൽ 2001 ജൂലൈയിൽ അറസ്റ്റിലായി.

മധു കോഡ 

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി. കൽക്കരിപ്പാടം വിതരണ അഴിമതിക്കേസിൽ അറസ്റ്റിലായി. പ്രത്യേക സിബിഐ കോടതി 2017 ഡിസംബറിൽ 3 വർഷം തടവ് വിധിച്ചു.

ഷിബു സോറൻ 

ജെഎംഎം നേതാവ്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി. കഡ്കോ ഗ്രാമത്തിൽ 1974 ൽ സോറന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം 2 പേരെ കൊന്ന കേസിലും, 1975 ലെ ചിരുദിയ കൂട്ടക്കൊല കേസിലും പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ വധിച്ച കേസിലും അറസ്റ്റിലായി. പിന്നീട് വിവിധ കോടതികൾ വിട്ടയച്ചു.

 കനിമൊഴി

ഡിഎംകെ മുൻ അധ്യക്ഷൻ എം. കരുണാനിധിയുടെ മകൾ. 2ജി സ്പെക്ട്രം കേസിൽ 2011 മേയ് 21ന് അറസ്റ്റിലായി 6 മാസം ജയിലിൽ. 201 ൽ പ്രത്യേക കോടതി വിട്ടയച്ചു.

സുരേഷ് കൽമാഡി 

മുൻ കോൺഗ്രസ് നേതാവ്, കേന്ദ്രമന്ത്രി. കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ 2011 ഏപ്രിലിൽ അറസ്റ്റിലായി 9 മാസം തിഹാർ ജയിലിൽ. 

അമർ സിങ്

സമാജ്‍വാദി പാർട്ടി മുൻ നേതാവ്, രാജ്യസഭാ മുൻ എംപി. 2008 ലെ വോട്ടിനു പണം അഴിമതിക്കേസിൽ അറസ്റ്റിലായി 13 ദിവസം തിഹാർ ജയിലിൽ. 

എസ്.പി. ത്യാഗി

വ്യോമസേനാ മുൻ മേധാവി. 450 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ 2016 ഡിസംബറിൽ അറസ്റ്റിലായി ജാമ്യത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com