ന്യായവാദിയായി തിളങ്ങി അരുൺ ജയ്റ്റ്ലി

Arun Jaitley
SHARE

അരുൺ ജയ്റ്റ്ലിയെ ഞാൻ ആദ്യം കണ്ടത് 1985 ലാണ്. സുപ്രീം കോടതിയിൽ അസി. കൗൺസൽമാരായ ഞങ്ങൾ എതിർഭാഗങ്ങളിൽ ഹാജരായപ്പോഴായിരുന്നു അത്. ഇന്ത്യൻ എക്‌സ്പ്രസിനു വേണ്ടി ഫാലി നരിമാന്റെ അസിസ്റ്റന്റായി അദ്ദേഹം, ഞാൻ ജഗ്‌മോഹനു വേണ്ടി ഹാജരായ എന്റെ പിതാവ് ഡോ. എൽ.എം. സിങ്‌വിയുടെയും.

കുറിക്കുകൊള്ളുന്ന നർമമുള്ള ജസ്റ്റിസ് എ.പി. സെൻ എന്റെ പിതാവിനോടു ചോദിച്ചു, ‘ഡോ. സിങ്‌വി, എക്‌സ്‌പ്രസ് ഇല്ലാതെ താങ്കൾക്ക് രാവിലെത്തെ ചായ കുടിക്കാനാകുമോ?’ കേസ് തുടങ്ങും മുൻപേ ഞങ്ങൾ തോറ്റതായി അപ്പോൾ മനസ്സിലായെന്ന് അന്ന് ഇടവേളയിൽ ഞാൻ അരുണിനോടു പറഞ്ഞു. അരുൺ പിന്നീട് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിത്തീർന്നു.

എന്നേക്കാൾ മുതിർന്ന ആളായിരുന്നുവെങ്കിലും ഞാനും അരുണും ഒട്ടേറെ കേസുകളിൽ എതിർപക്ഷത്തുനിന്നു വാദിച്ചു. ആ രാഷ്ട്രീയ പ്രസംഗങ്ങളിലേതുപോലെയായിരുന്നു നിയമത്തിലും അദ്ദേഹത്തിന്റെ ശൈലിയും സമീപനവും. വസ്തുതകളുടെ അസ്തിവാരത്തിലാണ് അദ്ദേഹം തകർക്കാനാവാത്ത വാദങ്ങളുടെ എടുപ്പുകൾ കെട്ടിപ്പൊക്കിയത്, അതെപ്പോഴും സാമാന്യബോധത്തിൽ ഊന്നിയതായിരുന്നു. യുക്തിഭദ്രവും സരളവും ഗംഭീരവുമായ ന്യായവാദങ്ങൾ. അരുണിന്റെ ഹൃദയം എപ്പോഴും രാഷ്ട്രീയത്തിലായിരുന്നു. അഭിഭാഷവൃത്തി നൽകുന്ന വിപുലമായ ബന്ധങ്ങളും അവസരങ്ങളും അദ്ദേഹം മനസ്സിലാക്കി. എല്ലാത്തിനുമുപരി, പൊതുജീവിതവുമായി നിയമത്തിനു നേരിട്ടുള്ള ബന്ധം തിരിച്ചറിഞ്ഞു.

1999 ൽ ശരിയായ രാഷ്ട്രീയ ഉയർച്ച ആരംഭിക്കുമ്പോഴേക്കും അരുണിനു രാഷ്ട്രീയത്തിൽ 15 വർഷം നഷ്ടമായിരുന്നു. പാർട്ടിക്കുള്ളിലെ വിഭാഗീയതയായിരുന്നു കാരണം. പക്ഷേ, ഗ്രൂപ്പുകൾ ഭിന്നത ഉപേക്ഷിച്ചതോടെ വഴി തെളിഞ്ഞു. ആദ്യകാലത്തു നഷ്ടമായതിനു ദൈവം തന്ന പരിഹാരമാണ് ഇപ്പോൾ കാണുന്നതെന്ന് ഞാൻ തമാശ പറഞ്ഞപ്പോൾ പൊതുജീവിതത്തിൽ ക്ഷമാശീലരാകുകയാണു പ്രധാനമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Arun- Jaitley, Abhishek Singhvi
അഭിഷേക് സിങ്‌വിയ്ക്കൊപ്പം

അരുണിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങൾ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന (2009–14) കാലമായിരുന്നു. പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെടുന്നതിന് ഒരു ദിവസം മുൻപ്, ഞങ്ങൾ ഡൽഹി ഹൈക്കോടതിയിൽ പരസ്പരം എതിർത്തു വാദിച്ചു. കോടതി കന്റീനിൽ കാപ്പി കുടിക്കാനിരിക്കുമ്പോൾ ഞാൻ ഇത്തിരി കുസൃതിയോടെ പറഞ്ഞു, രാജ്യസഭാ പ്രതിപക്ഷ നേതാവിന് അഭിഭാഷക ജോലി തുടരാൻ നിയമതടസ്സമില്ലെങ്കിലും ആ സ്ഥാനത്തിനു കാബിനറ്റ് പദവിയുള്ളതിനാൽ അരുൺ ഇനി ഇവിടെ തുടരരുത്. 2009 ൽ ഞങ്ങൾക്ക് ഒരു മികച്ച സഹപ്രവർത്തകനെയാണു നഷ്ടമായത്. 2006 ൽ ഞാൻ രാജ്യസഭാംഗമായ കാലം മുതൽ പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ സ്ഥിരം ഓപണിങ് ബാറ്റ്‌സ്മാൻ അരുണായിരുന്നു. ചർച്ചകളിൽ ട്രഷറി ബെഞ്ചിൽ നിന്ന് ആദ്യം മറുപടി പറയാൻ എനിക്കും ഒരുപാട് അവസരം കിട്ടി.

സുപ്രീം കോടതിയിൽ വിവിധ കേസുകളിൽ രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് 12 വരെ ഞങ്ങൾ പരസ്പരം വാദിച്ചിരുന്നത് അപൂർവമായിരുന്നില്ല. അതിനുശേഷം അരുൺ പാർലമെന്റിലേക്ക് ഓടിയെത്തി പ്രതിപക്ഷത്തു ചർച്ചയ്ക്കു തുടക്കമിടും. പിന്നാലെ ഞാനും ഉച്ചകഴിയുന്നതോടെ കോടതിയിൽനിന്ന് സഭയിലെത്തും. എന്നോട് ഓടിക്കിതച്ചു വരേണ്ടതില്ലെന്നും സമയത്തിനു മുൻപേ താൻ പ്രസംഗം നിർത്തില്ലെന്നും അരുൺ പറയുമായിരുന്നു. അരുണിന്റെ കണിശമായ ഗവേഷണം ഏറ്റവും ഫലപ്രദമായത് 2011 ൽ പാർലമെന്റിൽ ലോക്‌പാൽ ചർച്ചയിലായിരുന്നു. (എന്റെ പിതാവാണ് 1962 ൽ ലോക്‌പാൽ എന്ന പദം രൂപപ്പെടുത്തിയത്).

അരുൺ ജയ്റ്റ്‌ലി എന്നും മഹാനുഭാവനും വിശാലഹൃദയനുമായിരുന്നു. നല്ല ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ പ്രിയവും ഇഷ്ടഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള ഉൽസാഹവും എല്ലാവർക്കുമറിയാം. സ്ഥാനക്കയറ്റം കിട്ടുന്ന അഭിഭാഷകർക്കായി അദ്ദേഹം വിരുന്നുകൾ നടത്താറുണ്ടായിരുന്നു.

പൊതുജീവിതത്തിൽ നിന്ന് ഒരു നല്ല മനുഷ്യൻ നമ്മെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു നെടുംതൂണ് നഷ്ടമായിരിക്കുന്നു. ഒട്ടേറെപ്പേർക്ക് അടുത്ത സ്നേഹിതനെയും. 

(ലേഖകൻ കോൺഗ്രസ് ദേശീയ വക്താവും മുൻ അഡീഷനൽ സോളിസിറ്റർ ജനറലുമാണ്. പാർലമെന്ററി നിയമകാര്യ സ്ഥിരം സമിതിയുടെ മുൻ അധ്യക്ഷൻ.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA