ഇന്ദിരയുടെ കോലം കത്തിച്ചു; 19 മാസം ജയിലിൽ: അടിയന്തരാവസ്ഥയിലെ സത്യാഗ്രഹി

Arun Jaitley
SHARE

അടിയന്തരാവസ്ഥക്കാലത്തെ ആദ്യ സത്യഗ്രഹിയെന്നാണ് അരുൺ ജയ്റ്റ്ലി സ്വയം വിശേഷിപ്പിച്ചത്. അന്നു ജയ്റ്റ്ലിക്ക് 23 വയസ്സ്, ഡൽഹി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ, രാത്രിയിൽത്തന്നെ പൊലീസ് സംഘം പശ്ചിമ ഡൽഹിയിലെ ജയ്റ്റ്ലിയുടെ വീട്ടിലെത്തി. ചൂടുകാലമാണ്, ജയ്റ്റ്ലി പിൻമുറ്റത്തു കിടന്ന് ഉറങ്ങുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അറിയാതെ.

പിതാവ് മഹാരാജ് കിഷൻ ജയ്റ്റ്ലിയും പൊലീസുമായുള്ള തർക്കം കേട്ടാണ് ജയ്റ്റ്ലി ഉണരുന്നത്. മകൻ വീട്ടിലെത്തിയിട്ടില്ലെന്നു പിതാവ് വാദിക്കുന്നതിനിടെ, പിൻഭാഗത്തു മതിൽചാടി ജയ്റ്റ്ലി രക്ഷപ്പെട്ടു. പിതാവിനെ പൊലീസ് കൊണ്ടുപോയി. രാത്രി സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ജയ്റ്റ്ലി പിറ്റേന്നു രാവിലെതന്നെ സർവകലാശാല ആസ്ഥാനത്തെത്തി. അവിടെ, വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ ഇരുനൂറോളം വിദ്യാർഥികളെത്തിയിരുന്നു. അവരെ അഭിസംബോധന ചെയ്ത ജയ്റ്റ്ലി, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കോലം കത്തിക്കുന്നതിനു നേതൃത്വം നൽകി. വൈകാതെ, ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.എസ്. ഭിന്ദറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ജയ്റ്റ്ലിയുൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. തിഹാറിലും ഹരിയാനയിലെ അംബാലയിലുമായി 19 മാസം ജയിലിൽ കഴിഞ്ഞു.

Vajpayee and Arun Jaitley
വാജ്പേയിയോടൊപ്പം ജയ്റ്റ്ലി

തുറന്ന സംസാരം; സദുദ്ദേശ്യപരം

വാജ്പേയി സർക്കാരിൽ, റാം ജഠ്മലാനി രാജിവച്ചപ്പോഴാണ് അരുൺ ജയ്റ്റ്ലിക്ക് നിയമന്ത്രാലയത്തിന്റെ ചുമതല ലഭിക്കുന്നത്. ചില വിവാദങ്ങളുണ്ടായപ്പോൾ ജഠ്മലാനിക്കു നിശ്ശബ്ദതയുടെ കല അറിയില്ലെന്നായിരുന്നു വാജ്പേയി വിമർശിച്ചത്. എന്നാൽ, 1998 ലെ വാജ്പേയി സർക്കാരിൽ ജയ്റ്റ്ലിക്ക് ഇടം ലഭിക്കാതെ പോയതും തുറന്ന സംസാരത്തിന്റെ പേരിലാണ്. സദുദ്ദേശ്യത്തോടെയുള്ള തുറന്ന സംസാരമെന്നാണ് ആ രീതിയെ പാർട്ടിയിലുള്ളവർ വിശേഷിപ്പിക്കുക.

പാർട്ടി ഓഫിസിൽ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ സ്നേഹിതരായ സഹപ്രവർത്തകരെക്കുറിച്ച് ജയ്റ്റ്ലി തമാശകളും കഥകളും പറയും. മറ്റു നേതാക്കൾ പറഞ്ഞതും എടുത്തുപറയും. എം.വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കാൻ തീരുമാനിച്ച യോഗത്തിനുശേഷം, ‘നായിഡു മുകളിലേക്ക് തട്ടപ്പെട്ടു, അടുത്തതാര്’ എന്നു മുരളി മനോഹർ ജോഷി പറഞ്ഞ തമാശ പാർട്ടിയിൽ ചർച്ചയാവുന്നത് ജയ്റ്റ്ലിയിൽ നിന്നു കേട്ടാണ്.

Arun Jaitley with other leaders
പ്രണബ് മുഖർജി, സുഷമ സ്വരാജ്, എൽ.കെ.അഡ്വാനി, സോണിയ ഗാന്ധി, മൻമോഹൻ സിങ് എന്നിവർക്കൊപ്പം 2009ൽ പാർലമെന്റിലെ ഇന്ദിരഗാന്ധി അനുസ്മരണചടങ്ങിൽ അരുൺ ജയ്റ്റ്ലി.

ഡൽഹിയിലെ ബിജെപി മുഖം

മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി, എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊപ്പം സുഷമ സ്വരാജും അരുൺ ജയ്റ്റ്ലിയുമായിരുന്നു ഏറെക്കാലം ഡൽഹിയിൽ ബിജെപിയുടെ പ്രധാന മുഖങ്ങൾ. അഡ്വാനിയെപ്പോലെ പ്രധാനമന്ത്രി സ്ഥാനാർഥികളായി ഇടക്കാലത്തു പരിഗണിക്കപ്പെട്ട പേരുകളാണ് സുഷമയും ജയ്റ്റ്ലിയും. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, സുഷമ ലോക്സഭയിലും ജയ്റ്റ്ലി രാജ്യസഭയിലും പ്രതിപക്ഷ നേതാക്കളായി. 2014 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുഖ്യപ്രചാരകനായും പിന്നീടു പ്രധാനമന്ത്രി സ്ഥാനാർഥിയായും മോദിയെ നിശ്ചയിച്ചപ്പോൾ ജയ്റ്റ്‌ലി അനുകൂലിച്ചു; സുഷമ എതിർത്തു.

മോ ബ്ലാ പേന, ജോലി ലഹരി

മോ ബ്ലാ പേനയായിരുന്നു ജയ്റ്റ്ലിക്കു പ്രിയങ്കരം. ലോകത്തെ വിലയേറിയ പേനകളുടെ വലിയ ശേഖരമാണുണ്ടായിരുന്നത്. പേനകൾ മാത്രമല്ല, വാച്ചും പഷ്മീന ഷാളുകളും ജയ്റ്റ്ലി ശേഖരിച്ചു. ഡ്രൈവിങ് അറിയില്ല, ലൈസൻസുമില്ല – അപ്പോഴും ആഡംബര കാറുകളുടെ ശേഖരത്തിലും താൽപര്യമെടുത്തു. ഡൽഹി കൈലാഷ് കോളനിയിലെ വീട്ടിലെത്തുന്നവരെ ശേഖരങ്ങൾ കാണിക്കാനും വാങ്ങിയത് എവിടെ നിന്നെന്ന കഥകൾ പറയാനും ജയ്റ്റ്ലി താൽപര്യപ്പെട്ടു. ഭക്ഷണപ്രിയനായി അറിയപ്പെടുന്നതിലും സന്തോഷിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA