9 മാസത്തിനിടെ ബിജെപിക്കു നഷ്ടമായത് 4 പ്രമുഖ നേതാക്കൾ

Ananth Kumar, Manohar Parrikar, Sushma Swaraj, Arun Jaitley
എച്ച്.എൻ. അനന്ത് കുമാർ, മനോഹർ പരീക്കർ, സുഷമ സ്വരാജ്, അരുൺ ജയ്റ്റ്ലി
SHARE

ന്യൂഡൽഹി ∙ രാഷ്ട്രീയമനസ്സു കൊണ്ടും പദവി കൊണ്ടും സമാനതകളുണ്ടായിരുന്നവരിൽ നാലാമത്തെയാളുടെ വിയോഗമാണ് ബിജെപിക്കിത്; അതും 9 മാസത്തിനിടെ. എച്ച്.എൻ. അനന്ത് കുമാർ, മനോഹർ പരീക്കർ, സുഷമ സ്വരാജ്, ഒടുവിൽ അരുൺ ജയ്റ്റ്ലിയും. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തവരായിരുന്നു 4 പേരും. മന്ത്രിപദത്തിലിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയ ഇവരുടെ വിയോഗവും പെട്ടെന്നായി.

അനന്ത്കുമാർ 2018 നവംബറിൽ മന്ത്രിപദത്തിലിരിക്കെ മരിച്ചപ്പോൾ, സുഷമയും ജയ്റ്റ്ലിയും സാധ്യതകളുണ്ടായിട്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് ഇക്കുറി സ്വയം പിന്മാറുകയായിരുന്നു. ഡൽഹി രാഷ്ട്രീയത്തിലും പിന്നീടു ദേശീയ രാഷ്ട്രീയത്തിലും ഏറെക്കാലം ഒന്നിച്ചുപ്രവർത്തിച്ച സുഷമ മരിച്ച് 18–ാം ദിവസമാണു ജയ്റ്റ്ലിയുടെ വിയോഗം.

പ്രതിരോധ മന്ത്രിയായിരിക്കെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിത്തുടങ്ങിയിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി ഗോവൻ രാഷ്ട്രീയത്തിലേക്കു മടങ്ങിയ പരീക്കർ അവിടെ മുഖ്യമന്ത്രിയായിരിക്കെ ഇക്കഴിഞ്ഞ മാർച്ചിലാണു മരണത്തിനു കീഴടങ്ങിയത്. ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന പ്രതിരോധ വകുപ്പിലേക്കാണു പരീക്കർ മന്ത്രിയായെത്തിയത്. പരീക്കർ മുഖ്യമന്ത്രിയായി മടങ്ങിയപ്പോഴും ആ വകുപ്പ് ആദ്യം ഏൽപ്പിച്ചത് ജയ്‌റ്റ്ലിയെയിരുന്നു. മുതിർന്ന നേതാവ് ഗോപിനാഥ് മുണ്ടെ മരിച്ചതും ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായിരിക്കെയാണ്; അതും മന്ത്രിസഭ അധികാരമേറ്റ് എട്ടാം നാൾ വാഹനാപകടത്തിൽ.

പരീക്കറും മുണ്ടെയും ഒഴികെ മറ്റു 3 പേരും ആദ്യമായി മന്ത്രിപദത്തിലേക്ക് ഉയർത്തപ്പെട്ടത് എ.ബി. വാജ്പേയിയുടെ കാലത്തായിരുന്നുവെന്നതും പ്രത്യേകത. വാജ്‌പേയി മന്ത്രിസഭയിൽ വാർത്താവിതരണ വകുപ്പ് അടക്കം ജയ്റ്റ്ലി കൈകാര്യം ചെയ്തിരുന്നു. പിന്നീട് സുഷമ ആ വകുപ്പ് ഏറ്റെടുത്തു. ആരോഗ്യ– പാർലമെന്ററികാര്യ മന്ത്രാലയങ്ങളിലായിരുന്നു പിന്നീട് സുഷമയുടെ നിയോഗം. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാർ. വാജ്പേയിയുടെ വിയോഗവും ഒരു വർഷത്തിനിടെയായിരുന്നു; കഴിഞ്ഞ ഓഗസ്റ്റിൽ. സുഷമയുടെയും ജയ്റ്റ്ലിയുടെയും വേർപാട് മറ്റൊരു ഓഗസ്റ്റിൽ.

English summary: BJP loses four top leaders in nine months

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA