ADVERTISEMENT

ന്യൂഡൽഹി ∙ നാലു ദശകത്തിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്ന മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി (66) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 9 മുതൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലായിരുന്നു. 

ഇന്നലെ ഉച്ചയ്ക്ക് 12.07നായിരുന്നു അന്ത്യം. പാർട്ടി ആസ്ഥാനത്ത് ഇന്ന് രാവിലെ 10.30 മുതൽ 1.30 വരെ പൊതുദർശനം. സംസ്കാരം 2.30ന് നിഗംബോധ് ഘട്ടിൽ.

വാജ്പേയി, നരേന്ദ്ര മോദി മന്ത്രിസഭകളിൽ വാർത്താവിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനികാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു പ്രാഗൽഭ്യം തെളിയിച്ചു. 4 തവണ രാജ്യസഭാംഗമായി. 2009–14 ൽ രാജ്യസഭ പ്രതിപക്ഷനേതാവായിരുന്നു. നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മികച്ച പ്രഭാഷകനായിരുന്നു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി, പാർട്ടി വക്താവ് എന്നീ നിലകളിൽ തിളങ്ങി. നോട്ടുനിരോധന കാലത്ത് ജയ്റ്റ്ലിയായിരുന്നു ധനമന്ത്രി.

അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻ പ്രഭയുടേയും മകനായി 1952 ഡിസംബർ 28ന് ഡൽഹിയിൽ ജനിച്ചു. 1974 ൽ ഡൽഹി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ ചെയർമാനായി. രാജ് നാരായനും ജയപ്രകാശ് നാരായണും നേതൃത്വം നൽകിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലും, മനുഷ്യാവകാശ കൂട്ടായ്മകളിലും പ്രവർത്തിച്ചു. എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തി. അടിയന്തരാവസ്‌ഥക്കാലത്ത് 19 മാസം ജയിൽവാസമനുഷ്ഠിച്ചു. 1990 ൽ സുപ്രീം കോടതി അഭിഭാഷകനായി. ’90 ൽ കേന്ദ്രസർക്കാരിന്റെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.

2018 മേയിൽ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി. ആരോഗ്യപ്രശ്നങ്ങൾ കാരണം രണ്ടാം മോദി മന്ത്രിസഭയിൽ ഉൾപ്പെട്ടില്ല. കശ്മീരിലെ മുൻ ധനമന്ത്രി ഗിരിധരിലാൽ ദോഗ്രയുടെ മകൾ സംഗീതയാണ് ഭാര്യ. മക്കൾ: അഭിഭാഷകരായ സൊനാലി, രോഹൻ.

ആശ്വസിപ്പിച്ച് മോദി

ന്യൂഡൽഹി ∙ ജയ്റ്റ്‌ലിയുടെ ഭാര്യ സംഗീത, മകൻ രോഹൻ എന്നിവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. ജയ്റ്റ്‌ലിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ യാത്ര വെട്ടിച്ചുരുക്കി മടങ്ങേണ്ടതില്ലെന്ന് കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ഫ്രാൻസ്, യുഎഇ, ബഹ്റൈൻ സന്ദർശനം കഴിഞ്ഞ് നാളെയാണ് പ്രധാനമന്ത്രി തിരിച്ചെത്തുക. ബഹ്റൈനിൽ നിന്ന് ഇന്നു വീണ്ടും ഫ്രാൻസിലേക്കു തിരിക്കുന്ന പ്രധാനമന്ത്രിക്ക് അവിടെ ജി7 ഉച്ചകോടിയിൽ സംബന്ധിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com