പ്രിൻസിപ്പൽ ഓർക്കുന്നു, പ്രിയപ്പെട്ട വിദ്യാർഥി

Arun Jaitley
SHARE

ന്യൂഡൽഹി ∙ അരനൂറ്റാണ്ടു മുൻപു പഠിച്ചിറങ്ങിയ വിദ്യാർഥിയെ അന്നത്തെ പ്രിൻസിപ്പൽ ഇപ്പോഴുമോർക്കുന്നെങ്കിൽ പല കാരണങ്ങളുമുണ്ടാവാം. അദ്ദേഹത്തെക്കുറിച്ച് അടുത്തകാലത്തു പറഞ്ഞപ്പോഴും, ‘എന്റെ പ്രിൻസിപ്പൽ’ എന്ന് വിദ്യാർഥി വിശേഷിപ്പിച്ചെങ്കിൽ അതിനും കാരണങ്ങളുണ്ടാവാം. സവിശേഷമായ ബന്ധമാണ് ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ഫാ.തോമസ് കുന്നുങ്കലും (93) അരുൺ ജയ്‌റ്റ്‌ലിയും തമ്മിലുണ്ടായിരുന്നത്.

1960 മുതൽ 69വരെ ജയ്റ്റ്ലി സെന്റ് സേവ്യേഴ്സിൽ പഠിച്ചു. പ്ലസ്ടുവിനു കൊമേഴ്സ് ഗ്രൂപ്പ്. പഠനത്തിനപ്പുറം ഡിബേറ്റിങ്ങിലും ക്രിക്കറ്റിലും ജയ്റ്റ്ലി തിളങ്ങി, വിദ്യാർഥി കൗൺസിൽ അംഗവുമായി.

fr-thomas-kunnungal
ഫാ. തോമസ് കുന്നുങ്കൽ.

ജയ്റ്റ്ലിയുടെ എളിമയുള്ള പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് മന്ത്രിയായിരിക്കെ പൂർവവിദ്യാർഥി സമ്മേളനത്തിന് സ്കൂളിലെത്തിയപ്പോൾ ജയ്റ്റ്‌ലിയെ സംഘാടകരിൽ ചിലർ തിരിച്ചറിയാഞ്ഞത് ഫാ.കുന്നുങ്കൽ ഓർമിച്ചത്: ‘ജയ്റ്റ്ലി എത്തിയപ്പോഴേക്കും സ്കൂളിന്റെ ഉള്ളിലത്രയും വാഹനങ്ങൾ നിറഞ്ഞിരുന്നു. സ്കൂളിൽനിന്ന് കുറച്ചുദൂരെ വഴിയരികിൽ വാഹനം പാർക്ക് ചെയ്യേണ്ടിവന്നു. ജയ്റ്റ്ലി നടന്നു ഗേറ്റ് കടന്നെത്തി. സമ്മേളനത്തിനു വന്നതാണെങ്കിൽ 300 രൂപ നൽകി രജിസ്റ്റർ ചെയ്യണമെന്ന് കൗണ്ടറിലുണ്ടായിരുന്നവർ പറഞ്ഞു. ജയ്റ്റ്ലി 300 രൂപ നൽകി റജിസ്റ്റർ ചെയ്ത് സമ്മേളനവേദിയിലെത്തി. പണം വാങ്ങിയവർ അബദ്ധം തിരിച്ചറിഞ്ഞ് അടുത്തെത്തിയപ്പോൾ ജയ്റ്റ്ലി പറ‍ഞ്ഞു: ഞാനും പൂർവവിദ്യാർഥിതന്നെ.’

ഏതാനും വർഷം മുൻപ് തന്റെ വീട്ടിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചപ്പോൾ പ്രസംഗത്തിനിടെ ജയ്റ്റ്ലി പറഞ്ഞു: ‘എന്റെ പ്രിൻസിപ്പൽ പിൻനിരയിലിരിപ്പുണ്ട്’. അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത് സെന്റ് സേവ്യ‌േഴ്സിലെ സന്തോഷകാലങ്ങൾ ഓർത്താവുമെന്നാണ്, പിന്നീട് സിബിഎസ്ഇ ചെയർമാൻ സ്ഥാനം ഉൾപ്പെടെ ഉന്നതപദവികൾ വഹിക്കുകയും പത്മശ്രീ ബഹുമതിയാൽ ആദരിക്കപ്പെടുകയും ചെയ്ത ആലപ്പുഴ പോള സ്വദേശി ഫാ.കുന്നുങ്കൽ കരുതുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA