തൊട്ടു, തൊട്ടില്ല; ചന്ദ്രനു തൊട്ടരികെ ആശയവിനിമയം നഷ്ടമായി ചന്ദ്രയാൻ–2

modi-and-isro-chairman
പീനിയയിലെ ദൗത്യനിർവഹണ കേന്ദ്രത്തിൽ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി.
SHARE

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ‌ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടർന്നു സിഗ്നൽ നഷ്ടമായി. വിക്രം ലാൻഡറിൽനിന്നു ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വരെ സിഗ്നലുകൾ ലഭിച്ചെന്നും തുടർന്നു ബന്ധം നഷ്ടമാകുകയായിരുന്നുവെന്നും ഇസ്റോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന) ചെയർമാൻ ഡോ. കെ. ശിവൻ പുലർച്ചെ 2.18ന് അറിയിച്ചു.

സാങ്കേതിക വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ലാൻഡിങ് വിജയകരമായോ എന്നു വ്യക്തമല്ലെങ്കിലും ചന്ദ്രയാൻ–2 ദൗത്യത്തിന്റെ പ്രധാനഭാഗമായ ഓർബിറ്റർ ഒരുവർഷത്തേക്കു ചന്ദ്രനെ വലംവച്ചു നിരീക്ഷണം തുടരും. ലാൻഡർ ലക്ഷ്യം കാണാതിരുന്നാൽ ഇതിനുള്ളിലെ റോവറും പ്രവർത്തനരഹിതമാകും.

ഇന്നു പുലർച്ചെ 1.39 നാണു ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള സോഫ്റ്റ്‌ ലാൻഡിങ് പ്രക്രിയ തുടങ്ങിയത്.  ലാൻഡർ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തെത്തിയതോടെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനം ആരംഭിച്ചു. ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള 800 ന്യൂട്ടൻ ശേഷിയുള്ള 5 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ചതോടെ സെക്കൻഡിൽ 6 കിലോമീറ്റർ എന്നതിൽനിന്നു പൂജ്യത്തിലേക്കു വേഗം കുറയ്ക്കാനായി.

തുടർന്നു 1.52നു ഫൈൻ ബ്രേക്കിങ് ഘട്ടം തുടങ്ങുന്നതു വരെ സിഗ്നലുകൾ ലഭിച്ചു. ശേഷം ബെംഗളൂരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിൽ സിഗ്നലുകള്‍ക്കായി കാത്തിരുന്നെങ്കിലും അനിശ്ചിതത്വം തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സോഫ്റ്റ് ലാൻഡിങ്ങിനു സാക്ഷ്യം വഹിക്കാൻ ഇവിടെയെത്തിയിരുന്നു.

ചന്ദ്രോപരിതലത്തിലെ സോഫ്റ്റ്‌ ലാൻഡിങ് ദൗത്യങ്ങളിൽ 37 % മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വൻശക്തികളുടെ ഒട്ടേറെ ലാൻഡർ ദൗത്യങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു. ലാൻഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി. മറ്റൊരു ദൗത്യവും കടന്നുചെന്നിട്ടില്ലാത്തതും ശാസ്ത്രജ്ഞർക്കു ധാരണ കുറവുള്ളതുമായ മേഖലയാണിത്.

∙ ‘‘ ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങൾ പഠിച്ചു. ഇതൊരു ചെറിയ നേട്ടമല്ല. ഉയർച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണ്. പ്രതീക്ഷ കൈവിടാതിരിക്കുക.’’ - ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA