ADVERTISEMENT

സോഫ്റ്റ് ലാൻഡിങ്: ചന്ദ്രനിലേക്ക് ഊർന്നിറങ്ങുന്ന രീതിയിലുള്ള ലാൻഡിങ്. നിയന്ത്രിത ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് തൊട്ടു തൊട്ടു എന്ന നിലയിൽ ചന്ദ്രോപരിതലത്തിലെത്തിക്കും. കൃത്യമായ ചെരിവുള്ള ഭാഗത്തു ലാൻഡറിന്റെ കാലുകളുറപ്പിക്കും.  

∙  ഓർബിറ്റർ: ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന കൃത്രിമോപഗ്രഹമാണ് ഓർബിറ്റർ. ചന്ദ്രനെ മുകളിൽനിന്നു നിരീക്ഷിച്ചു വിവരങ്ങൾ ശേഖരിക്കും. ഒരു വർഷമാണു പ്രവർത്തന കാലാവധി. ബെംഗളൂരു ബ്യാലലുവിലുള്ള ഇന്ത്യൻ ഡീപ് സയൻസ് നെറ്റ്‌വർക്കുമായും (ഐഡിഎസ്എൻ) ചന്ദ്രനിലിറങ്ങുന്ന ലാൻഡറുമായും ആശയവിനിമയം നടത്തും. 

∙  ലാൻഡർ: ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പേടകം. ഉപരിതലത്തിൽ ഒരിടത്തിറങ്ങി അവിടെനിന്നു പരീക്ഷണം നടത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനുമാണു ലാൻഡറുകൾ ഉപയോഗിക്കുക. വിക്രം സാരാഭായിയുടെ പേരിൽ നിന്നാണ് ചന്ദ്രയാൻ 2ലെ ലാൻഡറിനു വിക്രം എന്ന പേരുവന്നത്. പ്രവർത്തന കാലാവധി ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം). റോവറുമായും ഐഡിഎസ്എന്നുമായും ആശയവിനിമയത്തിനു കഴിയും.  

∙  ബൂസ്റ്റർ: ബഹിരാകാശ പേടകം / ഉപഗ്രഹം വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റുകളാണ് ബൂസ്റ്റർ റോക്കറ്റുകൾ.

∙  ഓർബിറ്റ്: ഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മറ്റും ഭ്രമണപഥം.  

∙  ലാം: ഭൂമിയിൽ നിന്നു വിക്ഷേപിച്ചാൽ പിന്നീടു ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ പേടകത്തിന്റെ ദിശ തിരിച്ച്, വേഗം കുറച്ച്, നിശ്‌ചിത പാതയിൽ വലംവയ്‌ക്കുന്ന തരത്തിലേക്കു പേടകത്തെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഉപകരണമാണ് ലിക്വിഡ് അപ്പോജി മോട്ടർ എന്ന ലാം. വിവിധ ഘട്ടങ്ങളിൽ ചന്ദ്രയാൻ 2ന്റെ ഭ്രമണപഥമുയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു പിന്നീടു ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തിലെത്തിക്കുന്നതു ലാം ജ്വലിപ്പിച്ചാണ്.

∙  ത്രസ്റ്ററുകൾ: ലാൻഡറിലെ ചെറു എൻജിനുകളാണ് ത്രസ്റ്ററുകൾ. ചന്ദ്രയാൻ 2ൽ ലാൻഡറിന്റെ നാലു കാലുകളിലും നടുവിലും ത്രസ്റ്ററുകളുണ്ട്. ലാൻഡറിന്റെ ദിശയും വേഗവും ക്രമീകരിക്കാനാണ് ഇതുപയോഗിക്കുന്നത്. ലാമിന്റെ പ്രവർത്തനം തകരാറിലായാൽ ബദൽ എന്ന രീതിയിലും ത്രസ്റ്ററുകൾ ഉപയോഗിക്കാറുണ്ട്.

∙  ന്യൂട്ടൻ: ബലത്തിന്റെ രാജ്യാന്തര യൂണിറ്റാണ് ന്യൂട്ടൻ. വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടനോടുള്ള ബഹുമാനാർഥമാണ് ഈ പേര്. ലാമിന്റെയും ത്രസ്റ്ററുകളുടെയുമൊക്കെ ശേഷി പറയുന്നത് ന്യൂട്ടനിലാണ്. 

∙  റോവർ: ലാൻഡറിനുള്ളിൽ നിന്നു ചന്ദ്രോപരിതലത്തിൽ ഇറങ്ങിനടന്നു പരീക്ഷണങ്ങൾ നടത്താൻ ശേഷിയുള്ള ആറുചക്ര വാഹനം. റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ആയുസ്സ് ഒരു ചാന്ദ്രദിനം. ആശയവിനിമയം ലാൻഡറുമായി മാത്രം. അറിവ് എന്നർഥം വരുന്ന പ്രഗ്യാൻ എന്ന സംസ്കൃത പേരിലാണു ചന്ദ്രയാൻ 2ലെ റോവർ അറിയപ്പെടുന്നത്.

∙  പേലോഡുകൾ: ബഹിരാകാശ ദൗത്യങ്ങളിൽ വിവിധ തരത്തിലുള്ള ഗവേഷണങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള വിവിധ ഉപകരണങ്ങൾ. ചന്ദ്രയാൻ 2ന്റെ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയിലായി ഇത്തരത്തിലുള്ള 13 ഉപകരണങ്ങളുണ്ട്.

∙ Far side (ഇരുണ്ട ഭാഗം): ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണു ചന്ദ്രൻ സ്വയം കറങ്ങുന്നത്. ‘ടൈഡൽ ലോക്കിങ്’ എന്നാണ് ഈ പ്രതിഭാസത്തിനു പേര്. ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്കു നേരെ വരില്ല. ഭൂമിയിൽനിന്ന് ഇവിടേക്ക് ആശയവിനിമയവും സാധ്യമല്ല. ഭൂമിയിൽ നിന്നു കാണാനാകാത്തതിനാലാണു നാം ഇരുണ്ട ഭാഗമെന്നു വിളിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com