sections
MORE

ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട പാക്ക് ബോട്ടുകൾ; ദക്ഷിണേന്ത്യയ്ക്കു മേൽ മുന്നറിയിപ്പ്

mazood-pak
മസൂദ് അസ്ഹർ
SHARE

ന്യൂഡൽഹി ∙ ഗുജറാത്ത് തീരത്ത് സിർ ക്രീക്ക് അതിർത്തി മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്ക് ബോട്ടുകൾ കണ്ടെത്തിയതിനു പിന്നാലെ, കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു കരസേനയുടെ മുന്നറിയിപ്പ്.

ജമ്മു കശ്മീരിലും രാജസ്ഥാനിലും ആക്രമണത്തിനു ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ തയാറെടുക്കുന്നുവെന്ന സൂചനകളും പുറത്തുവന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മസൂദിനെ പാക്കിസ്ഥാൻ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചതായി ഇന്റിലിജൻസ് ബ്യൂറോയ്ക്കു വിവരം ലഭിച്ചു.

ഇതിനിടെ, ജമ്മു കശ്മീരിൽ ആക്രമണത്തിനു പദ്ധതിയിട്ട 8 ലഷ്കറെ തയിബ ഭീകരരെ സോപോർ ജില്ലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച സോപോറിൽ രണ്ടരവയസ്സുകാരി ഉൾപ്പെടെ 4 പേരെ ആക്രമിച്ചത് ഇവരാണെന്നാണു സൂചന. 

ഗുജറാത്ത് വഴി ദക്ഷിണേന്ത്യ

കശ്മീർ വിഷയത്തിൽ ഇന്ത്യ – പാക്ക് സംഘർഷം രൂക്ഷമായശേഷം ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പുണ്ടാകുന്നത്.

ഭീകരരുടെ ആക്രമണ നീക്കം സംബന്ധിച്ച ഒട്ടേറെ സൂചനകൾ ലഭിച്ചതായി കരസേനയുടെ പുണെ ആസ്ഥാനമായുള്ള ദക്ഷിണ കമാൻഡ് മേധാവി ലഫ്. ജനറൽ എസ്.കെ. സെയ്നി വ്യക്തമാക്കി.

പാക്ക് സേനാ കമാൻഡോകളുടെ പരിശീലനം ലഭിച്ച ഭീകരർ ബോട്ടുകളിൽ ഗുജറാത്തിലിറങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു നീങ്ങിയിരിക്കാമെന്നാണു നിഗമനം. ഗുജറാത്ത് തീരം വഴി നുഴഞ്ഞുകയറ്റസാധ്യതയുണ്ടെന്നു കഴിഞ്ഞ 29നു തീരസേനയും മുന്നറിയിപ്പ് നൽകിയിരുന്നു. 

മസൂദിന്റെ നീക്കങ്ങൾ

മസൂദ് അസ്ഹർ ജമ്മു കശ്മീരിലും രാജസ്ഥാനിലും ആക്രമണത്തിനു പദ്ധതിയിട്ടേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കരസേനയ്ക്കും ബിഎസ്എഫിനും കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകി. 

മസൂദ് മാർച്ച് മുതൽ റാവൽപിണ്ടിയിൽ വീട്ടുതടങ്കലിലാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇയാളടക്കം 4 പേരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ചയാണു ഭീകരരായി പ്രഖ്യാപിച്ചത്.

കടലിലൂടെയുള്ള ആക്രമണത്തിനു ജയ്ഷ് ഭീകരർ പദ്ധതിയിടുന്നതായി നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് ഈയിടെ പറഞ്ഞിരുന്നു.

കേരളത്തിൽ അതീവജാഗ്രത

തിരുവനന്തപുരം ∙ കരസേനാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി. 

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ആൾത്തിരക്കുള്ള മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രത പുലർത്തും. ഓണാഘോഷ വേദികൾക്കു സമീപവും സുരക്ഷ കർശനമാക്കും. സംശയകരമായ സാഹചര്യമോ വസ്തുവോ കണ്ടാൽ 1122 എന്ന നമ്പറിലോ പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) അറിയിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA