ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക, വിദേശകാര്യ സ്ഥിരം സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് കോൺഗ്രസിനെ ഒഴിവാക്കാൻ സർക്കാർ നീക്കം. കഴിഞ്ഞ തവണ സാമ്പത്തിക സ്ഥിരം സമിതി അധ്യക്ഷൻ വീരപ്പ മൊയ്‍ലിയും വിദേശകാര്യ സമിതി അധ്യക്ഷൻ ശശി തരൂരുമായിരുന്നു. ഇവരുടെ നിലപാടുകൾ സർക്കാരിനെ പലതവണ ബുദ്ധിമുട്ടിലാക്കിയിരുന്നു. അതിനാ‍ൽ ഇത്തവണ ഈ സ്ഥാനങ്ങൾ പ്രതിപക്ഷത്തിനു നൽകേണ്ടെന്നു ബിജെപി തീരുമാനിച്ചതായാണ് റിപ്പോർട്ട്.

രാജ്യസഭാംഗങ്ങൾക്കു നൽകുന്ന ആഭ്യന്തര വകുപ്പ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിനു തന്നെ നൽകും. പി. ചിദംബരമാണ് ഇപ്പോൾ അധ്യക്ഷൻ. അദ്ദേഹത്തിനു പകരം മുൻ മന്ത്രി ആനന്ദ് ശർമയെ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. 

ബിജെപിക്ക് ഇത്തവണ കൂടുതൽ അംഗങ്ങളുണ്ടെന്ന ന്യായത്തിലാണ് 2 സുപ്രധാന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം പ്രതിപക്ഷത്തിനു നിഷേധിക്കുന്നത്. 

എന്നാൽ കോൺഗ്രസിന്റെ അംഗസംഖ്യ കഴിഞ്ഞ തവണത്തേതിൽ നിന്ന് കൂടിയതായി പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് 2 സീറ്റുണ്ടായിരുന്ന കാലത്തു പോലും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കാൻ എ.ബി. വാജ്പേയിയെ ആണ് കോൺഗ്രസ് സർക്കാർ അയച്ചതെന്ന് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. 

ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങളുടെ പ്രതിഫലനമാണ് ഇത്തരം സ്ഥാനങ്ങൾ പ്രതിപക്ഷത്തിനു നൽകുന്നതിലൂടെ രാജ്യം തുടർന്നു വന്നത്. 

അംഗസംഖ്യയുടെ ബലത്തിലുള്ള ഏകാധിപത്യമാണ് ഇപ്പോൾ ബിജെപി നടപ്പാക്കുന്നതെന്നും അധീർ രഞ്ജൻ ആരോപിച്ചു.

പാർട്ടി ക്ലാസും പരിശീലനവും നിർബന്ധമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി ∙ പാർട്ടിയെ സജീവമാക്കി നിർത്താനും പ്രവർത്തകരെ ഊർജസ്വലരാക്കാനും കോൺഗ്രസ് ഒരുങ്ങുന്നു. ബൂത്തു തലം മുതൽ എഐസിസി വരെ അംഗങ്ങൾക്കു നിർബന്ധിത പരിശീലനവും പാർട്ടി നയങ്ങളെക്കുറിച്ചുളള ക്ലാസുകളും ഉറപ്പാക്കും. എല്ലാ വർഷവും പരിശീലന ക്ലാസുകളുണ്ടാവും.

നാളെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന പാർട്ടി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിൽ ഇതിന്റെ സിലബസും മറ്റു കാര്യങ്ങളും തീരുമാനിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ‘മനോരമ’യോടു പറഞ്ഞു.

പ്രവർത്തകർക്കു പരിശീലനം നൽകാനും പ്രചാരണ പരിപാടികൾ പൊതുജനങ്ങളിലെത്തിക്കാനും സജീവ പ്രചാരകരെ (പ്രേരക്) നിയോഗിക്കാൻ നിർദേശമുണ്ട്. ഇത് ആർഎസ്എസ് മാതൃകയിലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയോട് കൂറുള്ളവരെയും ഗ്രൂപ്പു കളിയില്ലാത്തവരെയുമാണ് പ്രേരക് സ്ഥാനത്തേക്കു നിയോഗിക്കുക. നാലഞ്ചു ജില്ലകളെ ഒരു ഡിവിഷനാക്കി തിരിച്ച്, ഒരു ഡിവിഷനിൽ 3 പ്രേരക് എന്ന നിലയിലായിരിക്കും നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ച പരിശീലനം നൽകും. പരിശീലന പദ്ധതി നാളെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗം വിലയിരുത്തും. ഈ മാസം അവസാനത്തോടെ പ്രേരക് പട്ടിക പിസിസികൾ എഐസിസിക്കു നൽകാനാണു നിർദേശം. പാർട്ടി നയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും പ്രേരക് എല്ലാ മാസവും ഡിസിസി ആസ്ഥാനങ്ങളിൽ പ്രവർത്തകരെ ബോധവൽക്കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com