ADVERTISEMENT

റാഞ്ചി ∙ ജാർഖണ്ഡിൽ ആൾക്കൂട്ടം മുസ്‌ലിം യുവാവിനെ ജയ് ശ്രീറാം വിളിപ്പിക്കുകയും തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്ത സംഭവത്തിൽ 11 പ്രതികളുടെ പേരിൽ ചുമത്തിയിരുന്ന കൊലക്കുറ്റം പൊലീസ് ഒഴിവാക്കി.

സെരായ്കേല–ഖർസവാൻ ജില്ലയിൽ കഴിഞ്ഞ ജൂണിൽ ആൾക്കൂട്ട ആക്രമണത്തിലാണ് തബ്രേസ് അൻസാരി (24) കൊല്ലപ്പെട്ടത്. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം, മെഡിക്കൽ, ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കി നരഹത്യാശ്രമം എന്ന കുറ്റം ചാർത്തിയതെന്ന് പൊലീസ് സൂപ്രണ്ട് കാർത്തിക് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മെഡിക്കൽ റിപ്പോർട്ടിലും മരണകാരണം കൊലപാതകമാണെന്ന് പറയുന്നില്ല. അതിനാൽ ഫൊറൻസിക്, പതോളജി മേഖലകളിലെ ഉന്നത വിദഗ്ധരിൽ നിന്ന് രണ്ടാമതൊരു അഭിപ്രായം കൂടി തേടി.

അവരും അതേ നിലപാടെടുത്തതിനാൽ 302–ാം വകുപ്പിനു പകരം 304–ാം വകുപ്പ് ചാർത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 302 അനുസരിച്ചാണെങ്കിൽ ജീവപര്യന്തം തടവോ വധശിക്ഷയോ കിട്ടാം. 304 അനുസരിച്ച് 10 വർഷം തടവോ ജീവപര്യന്തം തടവോ ലഭിക്കാം.

രാജ്യത്തെ നടുക്കിയ ഈ കേസിൽ ആകെ 13 പ്രതികളാണ് ഉള്ളത്. പുണെയിൽ ജോലി ചെയ്യുന്ന അൻസാരി ഈദ് ആഘോഷിക്കാൻ എത്തിയതായിരുന്നു ബൈക്ക് മോഷ്ടിക്കാൻ വന്നതാണെന്ന് സംശയിച്ചാണ് വീട്ടുകാരും നാട്ടുകാരും ജൂൺ 17ന് രാത്രി അൻസാരിയെ പിടികൂടിയതും തല്ലിച്ചതച്ചതും.

തൂണിൽ കെട്ടിയിട്ട് തല്ലുന്നതിന്റെയും ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിപ്പിക്കുന്നതിന്റെയും വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പിറ്റേന്ന് രാവിലെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ആരോഗ്യനില വഷളായതിനെ തുടർന്ന് ആദ്യം സദർ ആശുപത്രിയിലും പിന്നീട് ജംഷഡ്പുരിലെ ടാറ്റാ മെയിൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

22നാണ് അൻസാരി മരിച്ചത്. ഭർത്താവിന്റെ മരണവാർത്ത കേട്ട് ഭാര്യ ഷാഹിസ്തയുടെ ഗർഭമലസുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com