ADVERTISEMENT

ന്യൂഡൽഹി ∙ മധ്യപ്രദേശ് കോൺഗ്രസിൽ അടുത്ത കാലത്തായി ഉയർന്നുവന്ന അച്ചടക്കലംഘനം സംബന്ധിച്ച എല്ലാ പരാതികളും എഐസിസിയുടെ അച്ചടക്കസമിതിക്കു വിട്ടു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ചെയർമാനായ സമിതിയിൽ 5 അംഗങ്ങളാണുള്ളത്– മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, സുശീൽ കുമാർ ഷിൻഡെ, മുൻ അരുണാചൽ മുഖ്യമന്ത്രി മുകുൾ മുക്തി എന്നിവർ.

മധ്യപ്രദേശിൽ പല നേതാക്കളും അച്ചടക്കം ലംഘിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥിനെതിരെ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാതിയുണ്ട്. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ സംസ്ഥാന വനം മന്ത്രി ഉമങ് സിംഘർ പരാതി നൽകിയിട്ടുണ്ട്. ദിഗ്‌വിജയ് സിങ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമയുന്നു എന്നാണു പരാതി. ഉമങ്ങിനെതിരെ ദിഗ്‌വിജയും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി കമൽനാഥ് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെയും അച്ചടക്കസമിതി ചെയർമാൻ എ.കെ. ആന്റണിയെയും കണ്ടു പരാതി നൽകിയിരുന്നു.

∙ റിപ്പോർട്ട് പരസ്യപ്പെടുത്തില്ല

എല്ലാ പരാതിക്കാരെയും സമിതി നേരിട്ടു വിളിച്ചു വരുത്തി വാദം കേൾക്കും. ആർക്കെതിരെയാണോ പരാതി അവരിൽ നിന്നും തെളിവെടുക്കും. സമിതിയുടെ തീരുമാനം പരസ്യപ്പെടുത്താറില്ല. അവസാന റിപ്പോർട്ട് കോൺഗ്രസ് പ്രസിഡന്റിനു സമർപ്പിക്കും. നടപടി കൈക്കൊള്ളേണ്ടത് പാർട്ടി പ്രസിഡന്റാണ്. അച്ചടക്ക സമിതി ഒരിക്കലും മധ്യസ്ഥത വഹിക്കുന്ന സമിതിയല്ല. ഇങ്ങനെ ഒരു ചുമതല പാർട്ടി ഭരണഘടന പ്രകാരം അച്ചടക്ക സമിതിയിൽ നിക്ഷിപ്തവുമല്ല. 1993 ഫെബ്രുവരി മുതൽ എ.കെ. ആന്റണിയാണ് സമിതി ചെയർമാൻ.

∙ ചർച്ച ഇന്നത്തേക്കു മാറ്റി

മധ്യപ്രദേശ് കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്താനിരുന്ന ചർച്ച ഇന്നത്തേക്കു മാറ്റി. മഹാരാഷ്ട്ര കോൺഗ്രസ് തിരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായ സിന്ധ്യക്ക് ഇന്നലെ സ്ക്രീനിങ് കമ്മിറ്റി യോഗമുള്ളതിനാലാണിത്. പാർട്ടിയിൽ സിന്ധ്യയുടെ എതിരാളിയായ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെയും സോണിയ ഇന്നു കാണുന്നുണ്ട്.

കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പു മുതലാണ് സിന്ധ്യ വിഭാഗവും കമൽനാഥ് വിഭാഗവും തമ്മിലുള്ള ഉരസൽ കടുത്തത്. ദിഗ്‍വിജയ് സിങ് കമൽനാഥിനെ പിന്തുണച്ചതോടെ ഒതുങ്ങിയ സിന്ധ്യ ഗുണയിൽ തോൽക്കുക കൂടി ചെയ്തതോടെ പാർട്ടിയിലെ പ്രതിസന്ധിയും അകൽച്ചയും കൂടി. മുഖ്യമന്ത്രി കൂടിയായ കമൽനാഥ് നയിക്കുന്ന പിസിസിക്ക് പുതിയ അധ്യക്ഷനെ വേണമെന്നാണ് സിന്ധ്യയുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com