ADVERTISEMENT

ന്യൂഡൽഹി ∙ മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനു കോൺഗ്രസ്. പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന എഐസിസി ജനറൽ സെക്രട്ടറിമാരുടെയും ഉന്നത നേതാക്കളുടെയും യോഗത്തിലാണു തീരുമാനം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉള്ളുകള്ളികൾ തുറന്നു കാണിച്ച് എല്ലാ പിസിസികളും ഈ മാസം 20 മുതൽ 30 വരെ പ്രതിനിധി സമ്മേളനങ്ങൾ നടത്തും. ഇതിനു ശേഷം ഒക്ടോബർ 15 മുതൽ 25 വരെ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.

മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് എല്ലാ തലങ്ങളിലും പദയാത്രകൾ സംഘടിപ്പിക്കും. ഗാന്ധിജിയുടെ ആശയങ്ങൾ ബിജെപി തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിക്കുന്നതു തുറന്നുകാണിക്കും.

കോൺഗ്രസിന്റെ അംഗത്വ പ്രചാരണ പരിപാടിയും അടുത്തമാസം ആരംഭിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വീടുകൾ സന്ദർശിച്ചാണു പ്രചാരണ പരിപാടികൾ നടത്തുക.

കോൺഗ്രസ് പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയും അടുത്ത മാസം ആരംഭിക്കും. നിരന്തരമായ പരിശീലനമായിരിക്കും നൽകുക. പാർട്ടി അണികളെ സജീവമാക്കി നിർത്താനുള്ള പരിശീലന പദ്ധതി യോഗം അംഗീകരിച്ചു.

മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എ.കെ.ആന്റണി, പ്രിയങ്ക ഗാന്ധി, ഗുലാംനബി ആസാദ്, കെ.സി.വേണുഗോപാൽ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി തുടങ്ങിയവർ പങ്കെടുത്തു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് എത്തിയില്ല. കമൽനാഥിന്റെ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന ജ്യോതിരാദിത്യ സിന്ധ്യ പങ്കെടുത്തു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതിനിധിയായി കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു. കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ കൊടിക്കുന്നിൽ വിശദീകരിച്ചു.

പാലാ ഉപതിരഞ്ഞെടുപ്പു തിരക്കു കാരണമാണു മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നു കൊടിക്കുന്നിൽ പറഞ്ഞു. 

രാഷ്ട്രനേതാക്കളുടെ വാക്കുകൾ വളച്ചൊടിക്കുന്നു: സോണിയ 

ജനവിധിയെ അപകടകരമായ വിധത്തിൽ ദുരുപയോഗം ചെയ്യുകയാണു മോദി സർക്കാർ. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിലെ പോരാട്ടം പോര. തെരുവുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും പട്ടണങ്ങളിലും സമരത്തിലേർപ്പെടണം.

രാജ്യത്തു ജനാധിപത്യം ഇത്രത്തോളം അപകടത്തിലായ അവസ്ഥ വേറെയുണ്ടായിട്ടില്ല. മഹാത്മാഗാന്ധി, സർദാർ പട്ടേൽ, അംബേദ്കർ തുടങ്ങിയ നേതാക്കളുടെ പ്രസ്താവനകൾ പോലും വളച്ചൊടിച്ചു കുറ്റകരമായ ലക്ഷ്യങ്ങൾ നേടാനായി ദുരുപയോഗം ചെയ്യുകയാണ് ബിജെപി.

സാമ്പത്തികാവസ്ഥ അത്രമേൽ മോശമായിരിക്കുന്നു. ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതിനെ പ്രതികാര രാഷ്ട്രീയ നടപടികൾ കൊണ്ടു മറച്ചുവയ്ക്കുക മാത്രമാണു മോദി സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ കോൺഗ്രസിന് കൃത്യമായ സമരപരിപാടികൾ ഉണ്ടാവണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com