ADVERTISEMENT

ന്യൂഡൽഹി ∙ മറ്റു ന്യൂനപക്ഷങ്ങൾക്കു പ്രശ്നമൊന്നുമില്ലാത്തപ്പോഴും മുസ്‍ലിംകൾക്കു മാത്രം അരക്ഷിതാവസ്ഥയുണ്ടെന്നു പറയുന്നത് മനസ്സിലാക്കാനാകുന്നില്ലെന്ന് ആർഎസ്എസ് സഹ ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ.

എണ്ണത്തിൽ കുറഞ്ഞ പാഴ്സികളും ബുദ്ധരും ജൈനരും ജൂതരുമൊക്കെ സുരക്ഷിതരാണെന്നാണു കരുതുന്നത്. രാജ്യത്ത് 16 കോടി മുസ്‍ലിം സമുദായംഗങ്ങളുണ്ട്.

അത്രയും വലിയൊരു വിഭാഗത്തിന് അരക്ഷിതാവസ്ഥ ഉണ്ടാകേണ്ട കാര്യമില്ല. 600 വർഷം ഇന്ത്യ ഭരിച്ച സമുദായമാണിത്. അവർ എന്തുകൊണ്ട് ആരെ ഭയപ്പെടുന്നു എന്ന കാര്യം ചർച്ച ചെയ്യപ്പെടണം. ഒരുപക്ഷേ, മുഗൾ രാജാവ് ഔറംഗസേബ് പ്രചരിപ്പിച്ച വിഭജന മനസ്ഥിതി കൊണ്ടാകാം – കൃഷ്ണ ഗോപാൽ പറഞ്ഞു.

ലോകമെല്ലാം ഒരു കുടുംബം (വസുധൈവ കുടുംബകം), എല്ലാവരും സന്തുഷ്ടരായിരിക്കണം (സർവ ഭവന്തു സുഖിനോ) എന്നീ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാൻ പോലും അഭിവൃദ്ധിപ്പെടണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത് – അദ്ദേഹം കൂട്ടിച്ചേർത്തു.

മുഗൾ രാജകുമാരനും ഔറംഗസേബിന്റെ സഹോദരനുമായ ദാരാ ഷെഖോവിനെക്കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ ഗോപാൽ. 

ഔറംഗസേബ് ഭീകരതയുടെ അടയാളമായിരുന്നുവെങ്കിൽ സഹോദരൻ ദാരാ ഷെഖോവ് ദേശീയതയുടെ പ്രതീകമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‍വി സമ്മേളനത്തിൽ പറഞ്ഞു.

അക്രമവും അടിച്ചമർത്തലും മുഖമുദ്രയാക്കിയ ഔറംഗസേബിനെ ഒരു വിഭാഗം തീവ്രവാദികളും മതേതരവാദികളെന്നവകാശപ്പെടുന്ന ഇടതു ചരിത്രകാരന്മാരും മഹത്വവൽക്കരിക്കുകയാണെന്നും ഇത്തരം ചിന്താഗതിയാണ് ഐഎസ്ഐഎസ്, ജയ്ഷെ മുഹമ്മദ്, അൽ ഖായിദ, ലഷ്കർ തുടങ്ങിയ ഭീകരസംഘടനകൾക്കു ജന്മം കൊടുത്തതെന്നും നഖ്‍വി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com