sections
MORE

നേഹൽ മോദിക്കും ഇന്റർപോളിന്റെ അറസ്റ്റ് വാറന്റ്

HIGHLIGHTS
  • നീരവ് മോദിയുടെ സഹോദരനായ നേഹൽ ഇപ്പോൾ യുഎസിൽ
Nehal Modi, Nirav Modi
നേഹൽ മോദി, നീരവ് മോദി
SHARE

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്ക് വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെ സഹോദരനും കൂട്ടുപ്രതിയുമായ നേഹൽ ദീപക് മോദി(40)ക്കെതിരെ ഇന്റർപോളിന്റെ രാജ്യാന്തര അറസ്റ്റ് വാറന്റ്. നീരവ് മോദിയെ പണംകടത്തുന്നതിനു സഹായിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമാണ് ബൽജിയം സ്വദേശിയായ ഇയാൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചുമത്തിയിട്ടുള്ള കുറ്റം.

നേഹലിനെതിരെ കാലപരിധി വയ്ക്കാതെ 2 ജാമ്യമില്ലാ വാറന്റുകൾ മുംബൈ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്റർപോളിന്റെ റെ‍ഡ് കോർണർ നോട്ടിസ്. ഇന്റർപോളിൽ അംഗത്വമുള്ള 192 രാജ്യങ്ങളിൽ എവിടെ നിന്നും ഇയാൾ അറസ്റ്റ് ചെയ്യപ്പെടാം. ഇയാൾ ഇപ്പോൾ യുഎസിലുണ്ടെന്നാണ് സൂചന. 

കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്സിക്കും വേണ്ടി നേഹൽ പ്രവർത്തിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ നീരവ് മോദി ലണ്ടനിലെ ജയിലിലും മെഹുൽ ചോക്സി ആന്റിഗ്വയിൽ ഒളിവിലും കഴിയുകയാണ്. നീരവ് മോദി, സഹോദരി പുർവി മോദി, മറ്റൊരു കൂട്ടുപ്രതി മിഹിർ ബൻസാലി എന്നിവർക്കെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതാണ്. 

നേഹലിന്റെ ചുമതലയിൽ നടത്തിയിരുന്ന ട്വിൻഫീൽഡ് ഇൻവെസ്റ്റ്മെന്റ്സ്, ബെയ്‌ലി ബാങ്ക് ആൻഡ് ബിഡിൽ എന്നീ 2 സ്ഥാപനങ്ങൾക്ക് കടലാസ് കമ്പനികളിൽ നിന്ന് 5 കോടി ഡോളർ ലഭിച്ചെന്നായിരുന്നു ഇഡി കണ്ടെത്തിയത്. ബാങ്ക് വായ്പയിൽ നിന്ന് നീരവ് മോദി വകമാറ്റിയതാണ് ഈ തുക. നീരവ് മോദിക്കു വേണ്ടി ഇതാക്ക ട്രസ്റ്റിന്റെ ഉപദേഷ്ടാവായും നേഹൽ പ്രവർത്തിച്ചു. ഈ ട്രസ്റ്റിന് 3 കോടി ഡോളർ കൈമാറി. ഇതുപയോഗിച്ച് യുഎസിൽ രണ്ടിടത്ത് വസ്തു വാങ്ങി. കേസുണ്ടായതിനു പിന്നാലെ ഹോങ്കോങ്ങിൽ നിന്ന് 60 ലക്ഷം ഡോളറിന്റെ വജ്രം, 150 പെട്ടി പവിഴം, 35 ലക്ഷം യുഎഇ ദിർഹം, 50 കിലോ സ്വർണം എന്നിവ കടത്തി. സെർവറിലെയും മൊബൈൽ ഫോണുകളിലെയും ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു. 

മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ടിട്ടുള്ള സാമുവൽസ് ജ്വല്ലേഴ്സ്, ഡയംലിങ്ക് എന്നീ സ്ഥാപനങ്ങളുടെ ചമുതലക്കാരനായും നേഹൽ പ്രവർത്തിച്ചിരുന്നു. ഈ സ്ഥാപനങ്ങൾക്ക് ചോക്സിയുടെ കടലാസ് കമ്പനികളിൽ നിന്ന് 1.9 കോടി ഡോളർ ലഭിച്ചു.

English Summary: Arrest warrant against Nirav Modi's brother Nehal Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA