ADVERTISEMENT

ന്യൂഡൽഹി ∙ സ്റ്റേഷനുകളും പരിസരങ്ങളും മാലിന്യമുക്തമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടി സഹകരിക്കണമെന്ന് റെയിൽവേ. ഹരിതവൽക്കരണ പദ്ധതികൾ സംബന്ധിച്ച കർമ പദ്ധതിയിലാണ് തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങളും മറ്റും തീരുമാനിക്കുമ്പോൾ അതതു പ്രദേശത്തെ റെയിൽവേ സ്ഥാപനങ്ങളെക്കൂടി ഉൾക്കൊള്ളിക്കണമെന്ന് നിർദേശമുള്ളത്. പുറമ്പോക്കുകളിലെ കയ്യേറ്റവും മാലിന്യം തള്ളലും തടയാൻ മതിൽകെട്ടി സംരക്ഷിക്കാൻ റെയിൽവേ ബോർഡ് 650 കോടി രൂപ അനുവദിച്ചു. 2 വർഷത്തിനകം മതിലുകൾ പൂർത്തിയാക്കും.

റെയിൽവേ പരിസരങ്ങളിൽ മാലിന്യം തള്ളുന്നതു തടയാൻ എല്ലാ മേജർ റെയിൽവേ സ്റ്റേഷനുകളിലും 2 വർഷത്തിനകം സിസിടിവി ക്യാമറ ഉറപ്പാക്കുകയും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു സമിതികളുണ്ടാക്കുകയും ചെയ്യും. സ്റ്റേഷൻ തലത്തിൽ സ്റ്റേഷൻ മാസ്റ്റർ, ഡിവിഷൻ തലത്തിൽ എഡിആർഎം, മേഖലാ തലത്തിൽ എജിഎം എന്നിവർക്കായിരിക്കും ഉത്തരവാദിത്തം. തിരുവനന്തപുരം സെൻട്രൽ അടക്കം 37 സ്റ്റേഷനുകളാണ് ആദ്യം ഇക്കോ സ്മാർട് സ്റ്റേഷനുകളാക്കുന്നത്.

12 സ്റ്റേഷനുകൾക്ക് ഹരിത സർട്ടിഫിക്കറ്റ്

ന്യൂഡൽഹി ∙ രാജ്യത്തെ 12 റെയിൽവേ സ്റ്റേഷനുകളും 50 വർക്ക് ഷോപ്പുകളും പ്രൊഡക്‌ഷൻ യൂണിറ്റുകളും പ്രകൃതി സൗഹൃദ സ്ഥാപനങ്ങൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകൾ നേടിയതായി റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി പറഞ്ഞു. ഹരിത പദ്ധതികൾ നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ധാരണ പ്രകാരം റെയിൽവേയുടെ നിർമാണ കേന്ദ്രങ്ങളിലും വർക്‌ഷോപ്പുകളിലും ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ സിഐഐ സഹകരിക്കും. പാരമ്പര്യേതര ഊർജോൽപാദനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ പരിശീലനം നൽകും. സിഐഐ ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി റെയിൽവേ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com