ADVERTISEMENT

ന്യൂഡൽഹി / ബെംഗളൂരു ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കസ്റ്റഡി 17 വരെ നീട്ടി. 10 ദിവസത്തെ കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണു കോടതി നടപടി. പല ചോദ്യങ്ങളിൽ നിന്നും ശിവകുമാർ ഒഴിഞ്ഞു മാറിയെന്നും ചിലതിന് അപ്രസക്തമായ മറുപടിയാണ് നൽകിയതെന്നും ആരോപിച്ച ഇഡി, കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനിടെ, അമിത രക്തസമ്മർദത്തെ തുടർന്നു കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡി.കെ.ശിവകുമാറിനെ കാണാൻ സഹോദരനും എംപിയുമായ ഡി.കെ.സുരേഷിനും കോൺഗ്രസ് കർണാടക നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയ്ക്കും അനുമതി നിഷേധിച്ചു.

കണക്കിൽപ്പെടാത്ത 200 കോടിയിലേറെ രൂപയുടെയും 800 കോടി രൂപയുടെ ബെനാമി ഇടപാടുകളുടെയും വിവരമാണ് അന്വേഷണത്തിൽ ലഭ്യമായതെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം.നടരാജ് പറഞ്ഞു. ആരോഗ്യനില വളരെ മോശമായതിനാൽ കസ്റ്റഡി നീട്ടരുതെന്ന് ശിവകുമാറിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വാദിച്ചു. ദിവസം 10 മണിക്കൂർ എന്ന കണക്കിൽ 10 ദിവസം കൊണ്ട് 100 മണിക്കൂറോളം ചോദ്യം ചെയ്തതിനാൽ ജാമ്യം അനുവദിക്കണം.

ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച മറുപടി സമർപ്പിക്കാനും ചോദ്യം ചെയ്യും മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു പ്രഥമ പരിഗണന നൽകാനും കോടതി നിർദേശിച്ചു. താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും കൈവശമുള്ള എല്ലാ രേഖകളും കൈമാറാൻ തയാറാണെന്നും ശിവകുമാർ കോടതിയിൽ പറഞ്ഞു. സ്വന്തമായി 5 അക്കൗണ്ടുകളേയുള്ളു. എന്നാൽ ഇഡി പറയുന്നത് 317 അക്കൗണ്ട് ഉണ്ടെന്നാണെന്നും ആരോപിച്ചു. വാദത്തിനിടെ, ശിവകുമാറിനു വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിലൊരാൾ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം കേസുമായി ബന്ധമില്ലാത്തവരോടു പുറത്തേക്കു പോകാൻ കോടതി ആവശ്യപ്പെട്ടു. കള്ളപ്പണക്കേസിൽ മൂന്നിനാണു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com