ADVERTISEMENT

ചെന്നൈ∙ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് പൊട്ടിവീണു സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. പൊതു സ്ഥലങ്ങളിൽ ബാനറുകൾ ഉയർത്തുന്നതു നിരോധിച്ചുള്ള ഉത്തരവു കാര്യക്ഷമമായി നടപ്പാക്കാത്തതിൽ അതൃപ്തിയും അറിയിച്ചു.

എത്ര ലീറ്റർ രക്തം കൂടി ഒഴുകിയാൽ അധികാരികൾക്കു തൃപ്തിയാകും? ബാനർ വയ്ക്കുന്നവർക്കെതിരെ സിസിടിവി നിരീക്ഷിച്ചു നടപടി സ്വീകരിക്കാൻ എന്താണു തടസ്സം? രാജ്യത്തെ പൗരന് ഇതാണോ വില ? അണ്ണാ ഡിഎംകെ മുൻ കൗൺസിലർ എസ്.ജയഗോപാലിന് സ്വകാര്യ ചടങ്ങിന്റെ ബാനറുകൾ പൊതു സ്ഥലത്തു സ്ഥാപിക്കാൻ ആരാണ് അനുമതി നൽകിയത് ? രാഷ്ട്രീയ പാർട്ടികൾ നിയമത്തിന് അതീതമാണോ ? സർക്കാർ ഇതിനു മറുപടി നൽകണം, ഹൈക്കോടതി വ്യക്തമാക്കി.

അനധികൃത ബാനറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസ്വാമി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പള്ളിക്കരണിയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവ എൻജിനീയർ ശുഭശ്രീ (23) ആണു വ്യാഴാഴ്ച മരിച്ചത്. ബോർഡ് വീണു നിയന്ത്രണം വിട്ട സ്കൂട്ടർ പിന്നാലെ എത്തിയ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

ഫ്ലെക്സ് ബോർഡുകളും ബാനറുകളും സംബന്ധിച്ച് 19നു മുൻപു റിപ്പോർട്ട് നൽകാൻ കോർപറേഷനോടു കോടതി നിർദേശിച്ചു. ശുഭശ്രീയുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണം. തുക ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണം. ശുഭശ്രീയുടെ മരണം വിവാദമായതോടെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നു അണികൾക്കു നിർദേശം നൽകിയതായി ഡിഎംകെയും അണ്ണാഡിഎംകെയും ഹൈക്കോടതിയെ അറിയിച്ചു. ജയഗോപാലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com