ADVERTISEMENT

ന്യൂഡൽഹി ∙ മാസം 50,000 രൂപ വരെ ശമ്പളമുള്ള വനിതകൾക്കും ഇനി ഇഎസ്ഐ ചികിത്സാ ആനുകൂല്യം. പുരുഷന്മാരുടെ ശമ്പളപരിധി 21,000 രൂപയിൽ നിന്ന് വർധിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാൻ ഉപസമിതിയെ നിയോഗിക്കാനും ഇഎസ്ഐ (എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്) ബോർഡ് തീരുമാനിച്ചു.

എല്ലാ അംഗങ്ങളുടെയും അപകട അംഗവൈകല്യ, മരണാനന്തര ആനുകൂല്യങ്ങൾ 25 % വർധിപ്പിക്കും. ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ 450 സീറ്റുകൾ കൂടി അനുവദിക്കും; നിലവിലുള്ളത് 900 സീറ്റ്. ക്ലെയിം നടപടിക്രമങ്ങൾ നിലവിലുള്ള രീതിയിൽ തുടരും; മെഡിക്കൽ, സിക്ക്നെസ്, ആക്സിഡന്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ച് ക്ലെയിം സ്വീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ:

∙ തിരക്കു കുറഞ്ഞ ഇഎസ്ഐ ഡിസ്പെൻസറികളിൽ നാമമാത്ര ഫീസ് ഈടാക്കി അംഗങ്ങളല്ലാത്തവർക്കും ചികിത്സ; ആശുപത്രികളിൽ ഇതു നേരത്തേ തന്നെ തീരുമാനിച്ചിരുന്നു.

∙ ഇഎസ്ഐ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതു പഠിക്കാൻ സമിതി.

∙ അനൗദ്യോഗിക അംഗങ്ങളുടെ കാലാവധി സർക്കാർ തീരുമാനിക്കുമെന്ന ഭേദഗതി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടു.

ഇഎസ്ഐ പദ്ധതിയിൽ നിലവിൽ 16 % മാത്രമാണു സ്ത്രീ പങ്കാളിത്തം. ഇതു വർധിപ്പിക്കാനാണു ശമ്പളപരിധി കൂട്ടുന്നത്. ബോർഡ് അംഗം വി. രാധാകൃഷ്ണന്റെ നിർദേശപ്രകാരമാണ് പുരുഷന്മാരുടെ ശമ്പളപരിധി കൂട്ടുന്നതിനെക്കുറിച്ചു പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുന്നത്.

ഇപിഎഫിൽ ഇനി ഇ–നോമിനേഷനും

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് ഇ–നോമിനേഷൻ സൗകര്യം ഏർപ്പെടുത്തി. മെംബർ സേവാ പോർട്ടലിൽ ആധാർ ലിങ്ക് ചെയ്തവർക്കാണു സൗകര്യം. പോർട്ടലിൽ അപേക്ഷകന്റെ ഫോട്ടോയും ലഭ്യമായിരിക്കണം. അംഗത്തിന്റെ കുടുംബാംഗങ്ങളെയാണ് നോമിനിയായി വയ്ക്കാവുന്നത്; കുടുംബമില്ലെങ്കിൽ ഏതെങ്കിലും ഒരാളെ നിയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com