ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൗഡി മോദി ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച്  പ്രധാനമന്ത്രി  നരേന്ദ്ര മോദി. ‘ഹൗഡി  മോദി  (എങ്ങനെയുണ്ട് മോദി) എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും: ഭാരത് മേം സബ് അച്ഛാ ഹേ (ഇന്ത്യയിൽ എല്ലാം നന്നായി പോകുന്നു).’ പിന്നീട് മോദി വിവിധ ഇന്ത്യൻ ഭാഷകളിൽ ഇതേ ആശയം ആവർത്തിച്ചു. ‘എല്ലാം സൗഖ്യം’ എന്നു മലയാളത്തിലും പറഞ്ഞു.

മോദിയുടെ പ്രസംഗത്തിൽനിന്ന്: ഇവിടെ ലഭിച്ച വരവേൽപ് സങ്കൽപിക്കാവുന്നതിലുമേറെയാണ്. പ്രസിഡന്റ് ട്രംപ് വന്നത് എനിക്കു വലിയ പ്രതീക്ഷകൾ നൽകുന്നു. യുഎസ് സെനറ്റർമാർ ഇന്ത്യയെക്കുറിച്ചു പറഞ്ഞത് അമേരിക്കയിലെ ഇന്ത്യക്കാർക്കുള്ള ആദരം കൂടിയാണ്. ഇന്ത്യയിലെ ഓരോ പൗരനുമുള്ള ആദരമാണ്. ഹൗഡി മോദി എന്നാണു പേര്. പക്ഷേ മോദി തനിച്ച് ഒന്നുമല്ല. ഭാരതീയരുടെ നിർദേശമനുസരിച്ചു കാര്യങ്ങൾ ചെയ്യുന്ന ഒരു സാധാരണക്കാരൻ മാത്രം. 

വിവിധ ഭാഷകളാണു ഞങ്ങളുടെ സവിശേഷത. നൂറുകണക്കിനു ഭാഷകൾ ഒരുമിച്ചു മുന്നേറുന്നു. ഭാഷ മാത്രമല്ല, വിശ്വാസങ്ങളും ഒരുമിച്ചു മുന്നോട്ടു പോകുന്നു. നാനാത്വം ജനാധിപത്യത്തിന്റെ തറക്കല്ലാണ്; ശക്തിയും പ്രചോദനവുമാണ്. വികസനം എന്നതാണ് ഏറ്റവും വലിയ മന്ത്രം. സബ്കെ സാഥ് സബ്കാ വികാസ്. ലോകം മുഴുവൻ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡേറ്റ ലഭ്യമാകുന്ന രാജ്യം ഇന്ത്യയാണ്. ചെലവുകുറഞ്ഞ ഡേറ്റ– അതാണ് ഡിജിറ്റൽ ഇന്ത്യയുടെ സവിശേഷത.

പാസ്പോർട്ടിന് 3 മാസം എടുത്തിരുന്നത് ഇപ്പോൾ 1 ആഴ്ചയ്ക്കുള്ളിൽ കിട്ടും. ഇ–വീസ സേവനം, കമ്പനികൾക്ക് റജിസ്ട്രേഷൻ എന്നിവയെല്ലാം 24 മണിക്കൂറിനുള്ളി‍ൽ ലഭ്യം. ആദായനികുതി തിരിച്ചടവ് അനായാസമായി. കുറച്ചുനാൾ മുൻപ് 370 ാം വകുപ്പിനും വിട ചൊല്ലി. വികസനത്തിൽനിന്നു തടസ്സം സൃഷ്ടിച്ചിരുന്നത് എടുത്തുമാറ്റി. ഇപ്പോൾ തുല്യ അധികാരം എല്ലാവർക്കും. ഭീകരതയെ ഊട്ടിവളർത്തുന്നവരെ ലോകം മുഴുവൻ അറിയും. 

ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി. ഈ യുദ്ധത്തിൽ ട്രംപിന്റെ പിന്തുണയുണ്ട്. ട്രംപ് എന്നെ ‘ടഫ് നെഗോഷ്യേറ്റർ’ എന്നാണു വിളിക്കുന്നത്. അദ്ദേഹം പക്ഷേ, ‘ആർട് ഓഫ് ദ് ഡീലിൽ’ വളരെ മിടുക്കനാണ്. ഞാൻ അദ്ദേഹത്തിൽനിന്നു പഠിക്കുകയാണ്. ഇന്ത്യയിലേക്കു കുടുംബസമേതം വരാനും ക്ഷണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com